ഡൽഹിയിൽ നടന്നുവരുന്ന പ്രതിപക്ഷ പ്രതിഷേധങ്ങളുടെ ഭാഗമായി നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ, അവരെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങളൊന്നും ലഭ്യമല്ലെന്ന് ആൾ ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷൻ (ഐസ) വ്യക്തമാക്കി. ഗ്യാനേഷ് കുമാർ രാജി ആവശ്യപ്പെട്ട് സിജെപിയും വിവിധ വിദ്യാർഥി സംഘടനകളും ചേർന്ന് ആഹ്വാനം ചെയ്ത മാർച്ചിൽ പങ്കെടുക്കാനായി മണ്ഡി ഹൗസ് ഭാഗത്തേക്ക് നീങ്ങുന്നതിനിടയിലാണ് നേഹ ബോറ പൊലീസ് കസ്റ്റഡിയിലായത്.
കസ്റ്റഡിയിലെടുത്ത ശേഷം നേഹയെ ആദ്യം മംഗോൾപുരിയിലെ ആന്റി നാർക്കോട്ടിക് ടാസ്ക് ഫോഴ്സ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. പിന്നീട് അവിടെനിന്ന് കറുത്ത ഗ്ലാസുകൾ ധരിപ്പിച്ച ഔദ്യോഗികമല്ലാത്ത വാഹനത്തിൽ മറ്റെങ്ങോട്ടോ മാറ്റിയെന്നാണ് സഹപ്രവർത്തകരുടെ ഗുരുതര ആരോപണം.
നേഹയെ നേരിൽ കാണാനോ അവരുമായി ആശയവിനിമയം നടത്താനോ അഭിഭാഷകർക്കും മറ്റ് സംഘടനാ ഭാരവാഹികൾക്കും പൊലീസ് അനുമതി നിഷേധിച്ചിരിക്കുകയാണ്. കൂടാതെ, അവരുടെ മൊബൈൽ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ടെന്ന് പ്രവർത്തകർ അറിയിച്ചു.
യൂണിഫോം ധരിക്കാത്ത ചില പുരുഷന്മാരാണ് ബസിൽവെച്ച് നേഹയെ കസ്റ്റഡിയിൽ എടുത്തതെന്നും, അവരുടെ സുരക്ഷയെക്കുറിച്ച് കടുത്ത ആശങ്കയുണ്ടെന്നും ഐസ കൂട്ടിച്ചേർത്തു. നേഹ ബോറയ്ക്ക് പുറമേ പ്രക്ഷോഭത്തിന് നേതൃത്വം നൽകിയ സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെയും സമാനമായ രീതിയിൽ പൊലീസിന്റെ കസ്റ്റഡിയിലാണ്.
ഇരുവരെയും പാർപ്പിച്ചിരിക്കുന്ന സ്ഥലം രഹസ്യമാക്കി വെക്കുന്നതിനെതിരെയും യാതൊരു വിവരവും പുറത്തുവിടാത്തതിനെതിരെയും പ്രതിഷേധക്കാർക്കിടയിൽ ശക്തമായ അമർഷമാണ് നിലനിൽക്കുന്നത്. അതേസമയം, ക്രമസമാധാന നില ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ഡൽഹി പൊലീസിന്റെ ഔദ്യോഗിക വിശദീകരണം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

