കോൺഗ്രസ് നേതാവ് ബി ആർ എം ഷഫീറിന്റെ വിമർശനങ്ങൾക്ക് രൂക്ഷമായ ഭാഷയിൽ മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് അനൂപ് വി ആർ. സോഷ്യൽ മീഡിയയിലൂടെയാണ് അനൂപ് ഷഫീറിനെതിരെ കടന്നാക്രമണം നടത്തിയത്.
താൻ മുൻപ് പാർട്ടി പദവികളിൽ ഉണ്ടായിരുന്നില്ലെന്ന ഷഫീറിന്റെ പ്രസ്താവന നൂറ് ശതമാനം സത്യമാണെന്ന് പരിഹസിച്ച അനൂപ്, ഷഫീറിന്റെ രാഷ്ട്രീയ ഭൂതകാലവും സിപിഎം ബന്ധവും വിഷയമാക്കിയാണ് മറുപടി നൽകിയത്. താൻ കെഎസ്യു തൃശൂർ ജില്ലാ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന കാലത്ത്, പാർട്ടിയെ തള്ളിപ്പറഞ്ഞ് ഡിഐസിക്ക് വേണ്ടി പ്രചാരണ പരിപാടികളിൽ സജീവമായിരുന്നു ഷഫീർ എന്ന് അനൂപ് ഓർമ്മിപ്പിച്ചു.
തുടർന്ന് രാജീവ് ഗാന്ധി സ്റ്റഡി സർക്കിളിന്റെ സ്റ്റേറ്റ് ഇൻ ചാർജ് ആയി താൻ പ്രവർത്തിച്ച സമയത്ത്, ഷഫീർ സംഘടനയിലേക്ക് തിരികെ എത്തിയ സാഹചര്യത്തെയും അനൂപ് ചോദ്യം ചെയ്തു. കൂടാതെ, കോൺഗ്രസ് ഔദ്യോഗിക വക്താവായിരിക്കെ, സിപിഎം നേതാക്കളായ ഇ പി ജയരാജനെയും പി എ മുഹമ്മദ് റിയാസിനെയും പ്രശംസിച്ച് സിപിഎമ്മിലേക്ക് ചേക്കേറാൻ ഷഫീർ ശ്രമിച്ചതായി അനൂപ് ആരോപിച്ചു.
സിപിഎം നേതൃത്വം സ്വീകരിക്കാത്തതാണോ അതോ രാഷ്ട്രീയമായ അവ്യക്തതയാണോ അദ്ദേഹത്തെ വീണ്ടും കോൺഗ്രസ് ചാനൽ ചർച്ചകളിൽ എത്തിച്ചതെന്ന് വ്യക്തമാക്കണമെന്നും അനൂപ് ആവശ്യപ്പെട്ടു. താൻ ചാനൽ ചർച്ചകളിൽ പങ്കെടുക്കുമ്പോൾ ഒരിക്കലും പാർട്ടിയുടെ നയങ്ങൾക്കെതിരെ സംസാരിച്ചിട്ടില്ലെന്നും, സർക്കാരിനെ വിമർശിക്കുന്ന വിഷയത്തിൽ വി ഡി സതീശൻ ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് സ്വീകരിച്ച നിലപാടുകളാണ് തനിക്ക് മാതൃകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭീഷണികൾക്ക് വഴങ്ങില്ലെന്ന മുന്നറിയിപ്പോടെയാണ് അനൂപ് തന്റെ കുറിപ്പ് അവസാനിപ്പിച്ചത്. നേരത്തെ, അനൂപിന്റെ സംഘടനാ പ്രവർത്തനത്തെ ചോദ്യം ചെയ്തുകൊണ്ടും, അദ്ദേഹം പാർട്ടി പ്രതിനിധിയായി തുടരുന്നത് സിപിഎമ്മിന് ഗുണം ചെയ്യുമെന്നും ചൂണ്ടിക്കാട്ടി ബി ആർ എം ഷഫീർ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
പാർട്ടിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ പരസ്യമാക്കുന്നത് സർക്കാരിനെ പ്രതിരോധത്തിലാക്കുമെന്ന മുന്നറിയിപ്പും ഷഫീർ നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

