ഷൊർണൂർ ∙ വീട്ടുപരിസരത്തു മൂന്നേക്കറിൽ നിറഞ്ഞുനിൽക്കുന്ന സമ്മിശ്ര കൃഷി, 10 പശുക്കൾ അടങ്ങിയ ഫാം, വിവിധ ഇനങ്ങളിലായി നൂറിലധികം കോഴികൾ, ഏക്കർ കണക്കിനു തീറ്റപ്പുൽക്കൃഷി, വീട്ടുമുറ്റത്തു നൂറോളം പഴവർഗങ്ങളും പുഷ്പങ്ങളും, കൂൺ, തേനീച്ച കൃഷികളും… രാവും പകലും
മാറ്റിവച്ച് 10 വർഷം കൊണ്ടു യുവകർഷക സ്വന്തമാക്കിയ നേട്ടങ്ങളാണിവ.
ജീവിതപ്രതിസന്ധികളോടു പൊരുതാൻ തനിക്കു ധൈര്യം തന്നതു കൃഷിയാണെന്ന് അഭിമാനത്തോടെ വിളിച്ചുപറയുകയാണു ഷൊർണൂർ കണയം സ്വദേശിനിയായ മഞ്ജു ഹരിദാസൻ (33). ഒരു പശുവിൽ നിന്നാണു കൃഷിയിലേക്കും ഫാമിലേക്കുമുള്ള വളർച്ച.
മഞ്ജുവിന്റെ വീടിനോടു ചേർന്നുള്ള 80 സെന്റ് സ്ഥലത്തും പാട്ടത്തിനെടുത്ത 2 ഏക്കർ സ്ഥലത്തുമായാണു സമ്മിശ്ര കൃഷി ചെയ്യുന്നത്.
പുലർച്ചെ 4ന് എഴുന്നേറ്റാൽ നേരെ പോകുന്നതു ഫാമിലേക്ക്. ഫാം വൃത്തിയാക്കി പാൽ കറന്നു സൊസൈറ്റിയിൽ എത്തിച്ച ശേഷം തോട്ടത്തിലേക്കിറങ്ങും.
ഇതിനിടയിൽ കോഴികളെ പരിപാലിക്കലും പശുക്കളെ മേയാൻ വിടലും. ഈ പണികൾക്കിടയിൽ വീട്ടുകാര്യങ്ങളും നോക്കും.
വൈകിട്ടു പശുക്കൾക്കുള്ള തീറ്റ കൊടുത്തു മറ്റു പണികളെല്ലാം കഴിഞ്ഞ ശേഷമേ കൂൺ ഹൗസിലേക്കു കടക്കൂ. രാത്രി 11 വരെ അവിടെയാണ്.
മഞ്ജു കൃഷി ചെയ്യുന്ന നാടൻ കൂണിന് ആവശ്യക്കാർ ഏറെയാണ്. ആവശ്യാനുസരണം വീടുകളിലും കടകളിലും കൂൺ എത്തിച്ചു നൽകുന്നുണ്ട്.
അച്ഛന്റെ മരണശേഷം കുടുംബം മുന്നോട്ടുപോകാനായി ഒൻപതാം ക്ലാസിൽ തുടങ്ങിയ പശു പരിപാലനത്തിൽ നിന്നാണു മഞ്ജു കൃഷിയുടെ ബാലപാഠങ്ങൾ പഠിച്ചത്.
ആ നാൾവഴികളെക്കുറിച്ചു മനസ്സൊന്നു പിടയാതെയോ കണ്ണൊന്നു നനയാതെയോ ഓർക്കാനാകില്ല എന്നാണു മഞ്ജു പറയുന്നത്. ഭർത്താവിന്റെയും മക്കളുടെയും പിന്തുണയാണു കൃഷിക്കുള്ള ഊർജം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

