
ചെന്നൈ: നടന് വിശാല്‍ താന്‍ നായകനായ രത്നം എന്ന ചിത്രത്തിന്റെ പ്രമോഷനിലാണ് ഇപ്പോള്‍. ഇതിനിടയില്‍ തമിഴ് സിനിമാ വ്യവസായത്തില്‍ സിനിമ റിലീസുകളില്‍ അടക്കം അന്യായമായ രീതികള്‍ നടക്കുന്നതായി ആരോപിക്കുകയണ് താരം. ചിലര്‍ അവരുടെ വ്യക്തിപരമായ നേട്ടങ്ങൾക്കായി സിനിമ രംഗത്തെ കൂട്ടായ്മകള്‍ക്ക് മുകളില്‍ അനാവശ്യ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുന്നതായും വിശാല്‍ ആരോപിച്ചു.
നടനും, സംസ്ഥാന മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ സ്ഥാപിച്ച റെഡ് ജയൻ്റ് മൂവീസ് തങ്ങളുടെ ചിത്രങ്ങള്‍ക്ക് മാത്രം നേട്ടമുണ്ടാക്കാൻ തീയറ്റര്‍ റിലീസുകളില്‍ അടക്കം കൃത്രിമം കാണിക്കുകയാണെന്നാണ് വിശാൽ പേരുകള്‍ സൂചിപ്പിക്കാതെ കുറ്റപ്പെടുത്തിയത്. മാർക്ക് ആൻ്റണിയുടെ റിലീസിനിടെ താൻ വളരെയധികം സമ്മർദ്ദം നേരിട്ടെന്നും എന്നാൽ വഴങ്ങാൻ തയ്യാറായില്ലെന്നും വിശാല്‍ പറഞ്ഞു.
“റെഡ് ജയൻ്റ് മൂവീസിലെ ഒരു വ്യക്തിയുമായി എനിക്ക് വലിയ ഏറ്റുമുട്ടലുണ്ടായി. തമിഴ് സിനിമ ആരും സ്വന്തമാക്കി വച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും അവകാശപ്പെട്ടാൽ അവർ വ്യവസായത്തിൽ വിജയിക്കില്ല. ആ വ്യക്തിയെ എനിക്ക് നന്നായി അറിയാം. സത്യത്തിൽ ആയാളെ ഈ രംഗത്തേക്ക് ഞാനാണ് പരിചയപ്പെടുത്തിയത്. 2006 ല്‍ സണ്ടക്കോഴി സമയത്ത് അയാളെ ഉദയനിധിക്ക് പരിചയപ്പെടുത്തിയത് ഞാനാണ്
അയാള്‍ എന്നെ വിളിച്ച് എൻ്റെ സിനിമകളുടെ റിലീസ് മാറ്റിവെക്കാൻ ആവശ്യപ്പെട്ടപ്പോൾ എനിക്ക് അത് ദഹിച്ചില്ല. 65 കോടി രൂപ കടം വാങ്ങി സെപ്തംബർ 15 ന് വിനായഘ ചതുര്ദ്ദിക്ക് ചിത്രം റിലീസ് ചെയ്യുമെന്ന് വളരെ മുമ്പുതന്നെ പ്രഖ്യാപിച്ചിരുന്നു ” വിശാൽ ഓർമ്മിപ്പിച്ചു.
താന്‍ അന്ന് ശക്തമായി നിന്ന് മാർക്ക് ആൻ്റണി ആദ്യം പ്ലാൻ ചെയ്തതുപോലെ തിയറ്ററുകളിൽ ഇറക്കിയെന്ന് വിശാല്‍ പറഞ്ഞു. “ഞാൻ മിണ്ടാതിരുന്നാൽ എനിക്ക് ഇത്രയധികം നഷ്ടമാകുമായിരുന്നു. കാരണം ഞങ്ങൾ ആ തീയതിയിൽ ചിത്രം റിലീസ് ചെയ്തു. നിർമ്മാതാവിന് ലാഭം കിട്ടി. ആദിക്ക് ഒരു കരിയർ ബ്രേക്ക് ലഭിച്ചു. എനിക്ക് ഒരു മികച്ച വിജയം ലഭിച്ചു. അതുപോലെ തന്നെ എനിക്കും ഇനിയും നേരിടേണ്ടിവരുമെന്ന് എനിക്ക് ഉറപ്പുണ്ട്. രത്നത്തിൻ്റെ കാര്യത്തിലും പ്രശ്നങ്ങളുണ്ട്” വിശാല്‍ കൂട്ടിച്ചേർത്തു.
സമ്മിശ്ര അവലോകനങ്ങൾ ലഭിച്ചെങ്കിലും. തീയറ്ററില്‍ 100 കോടിയിലധികം നേടി വിശാലിൻ്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാർക്ക് ആൻ്റണി മാറി.ഹരി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന രത്നം എന്ന ചിത്രത്തിലൂടെ ആ വിജയം പുനഃസൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് വിശാൽ.
Last Updated Apr 16, 2024, 11:35 AM IST
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]