മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർക്കെതിരെയുള്ള പ്രതിഷേധം കൂടുതൽ ശക്തമാക്കാനൊരുങ്ങി ഇന്ത്യ മുന്നണി. നവരാത്രി ആഘോഷങ്ങൾക്ക് ശേഷം വിവിധ തലത്തിലുള്ള സമരപരമ്പരകൾ സംഘടിപ്പിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി നവംബർ ഒന്നിന് ദില്ലി രാംലീല മൈതാനിയിൽ വമ്പൻ മഹാറാലി നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. മുന്നണിയിലെ മുഴുവൻ പ്രമുഖ നേതാക്കളുടെയും സാന്നിധ്യം ഈ റാലിയിൽ ഉറപ്പാക്കും.
ഇതിനു മുന്നോടിയായി ഒക്ടോബർ 25-ന് പ്രത്യേക പ്രതിഷേധ റാലിയും സംഘടിപ്പിക്കും. ഇതിനായി എല്ലാ എം.പിമാരോടും 24-ന് ദില്ലിയിൽ എത്തിച്ചേരാൻ ഔദ്യോഗിക നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇതിനു മുന്നോടിയായി ഇന്ത്യ മുന്നണിയുടെ അനൗപചാരിക യോഗവും ചേരും. എം.പിമാർ തങ്ങളുടെ സ്വാധീന മേഖലകളിൽ നിന്ന് പ്രാദേശികമായി ആളുകളെ ദില്ലിയിലേക്ക് എത്തിക്കണമെന്നാണ് നിർദ്ദേശം നൽകിയിട്ടുള്ളത്.
തുടർച്ചയായ സമരപരിപാടികളുടെ ഭാഗമായി 27-ന് സി.പി.ഐയുടെ നേതൃത്വത്തിലും പ്രതിഷേധം നടക്കും. ഇതിനിടെ, കഴിഞ്ഞ ദിവസം യൂത്ത് കോൺഗ്രസ്, എൻ.എസ്.യു, എസ്.എഫ്.ഐ, ഡിവൈഎഫ്.ഐ, ഐസ, എ.ഐ.എസ്.എഫ്, എ.ഐ.വൈ.എഫ് തുടങ്ങിയ വിവിധ വിദ്യാർത്ഥി-യുവജന സംഘടനകൾ കൊണാട്ട് പ്ലേസിൽ പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു.
ഏറ്റവും ഒടുവിൽ ഇന്ത്യ മുന്നണിയുടെ നേതൃത്വത്തിൽ സുപ്രീം കോടതിയിലേക്ക് ഹർജി സമർപ്പിക്കാൻ റാലിയും സംഘടിപ്പിച്ചിരുന്നു. അതിനിടെ, പ്രക്ഷോഭങ്ങൾക്കിടയിൽ പ്രതിപക്ഷ നിരയിൽ പുതിയ തർക്കങ്ങളും ഉടലെടുത്തിട്ടുണ്ട്.
സി.പി.ഐ (എം.എൽ) വിദ്യാർത്ഥി സംഘടനയായ ഐസ പ്രസിഡന്റ് നേഹ ബോറയ്ക്ക് അമിത പ്രാധാന്യം നൽകുന്നുവെന്നാരോപിച്ച് എൻ.എസ്.യുവിലും യൂത്ത് കോൺഗ്രസിലും പരസ്യമായ അമർഷം രൂപപ്പെട്ടിട്ടുണ്ട്. എൻ.എസ്.യു വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രവർത്തകർ കടുത്ത പ്രതിഷേധമാണ് പ്രകടിപ്പിച്ചത്.
പണിയെടുക്കാൻ മാത്രം വിധിക്കപ്പെട്ടവർ എന്ന അർത്ഥത്തിൽ ഗ്രൂപ്പിന്റെ പേര് “we the chottu” എന്ന് മാറ്റിയാണ് പ്രതിഷേധം രേഖപ്പെടുത്തിയത്. എൻ.എസ്.യു അധ്യക്ഷനെ പോലും നേതൃത്വം പരിഗണിക്കുന്നില്ലെന്ന് ഗ്രൂപ്പിൽ വിമർശനമുയർന്നു.
ഈ വിഷയത്തിൽ എൻ.എസ്.യു നേതാക്കൾ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ നേരിൽ കണ്ട് തങ്ങളുടെ അതൃപ്തി അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

