തൃശൂർ: നഗരത്തിലെ പ്രമുഖ ഷോപ്പിൽ നിന്ന് ലക്ഷങ്ങളുടെ ക്യാമറകൾ മോഷ്ടിച്ച കേസിൽ യുവാവ് അറസ്റ്റിൽ. വയനാട് മാനന്തവാടി സ്വദേശിയും നിലവിൽ എറണാകുളം വല്ലാർപാടത്ത് താമസക്കാരനുമായ കുളത്തിങ്കൽ വീട്ടിൽ ഫൈസൽ (35) ആണ് പിടിയിലായത്.
ഇയാളെക്കുറിച്ച് newskerala.net ന് ലഭിച്ച വിവരങ്ങൾ പ്രകാരം, ഫൈസൽ സ്ഥിരം മോഷ്ടാവാണ്. മോഷ്ടിക്കുന്ന ക്യാമറകൾ ഗൂഗിളിൽ സെർച്ച് ചെയ്ത് കണ്ടെത്തുന്ന കടകളിൽ വിൽക്കുകയും, പിന്നീട് അതേ കടകളിൽത്തന്നെ മോഷണം നടത്തുകയുമാണ് ഇയാളുടെ പതിവ് രീതി.
മോഷ്ടിച്ച ക്യാമറകൾ വിൽക്കാനെന്ന വ്യാജേന കടകളിലെത്തുന്ന ഫൈസൽ, കടയും പരിസരവും നിരീക്ഷിച്ച് മനസ്സിലാക്കിയ ശേഷം അവിടെത്തന്നെ മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു. യാതൊരു തുമ്പുമില്ലാതിരുന്ന കേസിൽ വെറും അഞ്ച് ദിവസത്തിനകം പ്രതിയെ പിടികൂടിയത് തൃശൂർ സിറ്റി പോലീസിന്റെ അന്വേഷണ മികവിന്റെ തെളിവായി.
തൃശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശമുഖിന്റെ നിർദ്ദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘവും (എസ്എജിഒസി), തൃശൂർ ഈസ്റ്റ് പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഈ മാസം 10-ന് രാത്രിയായിരുന്നു കേസിനാസ്പദമായ മോഷണം.
നഗരത്തിലെ ഷോപ്പിൽ നിന്ന് ക്യാമറകളും ലെൻസുകളുമടക്കം ഏകദേശം 14 ലക്ഷം രൂപയുടെ സാധനങ്ങളാണ് നഷ്ടപ്പെട്ടത്. പുലർച്ചെ സിസിടിവി ബന്ധം വിച്ഛേദിക്കപ്പെട്ടത് ശ്രദ്ധയിൽപ്പെട്ട
ഉടമ, സുരക്ഷാ ജീവനക്കാരനെ അറിയിച്ചെങ്കിലും അസ്വാഭാവികമായി ഒന്നും കണ്ടെത്താനായില്ല. രാവിലെ കട
തുറക്കാനെത്തിയപ്പോഴാണ് ഷട്ടർ തകർത്ത നിലയിൽ കണ്ടത്. ഉടൻ തന്നെ തൃശൂർ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയും പ്രത്യേക സംഘം അന്വേഷണം ആരംഭിക്കുകയുമായിരുന്നു.
ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലും, സമീപത്തെ 150-ഓളം സിസിടിവി ക്യാമറകൾ പരിശോധിച്ചുമാണ് പോലീസ് പ്രതിയിലേക്ക് എത്തിയത്. സമാനമായ കേസുകളിലെ പ്രതികളെക്കുറിച്ചുള്ള വിവരശേഖരണവും നിർണായകമായി.
പോലീസിന്റെ കണ്ണുവെട്ടിക്കാൻ ഫൈസൽ പല മുൻകരുതലുകളും എടുത്തിരുന്നു. തൊപ്പിയും മാസ്കും ഫുൾകൈ ഷർട്ടും ധരിച്ചാണ് ഇയാൾ മോഷണത്തിനെത്തിയത്.
തെളിവ് നശിപ്പിക്കുന്നതിനായി, കൃത്യത്തിന് ശേഷം ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഷൂ, ഗ്ലൗസ് എന്നിവ സമീപത്തെ പറമ്പിൽ ഉപേക്ഷിച്ച ശേഷമാണ് ഇയാൾ രക്ഷപ്പെട്ടത്. മോഷ്ടിച്ച ക്യാമറകളിൽ ഒരു ഭാഗം ഇയാൾ സമീപത്തെ ഒരു വീടിന്റെ മോട്ടോർ ഷെഡ്ഡിൽ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി.
തുടർന്നുനടന്ന അന്വേഷണത്തിൽ പ്രതിയുടെ എറണാകുളത്തെ താമസസ്ഥലത്തെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചു. പോലീസ് അവിടെയെത്തിയെങ്കിലും വീട് പൂട്ടിയ നിലയിലായിരുന്നു.
പിന്നീട് നടത്തിയ തന്ത്രപരമായ നീക്കത്തിലൂടെ, എറണാകുളത്തുനിന്ന് തൃശൂരിലേക്ക് വരുന്ന വഴിമധ്യേ പ്രതിയെ അന്വേഷണ സംഘം പിടികൂടുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

