മുംബയ്: നടൻ സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി ആക്രമിച്ചതായി സംശയിക്കുന്നയാൾ പിടിയിൽ. അക്രമം നടന്ന് രണ്ട് രാത്രികൾ പിന്നിടുമ്പോഴാണ് അക്രമി എന്ന് സംശയിക്കുന്നയാൾ പിടിയിലാകുന്നത്. എന്നാൽ ഇയാൾ തന്നെയാണ് ബാന്ദ്രയിലെ വീട്ടിലെത്തി നടനെ മാരകമായി കുത്തി പരിക്കേൽപ്പിച്ചതെന്ന് ഉറപ്പില്ല. പൊലീസ് അക്കാര്യം സ്ഥിരീകരിച്ചിട്ടോ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടോ ഇല്ല. നിലവിൽ ബാന്ദ്ര പൊലീസ് സ്റ്റേഷനിലാണ് ഇയാൾ ഉള്ളത്.
സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചത്. കൃത്യത്തിന് ശേഷം ബാന്ദ്ര റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ഇയാൾ എത്തിയത്. തുടർന്ന് വസ്ത്രങ്ങൾ മാറി രക്ഷപ്പെടുകയായിരുന്നു. 20 അംഗങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. വാസായി, നാലാസൊപാര എന്നിവിടങ്ങളിൽ വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.
ബാന്ദ്രയിലെ സദ്ഗുരു ശരൺ എന്ന 12 നിലക്കെട്ടിടത്തിലെ സെയ്ഫിന്റെ വീട്ടിലാണ് മോഷണ ശ്രമത്തിനിടെ അക്രമം നടന്നത്. ആറ് തവണ നടന് കുത്തേറ്റു. വീടിനെ കുറിച്ച് നന്നായി മനസിലാക്കിയ അക്രമിക്ക് വീട്ടിനുള്ളിൽ നിന്നു തന്നെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. അക്രമിയുമായി നടന്ന സംഘട്ടനത്തിനിടെയാണ് സെയ്ഫിന് കുത്തേറ്റത്. തുടർന്ന് മൂത്ത മകനായ ഇബ്രാഹിം ആണ് ഓട്ടോയിൽ നടനെ ആശുപത്രിയിലെത്തിച്ചത്. നിലവിൽ സെയ്ഫ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]