

ആറുവയസുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ട്രെയിനില് നിന്ന് ചാടി ജീവനൊടുക്കി; സംഭവം വിചാരണയ്ക്ക് ശേഷം തിരികെ പോകുന്നവഴി; ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം ; രണ്ട് പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടിയാണ് പ്രതി ആത്മഹത്യ ചെയ്തത്
സ്വന്തം ലേഖകൻ
കൊല്ലം:ആറുവയസുകാരിയായ മകളെ മഴു കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതിയായ പിതാവ് ശ്രീമഹേഷ് ട്രെയിനിൽ നിന്ന് ചാടി ജീവനൊടുക്കി. മാവേലിക്കരയിൽ ഇക്കഴിഞ്ഞ ജൂണിലാണ് നക്ഷത്ര എന്ന കുട്ടിയെ പിതാവ് ക്രൂരമായി വകവരുത്തിയത്. വിചാരണക്ക് ശേഷം തിരുവനന്തപുരം സെൻട്രൽ ജയിലേക്ക് കൊണ്ടുപോകുന്നതിനിടെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷനിൽ വച്ചാണ് സംഭവം.
ഉച്ചയ്ക്ക് 2.50 നായിരുന്നു സംഭവം. മെമു ട്രെയിനിൽ നിന്നാണ് ചാടിയത്. മൃതദേഹം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരികെ തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടുപോകവേയാണ് സംഭവം. മൂത്രം ഒഴിക്കാൻ വേണ്ടിയെന്ന് പറഞ്ഞാണ് ഇയാൾ പോയത്. രണ്ട് പൊലീസുകാരെ തള്ളി മാറ്റി ട്രാക്കിലേക്ക് ചാടുകയായിരുന്നു. നക്ഷത്രയെ കൊലപ്പെടുത്തിയ തൊട്ടടുത്ത ദിവസം റിമാൻഡ് ചെയ്യപ്പെട്ട ശ്രീമഹേഷ് ജയിലിൽ വച്ച് ബ്ലെയ്ഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
| |
കഴിഞ്ഞ ജൂൺ ഏഴിനായിരുന്നു മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം ഉണ്ടായത്. പുന്നമൂട് ആനക്കൂട്ടിൽ വീടിന്റെ സിറ്റൗട്ടിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നക്ഷത്രയെ ഒരു സർപ്രൈസ് തരാമെന്ന് പറഞ്ഞ് ചരിച്ചു കിടത്തിയ ശേഷം കൈയിൽ ഒളിപ്പിച്ച മഴു ഉപയോഗിച്ച് ശ്രീമഹേഷ്, കൊലപ്പെടുത്തുകയായിരുന്നു. അപ്രതീക്ഷിതമായി അവിടേക്ക് കയറിച്ചെന്ന ശ്രീമഹേഷിന്റെ അമ്മ സുനന്ദയേയും ഇയാൾ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് ഇയാളെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
ആദ്യ ഭാര്യയുടെ മരണശേഷം പുനർവിവാഹിതനാകുവാനുള്ള ശ്രീ മഹേഷിന്റെ ശ്രമത്തിന് മകളായ നക്ഷത്ര തടസ്സമാകുന്നു എന്ന് കണ്ടതോടെയാണ് മകളെ അതിക്രൂരമായി കൊലപ്പെടുത്തിയത്. കുറ്റകൃത്യം നടന്നശേഷം ഉടൻതന്നെ അറസ്റ്റിലായ ശ്രീ മഹേഷിനെതിരായ കുറ്റപത്രം 76 ദിവസത്തിനുള്ളിൽ തന്നെ ഫയൽ ചെയ്തിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനായ മാവേലിക്കര എസ്എച്ച്ഒ സി.ശ്രീജിത് ആണ് കുറ്റപത്രം സമർപ്പിച്ചത്. ശ്രീ മഹേഷിനെതിരെയുള്ള കുറ്റപത്രം ഇന്നു വായിച്ചു കേൾപ്പിച്ചിരുന്നു. സാക്ഷി വിസ്താരം ജനുവരി 16 ന് ആരംഭിക്കാനായി കേസ് കോടതി മാറ്റിയിരുന്നു.
അമ്മയില്ലാതെ ജീവിച്ചിരുന്ന കുഞ്ഞുമായി എപ്പോഴും നടന്നിരുന്ന മഹേഷ് ക്രൂരമായാണ് മകളോട് പെരുമാറിയത്. സിറ്റൗട്ടിൽ ടാബിൽ ഗെയിം കണ്ട് കിടന്ന കുഞ്ഞിനെയാണ് ഇയാൾ വെട്ടി കൊലപ്പെടുത്തിയത്. ശ്രീമഹേഷ് വിദേശത്തായിരുന്നു. അച്ഛൻ ശ്രീമുകുന്ദൻ തീവണ്ടിതട്ടി മരിച്ചതിനുശേഷമാണു നാട്ടിലെത്തിയത്. ശ്രീമഹേഷിന്റെ രണ്ടാംവിവാഹം പൊലീസ് ഉദ്യോഗസ്ഥയുമായി ഉറപ്പിച്ചിരുന്നു. എന്നാൽ, ഇയാളുടെ സ്വഭാവ വൈകൃതത്തെക്കുറിച്ചറിഞ്ഞ പെൺവീട്ടുകാർ അതിൽനിന്നു പിന്മാറിയിരുന്നു. അതിനുശേഷം ശല്യം തുടർന്നതോടെ ശ്രീമഹേഷിനെതിരേ പൊലീസ് കേസെടുത്തിരുന്നു. മുള്ളിക്കുളങ്ങര ഗവ. എൽ.പി.എസ്. ഒന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു നക്ഷത്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]