
മലപ്പുറം: മലപ്പുറം മഞ്ചേരിയിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ച ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മകളുടെ നിക്കാഹ് ഇന്ന്. മകളുടെ നിക്കാഹ് ഇന്ന് നടക്കാനിരിക്കെയാണ് മജീദിന്റെ അപ്രതീക്ഷമരണം. നിക്കാഹിന് പന്തലുയർന്ന വീട്ടിലേക്ക് മജീദിന്റെ മയ്യിത്തെത്തിയത് വീട്ടുകാർക്കും നാട്ടുകാർക്കും തീരാനോവായി മാറി. ഇന്നലെ വൈകുന്നേരമുണ്ടായ അപകത്തിൽ ഓട്ടോയിലുണ്ടായിരുന്ന അഞ്ചുപേരും മരിയ്ക്കുകയായിരുന്നു. നിലവിൽ മരിച്ചവരുടെ പോസ്റ്റ്മോർട്ടം നടപടികൾ പുരോഗമിക്കുകയാണ്.
ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദിന്റെ മൃതദേഹം രാവിലെ10 മണിക്ക് മഞ്ചേരി സെന്റ്രൽ ജുമാ മസ്ജിദിൽ ഖബറടക്കും. ഒരേ കുടുംബത്തിലുള്ള മുഹ്സിന, തസ്നീമ, റിൻഷ ഫാത്തിമ, റൈഹ ഫാത്തിമ്മ എന്നിവരുടെ മൃതദേഹം മഞ്ചേരി കിഴക്കേത്തല മദ്രസയിൽ പൊതുദർശനത്തിന് വെക്കും. മുഹ്സിനയുടെ ഖബറടക്കം മഞ്ചേരി താമരശ്ശേരി ജുമാമസ്ജിദിലും തസ്നീമയുടെയും രണ്ട് മക്കളുടെയും കബറടക്കം കാളികാവ് വെളളയൂർ ജുമാമസ്ജിദിലും നടക്കും. അതേസമയം, മഞ്ചേരി വാഹനാപകടത്തിൽ പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തി. റോഡിൻ്റെ അശാസ്ത്രീയതയാണ് അപകടകാരണമെന്ന് കാണിച്ച് അരീക്കോട് – മഞ്ചേരി റോഡ് നാട്ടുകാർ ഉപരോധിച്ചു. തുടർന്ന് അധികാരികളുമായുള്ള ചർച്ചയ്ക്ക് ശേഷം ഉപരോധം അവസാനിപ്പിക്കുകയായിരുന്നു. ഇന്നലെ വൈകുന്നേരമാണ് ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചത്.
മഞ്ചേരി കിഴക്കേതലയിൽ നിന്ന് പുല്ലൂരിലേക്ക് പോകുന്ന ഓട്ടോയാണ് അപകടത്തിൽ പെട്ടത്. ഓട്ടോ ഡ്രൈവർ അബ്ദുൽ മജീദ്, മുഹ്സിന സഹോദരി തസ്നീമ, തസ്നിമയുടെ മക്കളായ മോളി(7), റൈസ(3) എന്നിവരാണ് മരിച്ചത്. ഇവർക്ക് ഒപ്പമുണ്ടായിരുന്ന സാബിറ, മുഹമ്മദ് നിഷാദ്(11), ആസാ ഫാത്തിമ(4), മുഹമ്മദ് അസാൻ, റൈഹാൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇറക്കം ഇറങ്ങിവന്ന ബസ്സാണ് ഓട്ടോയിലേക്ക് ഇടിച്ചു കയറിയത്. പിഴവ് ആരുടെ ഭാഗത്താണെന്ന് ഇപ്പോൾ പറയാൻ ആവില്ലെന്ന് മലപ്പുറം എസ്പി പറഞ്ഞിരുന്നു. അപകടകാരണത്തെക്കുറിച്ച് അടുത്ത ദിവസം തന്നെ മോട്ടോർ വാഹന വകുപ്പുമായി ചേർന്ന് പൊലീസ് സംയുക്ത പരിശോധന നടത്തും. അപകടമുണ്ടാക്കിയ ബസിന്റെ ഡ്രൈവറെ മഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് തീർത്ഥാടകരെ മറ്റൊരു വാഹനത്തിൽ ശബരിമലയിലേക്ക് അയക്കുകയായിരുന്നു.
Last Updated Dec 16, 2023, 11:20 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]