രാജസ്ഥാനിലെ സവായ് മാധോപുർ ജില്ലയിൽ പ്രവർത്തിക്കുന്ന സർക്കാർ സ്കൂളിൽ വിദ്യാർഥികളെ വിവസ്ത്രരാക്കി പരിശോധന നടത്തിയെന്ന ആരോപണത്തെത്തുടർന്ന് അധ്യാപികയ്ക്കെതിരെ നടപടി. ലിവാലി ഗ്രാമത്തിലെ ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്കൂളിലെ അധ്യാപികയായ സരസ്വതി മീണയെയാണ് അധികൃതർ സസ്പെൻഡ് ചെയ്തത്.
ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെത്തുടർന്ന്, അധ്യാപിക വിദ്യാർഥികളെ നിർബന്ധപൂർവം വസ്ത്രം മാറ്റിച്ചതായി നാട്ടുകാർ ആരോപിക്കുകയായിരുന്നു. എന്നാൽ, ഈ ആരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്ന് ജില്ലാ വിദ്യാഭ്യാസ വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.
വിദ്യാർഥികളുടെ ബാഗുകൾ പരിശോധിക്കുക മാത്രമാണ് ഉണ്ടായതെന്നും, കുട്ടികൾ തന്നെ ഈ വിവരം സ്ഥിരീകരിച്ചതായും സവായ് മധോപൂരിലെ ചീഫ് ഡിസ്ട്രിക്റ്റ് എജ്യുക്കേഷൻ ഓഫിസർ മീന കുമാരി ലസാരിയ അറിയിച്ചു. എങ്കിലും, സംഭവം വകുപ്പിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ച സാഹചര്യത്തിലാണ് സരസ്വതി മീണയ്ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതെന്ന് അധികൃതർ വ്യക്തമാക്കി.
“ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയിട്ടില്ല. ഈ സംഭവം വകുപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചതിനാൽ മീനയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്”– മീന കുമാരി ലസാരിയ പറഞ്ഞു.
സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണെന്നും, അധ്യാപിക നേരിട്ടല്ല പരിശോധനകൾ നടത്തിയതെന്നാണ് പ്രാഥമിക നിഗമനമെന്നും ഔദ്യോഗിക വൃത്തങ്ങൾ സൂചിപ്പിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

