ന്യൂഡൽഹി∙
സമഗ്രവോട്ടർ പട്ടിക പരിഷ്കാരം (എസ്ഐആർ) സംബന്ധിച്ച് ഉയർന്ന വിവാദങ്ങൾക്ക് മറുപടിയുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ. എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷന് ഒരുപോലെയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘ഇന്ത്യൻ ഭരണഘടന അനുസരിച്ച്, 18 വയസ്സ് തികഞ്ഞ ഓരോ ഇന്ത്യൻ പൗരനും വോട്ടർമാരാകുകയും വോട്ട് ചെയ്യുകയും വേണം.
നിയമപ്രകാരം, എല്ലാ രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മിഷനിൽ റജിസ്റ്റർ ചെയ്യുന്നതിലൂടെയാണ് ജനിക്കുന്നത്. പിന്നെ എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വിവേചനം കാണിക്കാൻ കഴിയുക? തിരഞ്ഞെടുപ്പ് കമ്മിഷനെ സംബന്ധിച്ചിടത്തോളം എല്ലാവരും തുല്യരാണ്.
ഏതു രാഷ്ട്രീയ പാർട്ടിയിൽ പെട്ടവരായാലും, തിരഞ്ഞെടുപ്പ് കമ്മിഷൻ അതിന്റെ ഭരണഘടനാപരമായ കടമയിൽ നിന്ന് പിന്മാറില്ല.’’– മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
വോട്ടർ പട്ടികയിലെ എല്ലാ പോരായ്മകളും ഇല്ലാതാക്കാൻ വേണ്ടിയാണ് ബിഹാറിൽ എസ്ഐആർ നടപ്പാക്കിയത്. 1.6 ലക്ഷം ബൂത്ത് ലെവൽ ഏജന്റുമാർ (ബിഎൽഎ) ചേർന്നാണ് കരട് പട്ടിക തയാറാക്കിയത്. ഈ കരട് പട്ടിക തയാറാക്കുമ്പോൾ, എല്ലാ ബൂത്തിലും എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ബൂത്ത് ലെവൽ ഏജന്റുമാർ അത് പരിശോധിച്ച് ഉറപ്പുവരുത്തിയിരുന്നു.
ആകെ 28,370 അവകാശവാദങ്ങളും എതിർപ്പുകളും വോട്ടർമാർ സമർപ്പിച്ചു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാതിലുകൾ എല്ലാവർക്കും ഒരുപോലെ തുറന്നിരിക്കും. താഴെത്തട്ടിൽ, എല്ലാ വോട്ടർമാരും, എല്ലാ രാഷ്ട്രീയ പാർട്ടികളും, എല്ലാ ബൂത്ത് ലെവൽ ഓഫിസർമാരും സുതാര്യമായ രീതിയിൽ ഒരുമിച്ച് പ്രവർത്തിക്കുന്നുണ്ട്.
രാഷ്ട്രീയ പാർട്ടികളുടെ ജില്ലാ പ്രസിഡന്റുമാരുടെയും അവർ നാമനിർദേശം ചെയ്ത ബിഎൽഒമാരുടെയും സാക്ഷ്യപത്രങ്ങൾ സ്വന്തം പാർട്ടികളിലെ സംസ്ഥാന നേതാക്കളിലോ ദേശീയ നേതാക്കളിലോ എത്തുന്നില്ല. അല്ലെങ്കിൽ യാഥാർഥ്യത്തെ അവഗണിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്നത് ആശങ്കാജനകമാണ്.
ബിഹാറിലെ എസ്ഐആറിനെ പൂർണ വിജയമാക്കാൻ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്. ബിഹാറിലെ ഏഴു കോടിയിലധികം വോട്ടർമാർ തിരഞ്ഞെടുപ്പ് കമ്മിഷനൊപ്പം നിൽക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യതയെക്കുറിച്ചോ വോട്ടർമാരുടെ വിശ്വാസ്യതയെക്കുറിച്ചോ ഒരു ചോദ്യചിഹ്നവും ഉയർത്താൻ സാധിക്കില്ല’’– മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടുകൊള്ള ആരോപണത്തെയും തിരഞ്ഞെടുപ്പ് കമ്മിഷൻ വിമർശിച്ചു.
‘‘കുറച്ച് ദിവസങ്ങൾക്ക് മുൻപ് നിരവധി വോട്ടർമാരുടെ ചിത്രങ്ങൾ അവരുടെ അനുവാദമില്ലാതെ മാധ്യമങ്ങൾക്കു മുന്നിൽ പ്രദർശിപ്പിച്ചതായി നമ്മൾ കണ്ടു. അവ ഉപയോഗിച്ച് ആരോപണങ്ങൾ ഉന്നയിച്ചു.
അമ്മമാർ, മരുമക്കൾ, പെൺമക്കൾ എന്നിവരുൾപ്പെടെ ഏതെങ്കിലും വോട്ടറുടെ സിസിടിവി വിഡിയോകൾ തിരഞ്ഞെടുപ്പ് കമ്മിഷൻ പങ്കുവയ്ക്കണമെന്നാണോ പറയുന്നത്? വോട്ടർ പട്ടികയിൽ പേരുള്ളവർ മാത്രമേ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്തിട്ടുള്ളൂ. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയിൽ, ഒരു കോടിയിലധികം ജീവനക്കാർ, 10 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാർ, 20 ലക്ഷത്തിലധികം സ്ഥാനാർഥികളുടെ പോളിങ് ഏജന്റുമാർ എന്നിവർ പ്രവർത്തിക്കുന്നു.
ഇത്രയധികം ആളുകളുടെ മുന്നിൽ ഇത്രയും സുതാര്യമായ ഒരു പ്രക്രിയയിൽ, ഏതെങ്കിലും വോട്ടർക്ക് വോട്ട് മോഷ്ടിക്കാൻ കഴിയുമോ?’’– തിരഞ്ഞെടുപ്പ് കമ്മിഷൻ ചോദിച്ചു.
‘‘ചില വോട്ടർമാർക്കെതിരെ ഇരട്ട വോട്ട് ആരോപണം ഉന്നയിച്ചു.
തെളിവ് ചോദിച്ചപ്പോൾ മറുപടി ലഭിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷനോ മറ്റു വോട്ടർമാരോ ഇത്തരം വ്യാജ ആരോപണങ്ങളെ ഭയപ്പെടുന്നില്ല.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ തോളിൽ തോക്കു വച്ചിട്ട്
വോട്ടർമാരെ ലക്ഷ്യം വച്ചുള്ള രാഷ്ട്രീയം നടക്കുമ്പോൾ, തിരഞ്ഞെടുപ്പ് കമ്മീഷൻ അവർക്കൊപ്പം പാറപോലെ ഉറച്ചുനിൽക്കും. ദരിദ്രർ, ധനികർ, വയോധികർ, സ്ത്രീകൾ, യുവാക്കൾ എന്നിവരുൾപ്പെടെ എല്ലാ വിഭാഗങ്ങളിലെയും എല്ലാ മതങ്ങളിലെയും എല്ലാ വോട്ടർമാരുമായും തിരഞ്ഞെടുപ്പ് കമ്മിഷൻ യാതൊരു വിവേചനവുമില്ലാതെ സംരക്ഷിക്കും.
റിട്ടേണിങ് ഓഫിസർ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചതിനുശേഷവും, 45 ദിവസത്തിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾക്ക്
പോയി തിരഞ്ഞെടുപ്പിനെതിരെ ഹർജി ഫയൽ ചെയ്യാമെന്ന് നിയമത്തിൽ വ്യവസ്ഥയുണ്ട്. ഈ 45 ദിവസത്തെ കാലയളവിനുശേഷം അത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് അംഗീകരിക്കാനാവില്ല.
അത് കേരളത്തിലായാലും, കർണാടകയിലായാലും, ബിഹാറിലായാലും, തിരഞ്ഞെടുപ്പിനു ശേഷം ഇത്രയും നാളുകൾക്കു ശേഷം ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നതിന് പിന്നിലെ ഉദ്ദേശ്യം വോട്ടർമാരും രാജ്യത്തെ ജനങ്ങളും മനസ്സിലാക്കും.’’
മെഷീൻ റീഡബിൾ വോട്ടർ പട്ടിക നിരോധിച്ചതാണെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ ചൂണ്ടിക്കാട്ടി. 2019ൽ സുപ്രീം കോടതി വിധിക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഈ തീരുമാനം.
‘‘മെഷീൻ റീഡബിൾ വോട്ടർ പട്ടികയും സെർച്ച് ചെയ്യാവുന്ന വോട്ടർ പട്ടികയും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കണം. ഇപിഐസി നമ്പർ നൽകി നിങ്ങൾക്ക് തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റിൽ ലഭ്യമായ വോട്ടർ പട്ടിക തിരയാം.
ഇതു ഡൗൺലോഡ് ചെയ്യാനും കഴിയും. ഇതിനെ മെഷീൻ റീഡബിൾ എന്ന് വിളിക്കാനാകില്ല.
2019ൽ സുപ്രീം കോടതി ഈ വിഷയം ആഴത്തിൽ പഠിക്കുകയും മെഷീൻ റീഡബിൾ വോട്ടർ പട്ടിക നൽകുന്നത് വോട്ടറുടെ സ്വകാര്യതയെ ലംഘിക്കുമെന്ന് കണ്ടെത്തുകയും ചെയ്തിട്ടുണ്ട്. ഇതനുസരിച്ച് മെഷീൻ റീഡബിൾ വോട്ടർ പട്ടിക നിരോധിച്ചിരിക്കുന്നു.
സുപ്രീം കോടതി വിധിക്ക് ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഈ തീരുമാനം.’’– മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ പറഞ്ഞു.
ഇന്ത്യൻ ഭരണഘടന പ്രകാരം ഇന്ത്യൻ പൗരന്മാർക്ക് മാത്രമേ തിരഞ്ഞെടുപ്പിൽ വോട്ടു ചെയ്യാൻ സാധിക്കൂ. മറ്റു രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്ക് തിരഞ്ഞെടുപ്പുകളിൽ വോട്ടു ചെയ്യാൻ അവകാശമില്ല.
അത്തരം ആളുകൾ വോട്ടർ പട്ടികയിൽ കടന്നുകൂടിയിട്ടുണ്ടെങ്കിൽ എസ്ഐആർ പ്രക്രിയയിൽ, രേഖകൾ സമർപ്പിച്ച് അവർ തങ്ങളുടെ പൗരത്വം തെളിയിക്കേണ്ടതുണ്ട്. അന്വേഷണത്തിന് ശേഷം അവരുടെ പേരുകൾ നീക്കം ചെയ്യപ്പെടും.
ബംഗാളിലോ മറ്റു സംസ്ഥാനങ്ങളിലോ എപ്പോൾ എസ്ഐആർ നടപ്പിലാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ ആലോചിച്ച് തീരുമാനിക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ പറഞ്ഞു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

