
ആലപ്പുഴ: ആരെയും വ്യക്തിപരമായി അവഹേളിക്കുന്നതിനോട് യോജിക്കാൻ കഴിയില്ലെന്ന് മന്ത്രി സജി ചെറിയാൻ. താനാരെയും വ്യക്തിപരമായി പരിഹസിക്കാറില്ലെന്നും മന്ത്രി പറഞ്ഞു. നവകേരള സദസിന് ആലപ്പുഴയിലെത്തിയപ്പോഴാണ് ചലച്ചിത്ര അക്കാദമി വിവാദത്തിൽ ചലച്ചിത്ര അക്കാദമി വിവാദത്തിൽ മന്ത്രിയുടെ പ്രതികരണമുണ്ടായത്.
രഞ്ജിത്തിനെതിരെ നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. പരാതിക്കാരെ വിളിച്ചു വരുത്തി അവർക്ക് പറയാനുള്ളത് കേൾക്കും. രഞ്ജിത്തിനേയും കേൾക്കും. ഏത് സാഹചര്യത്തിലാണ് മോശം പരാമർശം നടത്തിയതെന്ന് ചോദിക്കും. വിഷയത്തിൽ നടപടി ഈ മാസം 23ന് ശേഷം ഉണ്ടായിരിക്കും. വ്യക്തിപരമായ തർക്കങ്ങളാണ് എല്ലാം. അക്കാദമിയുടെ പ്രവർത്തനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംവിധായകൻ രഞ്ജിത്തിനെതിരായ വിവാദത്തിൽ പ്രതികരണവുമായി ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗങ്ങൾ രംഗത്തെത്തിയിരുന്നു. ഏകാധിപതി എന്ന രീതിയിലാണ് രഞ്ജിത്തിൻറെ പെരുമാറ്റമെന്ന് അംഗങ്ങൾ പറയുന്നു. തങ്ങൾക്ക് ചെയർമാനോട് യാതൊരു വിധേയത്വവും ഇല്ലെന്നും അവർ വ്യക്തമാക്കി. ആറാം തമ്പുരാനായി ചെയർമാൻ നടക്കുന്നത് കൊണ്ടല്ല ഫെസ്റ്റിവൽ നടക്കുന്നതെന്നും കൗൺസിൽ അംഗം മനോജ് കാന പറഞ്ഞു. ചെയർമാൻ ആ സ്ഥാനത്ത് നടത്തുന്ന വലിയ അസംബന്ധങ്ങളും വിവരക്കേടുമാണ് മനോഹരമായി നടക്കുന്ന മേളയിലെ കല്ലുകടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“അക്കാദമിയുടെ ചെയർമാൻ സ്ഥാനത്ത് ഇരുന്നുകൊണ്ട് അക്കാദമിയെ തന്നെ അവഹേളിക്കുന്ന തരത്തിലുള്ള സംസാരമാണ് അദ്ദേഹം നടത്തിയത്. പ്രശ്നങ്ങളെ രമ്യമായി പരിഹരിക്കാനും അദ്ദേഹത്തിൻറെ തെറ്റുകൾ തിരുത്താനും സൗഹാർദ്ദപൂർവ്വം ശ്രമിച്ചിട്ടുണ്ട്. ആർട്ടിസ്റ്റുകളെ വളരെ മോശമായ രീതിയിൽ മ്ലേച്ഛമായ രീതിയിലാണ് അവഹേളിക്കുന്നത്. എല്ലാവരും ആർട്ടിസ്റ്റുകളാണ്. അവരവർക്ക് തങ്ങളുടേതായ പരിമിതികൾ ഉണ്ടാകാം. അതിനെ പുച്ഛിച്ച് തള്ളുന്ന സമീപനം ആണ് രഞ്ജിത്തിൻറേത്. ഇത് വരിക്കാശ്ശേരി മനയിലെ ലൊക്കേഷൻ അല്ല. ചലച്ചിത്ര അക്കാദമി ആണ്. ആ ധാരണ പോലും അദ്ദേഹത്തിനില്ല. രഞ്ജിത്ത് പത്രസമ്മേളനം വിളിക്കുമ്പോൾ ഞങ്ങൾ അടുത്തുണ്ട്. ഞങ്ങളെ വിളിക്കാനോ എന്താണ് പ്രശ്നമെന്ന് പറയാനോ അദ്ദേഹം തയ്യാറായില്ല. ഇത്തരത്തിലുള്ള ധിക്കാരപരമായ നടപടിയും കള്ളത്തരങ്ങളും ആണ് രഞ്ജിത്ത് പറയുന്നത്. സർക്കാരിനെ തന്നെ അപകീർത്തിപ്പെടുത്തുന്ന പെരുമാറ്റമാണിത്. ഞങ്ങൾ ആർക്കും എതിരല്ല. ചെയർമാന്റെ മാടമ്പിത്തരത്തിന് എതിരെയാണ് ഞങ്ങൾ നിലകൊള്ളുന്നത്. ഒന്നുകിൽ രഞ്ജിത് തന്റെ പരാമർശങ്ങൾ തിരുത്തണം. അല്ലെങ്കിൽ അദ്ദേഹത്തെ പുറത്താക്കണം”, എന്നും മനോജ് കാന പറഞ്ഞു.
അക്കൗദമി വിപുലപ്പെടുത്തും പുതിയ എക്സിക്യുട്ടീവ് മെമ്പർമാരെ കൊണ്ടുവരും എന്നൊക്കെയാണ് രഞ്ജിത്ത് പറയുന്നത്. ഇതൊന്നും തീരുമാനിക്കുന്നത് ചെയർമാൻ അല്ലെന്നും അതേററ്റിയും ചെർമാൻ അല്ലെന്നും കൗൺസിൽ അംഗങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു. ഐഎഫ്എഫ്കെ നടക്കുന്ന സാഹചര്യത്തിൽ, മേളയുടെ ശോഭ കെടുത്തുന്ന വിവാദത്തിലേക്ക് പോകാൻ തങ്ങൾക്ക് താല്പര്യം ഇല്ലെന്നായിരുന്നു നിലപാടെന്നും എന്നാൽ ചെയർമാൻറെ ഭാഗത്തുനിന്നും അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് നടക്കുന്നതെന്നും അംഗങ്ങൾ വ്യക്തമാക്കി.
Last Updated Dec 16, 2023, 2:53 PM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]