കോഴിക്കോട് എലത്തൂരില്‍ കാര്‍ യാത്രികരെ തടഞ്ഞുനിര്‍ത്തി ആക്രമിച്ച് പണവും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്ത കേസില്‍ രണ്ട് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് പോലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചയാളും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കോഴിക്കോട് എലത്തൂര്‍ ചെട്ടികുളം സ്വദേശി ഇരിക്കാലിപ്പറമ്പ് പ്രവീണ്‍ (26), കൂട്ടാളി തെക്കേ കുന്നത്ത് മുഹമ്മദ് നിയാസ് (26) എന്നിവരെയാണ് എലത്തൂര്‍ പോലീസ് പിടികൂടിയത്.
കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. എലത്തൂര്‍ സ്വദേശി മുഹമ്മദ് മര്‍ഷൂക്കും സഹോദരനും കാറില്‍ പാവങ്ങാട് ഭാഗത്തു നിന്നും പൂളാടിക്കുന്ന് ഭാഗത്തേക്ക് യാത്ര ചെയ്യവേയാണ് ആക്രമണവും മോഷണവും ഉണ്ടായത്.
പാവങ്ങാട് യു.പി സ്കൂളിന് മുന്‍വശത്തുവെച്ച് പ്രതികള്‍ മറ്റൊരു കാറിലെത്തി മര്‍ഷൂക്ക് സഞ്ചരിച്ച കാറിന്റെ പിന്നില്‍ ഇടിപ്പിച്ച് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കാറില്‍ നിന്നിറങ്ങിയ മര്‍ഷൂക്കിന്റെ സഹോദരന്റെ പോക്കറ്റിലുണ്ടായിരുന്ന 13,000 രൂപയും 33,000 രൂപ വിലയുള്ള മൊബൈല്‍ ഫോണും സംഘം ബലമായി കവര്‍ച്ച ചെയ്യുകയായിരുന്നു.
സംഭവത്തിന് ശേഷം ഇരുവരും നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ എലത്തൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ചെട്ടികുളം ജെട്ടി റോഡിന് സമീപത്തു വെച്ചാണ് പ്രവീണിനെയും നിയാസിനെയും പോലീസ് കസ്റ്റഡിയിലെടുത്തത്.
അതിനിടെ പോലീസിനെ ആക്രമിക്കാന്‍ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ചാണ് കീഴ്പ്പെടുത്തിയത്. തമിഴ്നാട് മധുര ജില്ലയിലെ സെല്ലൂര്‍ പോലീസ് രജിസ്റ്റര്‍ ചെയ്ത തട്ടിപ്പ് കേസില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു മുഖ്യപ്രതിയായ പ്രവീണ്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

