
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് ചില ഇളവുകള്‍ നല്കി പുനരാരംഭിക്കുന്നതിനു തീരുമാനമായതായി ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനുമുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കാന്‍ നിശ്ചയിച്ചിരുന്നു. ഇതിനെതിരെയുള്ള സമരം ടെസ്റ്റിന് ഭംഗം വരുത്തുകയുണ്ടായി. തുടര്‍ന്ന് യൂണിയനുകളുമായി ഗതാഗതമന്ത്രി നടത്തിയ ചര്‍ച്ചയില്‍, അവര്‍ നേരിടുന്ന പ്രയാസങ്ങള്‍ പരിഹരിക്കുന്നതിന്, നിര്‍ദ്ദേശങ്ങളില്‍ ചില ഇളവുകള്‍ നല്‍കിയാണ് ടെസ്റ്റ് പുനരാരംഭിക്കാന്‍ തീരുമാനമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.
നിലവില്‍ ലേണേഴ്സ് ലൈസന്‍സ് ലഭ്യമായതും ഡ്രൈവിംഗ് ടെസ്റ്റ് സ്ലോട്ട് ലഭിക്കേണ്ടതുമായ 2,24,972 അപേക്ഷകരാണ് ഉള്ളത്. പത്തു ലക്ഷത്തില്‍പ്പരം അപേക്ഷകള്‍ ഇത്തരത്തില്‍ കെട്ടിക്കിടക്കുന്നുവെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ വസ്തുതാ വിരുദ്ധമാണെന്ന് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
സ്ലോട്ട് ലഭ്യമാകുന്നതിനുള്ള അപേക്ഷകരുടെ പ്രായോഗിക ബുദ്ധിമുട്ടു പരിഹരിക്കുന്നതിന് കൂടുതല്‍ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി അധിക ടീമുകള്‍ ടെസ്റ്റ് നടത്തുന്നതിനായി രൂപീകരിക്കുന്നതാണ്. അതതു റീജിയണിലെ ആര്.ടി.ഒമാര്‍ സബ് ഓഫീസുകളിലെ ജോയിന്റ് ആര്.ടി.ഒമാരുമായി നിലവിലെ സ്ഥിതി വിലയിരുത്തി വേണ്ട നടപടികള്‍ അടിയന്തിരമായി കൈക്കൊള്ളുന്നതാണെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ വ്യക്തമാക്കി.
‘രാജ്യത്ത് ഡ്രൈവിംഗ് ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ അധീനതയിലും നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്റര്‍ തയ്യാറാക്കി പരിപാലിച്ചു വരുന്നതുമായ ‘സാരഥി’ എന്ന സോഫ്റ്റുവെയർ വഴിയാണ് നല്കി വരുന്നത്. സാങ്കേതിക കാരണങ്ങളാല്‍ മെയ് 16 മുതല്‍ പ്രവര്‍ത്തന ക്ഷമമല്ലാത്തതിനാല്‍ ലൈസന്‍സ് സംബന്ധമായ സേവനങ്ങള്‍ തടസപ്പെട്ടിട്ടുണ്ട്. ഇത് എത്രയും വേഗം പ്രവര്‍ത്തന സജ്ജമാക്കുന്നതിനു എന്‍.ഐ.സി ദില്ലിക്കു കത്ത് നല്‍കിയിട്ടുണ്ട്. സോഫ്റ്റുവെയർ പ്രവര്‍ത്തന സജ്ജമാകുന്നതോടെ നിലവിലെ പ്രതിസന്ധികള്‍ പരിഹരിക്കപ്പെടുമെന്നും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അറിയിച്ചു.
Last Updated May 17, 2024, 6:18 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]