ലോകപ്രശസ്തമായ മൈസൂർ ദസറയുടെ ഉദ്ഘാടനത്തിനു വേണ്ടി മുഖ്യാതിഥിയായി ക്ഷണിക്കപ്പെട്ട ആദ്യ മുസ്ലീം യുവതിയാണ് ബാനു മുഷ്താഖ്.
ബുക്കർ ഇന്റർനാഷണൽ അവാർഡ് ജേതാവായ ബാനു മുഷ്താഖ് കന്നഡ സാഹിത്യകാരിയാണ്. 2017ൽ ദസറ ഉദ്ഘാടനം ചെയ്ത പ്രശസ്ത കവി കെ.എസ് നിസാർ അഹമ്മദിന് ശേഷം ഉദ്ഘാടനത്തിനായി രണ്ടാമത് തെരഞ്ഞെടുക്കുന്ന മുസ്ലീം വ്യക്തിയാണ് ബാനു മുഷ്താഖ്.
കൂടാതെ ദസറ ഉദ്ഘാടനം ചെയ്യുന്ന അഞ്ചാമത്തെ വനിതാ എന്ന പ്രത്യേകതെയും ബാനു മുഷ്താഖിനുണ്ട്. 1948ൽ കർണാടകയിലെ ഹസ്സനിലാണ് ബാനു മുഷ്താഖ് ജനിച്ചത്.
എട്ട് വയസ്സുള്ളപ്പോൾ കന്നഡ മീഡിയം കോൺവെന്റ് സ്കൂളിൽ ചേർന്നു. പിന്നീട് തന്റെ സാഹിത്യ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായി മാറിയ കന്നഡ ഭാഷയിൽ പ്രാവീണ്യം നേടി.
സ്കൂൾ കാലത്ത് തന്നെ എഴുതാൻ തുടങ്ങിയ ബാനു ജീവിത പ്രതിസന്ധികളോട് പൊരുതി ഉന്നത വിദ്യാഭ്യാസം നേടി. 26-ാം വയസ്സിൽ വിവാഹിതയായ ബാനു മുഷ്താഖ് 27-ാം വയസ്സിൽ അവരുടെ ആദ്യ ചെറുകഥ പ്രസിദ്ധീകരിച്ചു.
വിവാഹ ജീവിതം, പ്രസവാനന്തര വിഷാദം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഈ സമയത്ത് നേരിടേണ്ടതായി വന്നു. ഒരിക്കൽ ആത്മഹത്യ ചെയ്യാൻ പോലും അവർ ശ്രമിച്ചു. 2025 മെയ് മാസത്തിൽ ഇന്റർനാഷണൽ ബുക്കർ സമ്മാനം നേടിയ അവരുടെ പ്രശസ്ത ചെറുകഥാ സമാഹാരമായ ‘ഹൃദയ വിളക്കി’ൽ (Heart Lamp) ബാനു, തന്റെ ജീവിത പോരാട്ടാനുഭവങ്ങൾ പങ്കുവെക്കുന്നുണ്ട്.
കർണാടക സാഹിത്യ അക്കാദമി അവാർഡ്, ദാന ചിന്താമണി അത്തിമാബ്ബെ അവാർഡ് എന്നിവയുൾപ്പെടെയുള്ള പ്രധാന ബഹുമതികളും ബാനു മുഷ്താഖ് സ്വന്തമാക്കിയിട്ടുണ്ട്. ലങ്കേഷ് പത്രികയിൽ പത്രപ്രവർത്തകയായും ബാനു ജോലി ചെയ്തിട്ടുണ്ട്.
പിന്നീട് നിയമം പഠിക്കുകയും അതിനോടൊപ്പം തന്നെ എഴുത്ത് തുടരുകയും ചെയ്തു. സാഹിത്യത്തിലൂടെ സാമൂഹിക പരിഷ്കരണത്തിനായി വാദിച്ച ബാനു ബന്ദയ പ്രസ്ഥാനത്തിൽ സജീവമായിരുന്നു.
മുസ്ലീം സ്ത്രീകൾക്ക് പള്ളികളിൽ പ്രവേശനം നൽകുന്നത് ഉൾപ്പെടെയുള്ള സ്ത്രീകളുടെ അവകാശങ്ങളെ പരസ്യമായി പിന്തുണച്ചതിന് നിരവധി ഭീഷണികൾ നേരിടേണ്ടി വന്നിട്ടുണ്ട്. കന്നഡയിൽ ആറ് ചെറുകഥാ സമാഹാരങ്ങൾ, ഒരു നോവൽ, ഉപന്യാസങ്ങൾ, കവിതകൾ തുടങ്ങിയവ ബാനു രചിച്ചിട്ടുണ്ട്.
‘ഹൃദയ വിളക്ക്’ ( Heart Lamp) ബാനുവിന്റെ ആദ്യത്തെ ഇംഗ്ലീഷ് വിവർത്തനമാണ്. ഇത് ഉറുദു, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിലുമുണ്ട്.
അതേസമയം ദസറ ഉദ്ഘാടനത്തിനായി ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെ ചൊല്ലി കർണാടകയിൽ വിവാദം ഉയർന്നിരുന്നു. മതവിശ്വാസമില്ലാത്ത ഒരാൾ മതപരമായ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് അംഗീകരിക്കാനാകില്ലെന്ന് ബിജെപിയും ഹൈന്ദവ സംഘടനകളും തുറന്നടിച്ചു.
മുഖ്യാതിഥിയായി ബാനുവിനെ ക്ഷണിച്ച കർണാടക സർക്കാരിന്റെ നടപടിയെയും ചോദ്യം ചെയ്താണ് ബിജെപിയും ഹൈന്ദവ സംഘടനകളും മുന്നോട്ട് വന്നത്. തുടർന്ന് മൈസൂരിൽ നിന്നുള്ള മുൻ ബിജെപി എംപി പ്രതാപ് സിംഹ കർണാടക ഹൈക്കോടതിക്ക് ഹർജി നൽകുകയും, ഇത് കോടതി തള്ളുകയും ചെയ്യുകയായിരുന്നു.
സെപ്റ്റംബർ 22 മുതൽ ഒക്ടോബർ 2 വരെയാണ് ഈ വർഷത്തെ ദസറ ഉത്സവം നടക്കുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]