
കേസ് ഒഴിവാക്കാൻ 2 കോടി കൈക്കൂലി: ഇ.ഡി അസി. ഡയറക്ടറെ ഒന്നാം പ്രതിയാക്കി റിമാൻഡ് റിപ്പോർട്ട്; 3 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊച്ചി∙ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കേസ് ഒഴിവാക്കാൻ രണ്ടു കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിൽ നാടകീയ വഴിത്തിരിവ്. കൊച്ചി ഓഫിസിലെ അസി. ഡയറക്ടർ ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കി കേസെടുത്തു. പരാതിക്കാരന്റെ പരാതിയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണെന്നും എറണാകുളം വിജിലൻസ് സൂപ്രണ്ട് എസ്.ശശിധരൻ വ്യക്തമാക്കി. ശേഖർ കുമാറിനെ ഒന്നാം പ്രതിയാക്കിയാണു കോടതിയിൽ വിജിലൻസ് റിമാൻഡ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. കേസിൽ മൂന്നുപേർ അറസ്റ്റിലായെങ്കിലും ഇ.ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തിട്ടില്ല. കൊച്ചി സ്വദേശിയായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത് വാരിയരെയും വിജിലൻസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ഇ.ഡി കേസ് ഒഴിവാക്കുന്നതിന് കൊട്ടാരക്കര സ്വദേശിയായ കശുവണ്ടി വ്യവസായിയിൽനിന്ന് രണ്ടു കോടി രൂപ കൈക്കൂലി വാങ്ങിയെന്ന കേസിൽ വ്യാഴാഴ്ച രണ്ടുപേർ അറസ്റ്റിലായിരുന്നു. എറണാകുളം തമ്മനം സ്വദേശി വിൽസൻ, രാജസ്ഥാൻ സ്വദേശി മുകേഷ് കുമാർ എന്നിവരായിരുന്നു അറസ്റ്റിലായത്. എന്നാൽ മൂവാറ്റുപുഴ വിജിലൻസ് പ്രത്യേക കോടതിയിൽ നൽകിയ റിമാൻഡ് റിപ്പോർട്ടിലാണ് ഇ.ഡി അസി. ഡയറക്ടറെ ഒന്നാം പ്രതിയാക്കിയിരിക്കുന്നത്.
ശേഖർ കുമാർ എങ്ങനെയാണു പരാതിക്കാരനോടു പെരുമാറിയത് എന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരിക്കുന്നത് ഇങ്ങനെ: 2024ൽ ലഭിച്ച സമൻസ് അനുസരിച്ച് ഇ.ഡി ഓഫിസിൽ ഹാജരായ വ്യവസായിയോടു വളരെ വർഷങ്ങൾക്കു മുൻപ് നടത്തിയ ബിസിനസിന്റെ രേഖകളും മറ്റും ഇ.ഡി അസി. ഡയറക്ടർ ശേഖർ കുമാർ ആവശ്യപ്പെട്ടു. അത് ഇല്ലാത്ത പക്ഷം കേസെടുത്ത് എല്ലാവരെയും ജയിലിലയയ്ക്കുമെന്നു പറഞ്ഞു മോശമായി പെരുമാറി. തുടർന്ന് രണ്ടാം പ്രതിയായ വിൽസൻ വ്യവസായിയെ വിളിച്ചു നേരിൽ കാണണമെന്ന് ആവശ്യപ്പെടുകയും രണ്ടു കോടി രൂപ, ഒന്നാം പ്രതിയായ അസി. ഡയറക്ടർക്കു നൽകിയാൽ കേസിൽനിന്ന് ഒഴിവാക്കിത്തരാമെന്നും ഇതിൽ രണ്ടു ലക്ഷം രൂപ മേയ് 5നു നേരിട്ടു നൽകണമെന്നും പറഞ്ഞു.
വ്യവസായിയുടെ സ്ഥാപനത്തിനു വിറ്റുവരവ് കൂടുതലാണെന്നും വ്യാജരേഖകള് ഉപയോഗിച്ചു കണക്കുകളിൽ കൃത്രിമം നടത്തിയെന്നും പണം കൂടുതലും വിദേശത്താണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു സമൻസിൽ പറഞ്ഞിരുന്നത്. തുടർന്ന് ഹാജരായപ്പോഴായിരുന്നു അസി. ഡയറക്ടർ മുൻ ഇടപാടുകളുടെ രേഖകൾ ആവശ്യപ്പെട്ടത്. പിന്നാലെ ഇ.ഡി ഓഫിസിലെ ഏജന്റാണെന്നു പറഞ്ഞ് വിൽസൻ വ്യവസായിയെ വിളിക്കുകയായിരുന്നു. ഇ.ഡി ഓഫിസുമായുള്ള ബന്ധം തെളിയിക്കുന്നതിന് പരാതിക്കാരന് വീണ്ടും സമൻസ് അയപ്പിക്കാമെന്നും ഇയാൾ വ്യക്തമാക്കുകയും തുടർന്ന് മേയ് 14നു വ്യവസായിക്ക് സമൻസ് ലഭിക്കുകയും ചെയ്തു.
വ്യവസായി വിജിലൻസിനെ നേരത്തെ തന്നെ കാര്യങ്ങൾ അറിയിച്ചിരുന്നു. കൈക്കൂലിയായി ആവശ്യപ്പെട്ട രണ്ടു കോടി രൂപയിൽ ആദ്യ ഗഡുവായി രണ്ടു ലക്ഷം രൂപ വ്യവസായി വിൽസന് കൈമാറുമ്പോൾ വിജിലൻസ് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് മുകേഷ് കുമാറിന്റെ പങ്ക് വെളിപ്പെട്ടത്. ഇയാൾ പറഞ്ഞിട്ടാണ് രണ്ടു ലക്ഷം രൂപ വാങ്ങിയത് എന്നും 50,000 രൂപ സ്വകാര്യ ബാങ്കിന്റെ മുംബൈ താനെ ബ്രാഞ്ചിലുള്ള അക്കൗണ്ടിലേക്ക് അയയ്ക്കാൻ വ്യവസായിയോടു പറഞ്ഞ കാര്യവും ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു എന്ന് റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. മുകേഷ് കുമാറിന് അനധികൃത ഇടപാടുകൾ ഉള്ളതായും ഇ.ഡി ഓഫിസിലെ ഉദ്യോഗസ്ഥരുമായി ചേർന്ന് മറ്റ് അനധികൃത ഇടപാടുകൾ പ്രഥമദൃഷ്ട്യാ വ്യക്തമായതായും റിമാന്ഡ് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവുമൊടുവിൽ അറസ്റ്റിലായ ചാർട്ടേഡ് അക്കൗണ്ടന്റ് രഞ്ജിത്താണു വ്യവസായിയുടെ പേരുവിവരങ്ങൾ വിൽസനു നൽകിയത് എന്നതിനു തെളിവു കിട്ടിയിട്ടുണ്ടെന്ന് എസ്.ശശിധരൻ വ്യക്തമാക്കി. ഇ.ഡി സമൻസ് അയയ്ക്കുന്നവരുടെ വിവരങ്ങൾ കരസ്ഥമാക്കി കൈക്കൂലിയുടെ മറവിൽ കേസുകൾ ഒത്തുതീർപ്പാക്കുന്ന ഇടപാടുകളാണു നടക്കുന്നത് എന്നാണ് വിജിലൻസ് സംശയം.