പാലക്കാട് ജില്ലയിലെ കല്ലടിക്കോട് മേഖലയിൽ വന്യമൃഗങ്ങളുടെ ശല്യം അതിരൂക്ഷമായി തുടരുന്നു. ഇതിന്റെ ഭാഗമായി പട്ടാപ്പകൽ ജനവാസ മേഖലയിലെ വീടിനുള്ളിലേക്ക് കാട്ടുപന്നിക്കൂട്ടം തള്ളിക്കയറിയ സംഭവം പ്രദേശവാസികളിൽ വലിയ ഭീതിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
കല്ലടിക്കോട് പറക്കാട് സ്വദേശിയായ നാരായണൻകുട്ടിയുടെ വീടിന്റെ കിടപ്പുമുറിയിലാണ് ഇന്നലെ ഉച്ചയ്ക്ക് 12.45-ഓടെ മൂന്ന് കാട്ടുപന്നികൾ ഓടിക്കയറിയത്. മലയോര മേഖലയിൽ നിന്ന് ദേശീയപാത കടന്നെത്തിയ പന്നികൾ വീടിന്റെ തുറന്നുകിടന്ന മുൻവാതിലിലൂടെ അകത്തേക്ക് കുതിച്ചുപായുകയായിരുന്നു.
ഈ സമയം പൂമുഖത്തിരിക്കുകയായിരുന്ന എട്ടുവയസ്സുകാരൻ അദ്വൈത് തലനാരിഴയ്ക്കാണ് പന്നികളുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടിയുടെ തൊട്ടടുത്തു കൂടിയാണ് ഇവ അകത്തേക്ക് കയറിയത്.
വിരുന്നുകാരുൾപ്പെടെ നിരവധിയാളുകൾ ഈ സമയം വീട്ടിലുണ്ടായിരുന്നു. മുൻവശത്തെ റബർ തോട്ടത്തിലുണ്ടായിരുന്ന പന്നികളെ തെരുവുനായ്ക്കൾ ഓടിച്ചതോടെയാണ് ഇവ പരിഭ്രാന്തരായി വീടിനുള്ളിലേക്ക് ഇരച്ചുകയറിയത്.
അപായസൂചന മനസ്സിലാക്കിയ വീട്ടുകാർ കുട്ടികളെയുമെടുത്ത് ഉടനടി മുകൾനിലയിലേക്ക് മാറി അഭയം പ്രാപിക്കുകയായിരുന്നു. പന്നികളുടെ സമീപത്തോ ഓടിപ്പോകാനുള്ള വഴിയിലോ നിൽക്കുന്നത് അപകടകരമാണെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ നൽകിയ നിർദേശത്തെ തുടർന്ന്, ഏറെനേരം എല്ലാവരും മുകൾനിലയിൽ തന്നെ തുടരേണ്ടി വന്നു.
വിവരമറിഞ്ഞ് നാട്ടുകാർ എത്തിയെങ്കിലും ഭയം കാരണം ഗേറ്റിന് പുറത്തുതന്നെ നിലയുറപ്പിച്ചു. തുടർന്ന് വനപാലകർ തോക്കുമായി എത്തുന്നതിന് തൊട്ടുമുമ്പ് പന്നികൾ വീടിന് പിൻവശത്തെ കൃഷിയിടം വഴി കാട്ടിലേക്ക് ഓടിമറഞ്ഞു.
കാട്ടുപന്നികൾക്ക് പുറമേ മലയണ്ണാൻ, കുരങ്ങ്, മയിൽ തുടങ്ങിയ വന്യജീവികളുടെ ശല്യവും കല്ലടിക്കോട് പ്രദേശത്ത് രൂക്ഷമാണ്. താഴെയുള്ള കൃഷികൾ പന്നിയും മയിലും നശിപ്പിക്കുമ്പോൾ, തെങ്ങുകളിലും മറ്റ് മരങ്ങളിലുമുള്ള വിളവുകൾ കുരങ്ങുകളും മലയണ്ണാനുമാണ് ഇല്ലാതാക്കുന്നത്.
കല്ലടിക്കോട് കവലയിലടക്കം കുരങ്ങുകളുടെ ശല്യം നിത്യസംഭവമായി മാറിയിട്ടുണ്ട്. മലയോരത്ത് നിന്ന് വളരെ അകലെയുള്ള ജനവാസ മേഖലകളിൽ പോലും വന്യമൃഗങ്ങൾ ഇറങ്ങാൻ തുടങ്ങിയതോടെ കർഷകരും നാട്ടുകാരും കടുത്ത പ്രതിസന്ധിയിലാണ്.
അടിയന്തരമായി വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ അധികൃതരുടെ ഭാഗത്തുനിന്ന് പ്രതിരോധ പദ്ധതികൾ ഉണ്ടാകണമെന്നാണ് നാട്ടുകാരുടെ പ്രധാന ആവശ്യം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

