വാഷിംഗ്ടൺ: ബഹിരാകാശ ദൗത്യത്തിൽ പുതിയ അധ്യായം രചിച്ച് മലയാളി വംശജനായ അനിൽ മേനോൻ ഉൾപ്പെടെയുള്ള സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചു. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച സൊയൂസ് പേടകം, ഇന്ത്യൻ സമയം രാത്രി 11:26 ഓടെയാണ് ബഹിരാകാശ നിലയവുമായി ഡോക്ക് ചെയ്തത്.
തുടർന്ന്, ഇന്ത്യൻ സമയം രണ്ട് മണിയോടെയാണ് സംഘം നിലയത്തിനുള്ളിലേക്ക് പ്രവേശിച്ചത്. റോസ്കോസ്മോസിന്റെ അംഗങ്ങളായ പ്യോട്ടർ ഡുബ്രോവ്, അന്ന കിക്കിന എന്നിവരാണ് ഈ ദൗത്യത്തിൽ അനിൽ മേനോനൊപ്പം ഉള്ളത്.
എക്സ്പെഡിഷൻ 74-ന്റെ ഭാഗമായി എട്ടു മാസത്തെ ദൗത്യമാണ് ഇവർ പൂർത്തിയാക്കുക. അടുത്ത വർഷം ഏപ്രിലിൽ സംഘം ഭൂമിയിലേക്ക് മടങ്ങിയെത്തും.
വിദ്യാഭ്യാസവും ഔദ്യോഗിക ജീവിതവും
മിനിയപ്പലിസിൽ ജനിച്ച അനിൽ മേനോൻ, ഹാർവാർഡ് സർവകലാശാലയിൽ നിന്ന് ന്യൂറോബയോളജിയിൽ ബിരുദവും സ്റ്റാൻഫോർഡിൽ നിന്ന് മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ മാസ്റ്റേഴ്സ് ബിരുദവും നേടിയിട്ടുണ്ട്. അമേരിക്കൻ വ്യോമസേനയിൽ കേണലായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
സ്റ്റാൻഫോർഡിൽ നിന്ന് വൈദ്യശാസ്ത്ര പഠനം പൂർത്തിയാക്കിയ അനിൽ, നാസയിൽ സോഫ്റ്റ് ടിഷ്യു മൊഡലുകളെക്കുറിച്ച് ഗവേഷണങ്ങൾ നടത്തിയിട്ടുണ്ട്. ആയിരത്തിലേറെ മണിക്കൂർ പറന്ന പരിചയമുള്ള സർട്ടിഫൈഡ് ഫ്ലൈറ്റ് ഇൻസ്ട്രക്ടർ കൂടിയാണ് അദ്ദേഹം.
നാസയിലും സ്പേസ് എക്സിന്റെ ആദ്യ മനുഷ്യബഹിരാകാശ ദൗത്യങ്ങളിലും ഫ്ലൈറ്റ് സർജനായി പ്രവർത്തിച്ച പരിചയസമ്പത്താണ് അദ്ദേഹത്തെ നാസയുടെ ഇരുപത്തിമൂന്നാം ആസ്ട്രനോട്ട് ഗ്രൂപ്പിലെത്തിച്ചത്. കുടുംബം
അനിലിന്റെ ഭാര്യ അന്ന മേനോനും ഒരു ബഹിരാകാശ സഞ്ചാരിയാണ്.
സ്പേസ് എക്സുമായി ചേർന്ന് നാസ അഡ്മിനിസ്ട്രേറ്റർ ജാറെഡ് ഐസക്മാൻ നയിച്ച ഇൻസ്പിരേഷൻ ഫോർ ദൗത്യത്തിന്റെ ഭാഗമായിരുന്നു അന്ന. പിന്നീട് നാസയുടെ ഇരുപത്തിനാലാം ആസ്ട്രനോട്ട് ഗ്രൂപ്പിലേക്കും അവർ തിരഞ്ഞെടുക്കപ്പെട്ടു.
ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്. ആർട്ടെമിസ് ചാന്ദ്ര ദൗത്യങ്ങൾ സജീവമാകുന്നതോടെ വരുംകാലത്ത് ഇരുവരും വീണ്ടും ബഹിരാകാശ യാത്രകളിൽ പങ്കാളികളാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇവരിൽ ഒരാൾ ചന്ദ്രനിൽ കാലുകുത്താനുള്ള സാധ്യതയും വിദഗ്ധർ തള്ളിക്കളയുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

