ഉത്തരകേരളത്തിൽ ഹ്രസ്വദൂര യാത്രക്കാർ നേരിടുന്ന ദുരിതം വർധിപ്പിച്ചു കൊണ്ട് കണ്ണൂരിൽ നിന്നും കോഴിക്കോട്ടേക്കും തിരിച്ചുമുള്ള ലോക്കൽ ട്രെയിനുകളുടെ അപര്യാപ്തത പ്രതിസന്ധിയാകുന്നു. കണ്ണൂരിനു വടക്കോട്ട് ലോക്കൽ ട്രെയിനുകൾ ഇല്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നതിനിടയിലാണ് തെക്കോട്ടുളള യാത്രാപ്രശ്നങ്ങളും ഇരുട്ടടിയാകുന്നത്.
കോവിഡിനു മുൻപ് സർവീസ് നടത്തിയിരുന്ന ലോക്കൽ ട്രെയിനുകൾ ഇനിയും പുനഃസ്ഥാപിക്കാത്തതാണ് ഈ പ്രതിസന്ധിക്ക് പ്രധാന കാരണം. കണ്ണൂരിൽനിന്നു കാസർകോട്ടേക്കു കൂടി ഇവ നീട്ടണമെന്ന ആവശ്യമുയരുന്നതിനിടയിലാണ് ഈ യാത്രാക്ലേശം.
കോഴിക്കോട് – കണ്ണൂർ പാസഞ്ചർ ട്രെയിനുകളാണ് പ്രധാനമായും ഇല്ലാതായത്. ഹ്രസ്വദൂര യാത്രകൾക്കായി ലോക്കൽ ട്രെയിനുകൾ ലഭ്യമായാൽ എക്സ്പ്രസ്, സൂപ്പർഫാസ്റ്റ് ട്രെയിനുകളിലെ ജനറൽ കംപാർട്മെന്റുകളിലെ അനിയന്ത്രിതമായ തിരക്ക് ഒരു പരിധി വരെ ഒഴിവാക്കാൻ സാധിക്കും.
ഉദാഹരണത്തിന്, കണ്ണൂരിൽനിന്നു വൈകുന്നേരം 5.20നു കണ്ണൂർ – ഷൊർണൂർ മെമു പുറപ്പെടുന്നതിനാൽ, ആ സമയത്ത് അതുവഴി കടന്നുപോകുന്ന എക്സ്പ്രസ് ട്രെയിനുകളിലൊന്നും പതിവ് തിരക്ക് അനുഭവപ്പെടാറില്ല. എന്നാൽ കോവിഡിന് മുൻപ് രാവിലെയും രാത്രിയിലും ഓരോ ജോടി ലോക്കൽ ട്രെയിനുകൾ സർവീസ് നടത്തിയിരുന്നു.
കണ്ണൂർ സൗത്ത്, എടക്കാട്, ധർമടം, തലശ്ശേരി, ജഗന്നാഥ ടെംപിൾഗേറ്റ്, മാഹി, മുക്കാളി, നാദാപുരം റോഡ്, വടകര, ഇരിങ്ങൽ, പയ്യോളി, തിക്കോടി, വെള്ളറക്കാട്, കൊയിലാണ്ടി, ചേമഞ്ചേരി, എലത്തൂർ, വെസ്റ്റ്ഹിൽ, വെള്ളയിൽ തുടങ്ങിയ സ്റ്റേഷനുകളിൽനിന്നു യാത്ര ചെയ്തിരുന്ന ജനങ്ങളുടെ പ്രധാന ആശ്രയം ഈ സർവീസുകളായിരുന്നു. കോഴിക്കോട്ടുനിന്നു വടക്കോട്ടു പോകുന്ന നിരവധി ജീവനക്കാരും വിദ്യാർഥികളും ദിവസവും ആശ്രയിച്ചിരുന്നത് കോയമ്പത്തൂർ– കണ്ണൂർ പാസഞ്ചറിനെയായിരുന്നു.
കോഴിക്കോട്, വെള്ളയിൽ സ്റ്റേഷനുകളിൽനിന്നെല്ലാം ധാരാളം യാത്രക്കാരുമുണ്ടായിരുന്നു. എന്നാൽ, പാസഞ്ചർ സർവീസ് കോയമ്പത്തൂർ– കണ്ണൂർ എക്സ്പ്രസായി മാറിയതോടെ വെള്ളയിലും ചേമഞ്ചേരിയിലും വെള്ളറക്കാടും ഇരിങ്ങലുമൊന്നും ഇപ്പോൾ സ്റ്റോപ്പില്ല.
ഇതുമൂലം മേൽപ്പറഞ്ഞ ചെറിയ സ്റ്റേഷനുകളെ ആശ്രയിച്ചിരുന്ന യാത്രക്കാർ പൂർണ്ണമായും പെരുവഴിയിലായിരിക്കുകയാണ്. പ്രത്യേകിച്ച് കണ്ണൂരിൽനിന്നു കോഴിക്കോട്ടേക്കു ജോലിക്കും പഠനത്തിനും യാത്ര ചെയ്യുന്നവരാണ് വലിയ ദുരിതം നേരിടുന്നത്.
വൈകുന്നേരം അഞ്ചിനു കോഴിക്കോട്ടുനിന്നു പുറപ്പെടുന്ന പരശുറാം എക്സ്പ്രസിലെ തിരക്ക് ക്രമാതീതമായി വർധിച്ചപ്പോൾ അനുവദിച്ച പാലക്കാട്– കണ്ണൂർ ട്രെയിൻ എക്സ്പ്രസ് 5.35നു കോഴിക്കോട് വിട്ടാൽ കൊയിലാണ്ടിയിലാണ് അടുത്ത സ്റ്റോപ്. തലശ്ശേരി കഴിഞ്ഞാൽ പിന്നീട് കണ്ണൂരിലാണ് ഈ വണ്ടി നിർത്തുന്നത്.
ഇതിനാൽ ജഗന്നാഥ ടെംപിൾ ഗേറ്റ്, ധർമടം, എടക്കാട്, കണ്ണൂർ സൗത്ത് എന്നിവിടങ്ങളിൽ ഇറങ്ങേണ്ട യാത്രക്കാർ മാഹിയിലും കണ്ണൂരിലുമായി ഇറങ്ങി വീണ്ടും ബസിൽ കയറി ലക്ഷ്യസ്ഥാനത്തെത്തേണ്ട
ദയനീയ അവസ്ഥയാണ് ഇപ്പോഴുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

