കാലവർഷം മുന്നിൽക്കണ്ട് ദേശീയപാത 66-ന്റെ പരിസരപ്രദേശങ്ങളിലുണ്ടാകുന്ന രൂക്ഷമായ വെള്ളക്കെട്ടും ഡ്രെയിനേജ് തടസ്സങ്ങളും പരിഹരിക്കുന്നതിനായി ദേശീയപാത അതോറിറ്റി (എൻ.എച്ച്.എ.ഐ) സമഗ്ര പദ്ധതിക്ക് അംഗീകാരം നൽകി. 34.8 കോടി രൂപയാണ് ഇതിനായി അനുവദിച്ചിരിക്കുന്നത്.
പദ്ധതിയുടെ ആദ്യഘട്ടമെന്ന നിലയിൽ മലപ്പുറം ജില്ലയ്ക്ക് 10.91 കോടി രൂപയും, തൃശൂർ ജില്ലയ്ക്ക് 14.92 കോടി രൂപയും, കൊല്ലം ജില്ലയ്ക്ക് 8.97 കോടി രൂപയും വീതമാണ് വകയിരുത്തിയത്. മറ്റ് ജില്ലകളിലെ എസ്റ്റിമേറ്റുകൾ സംബന്ധിച്ച സാങ്കേതിക പരിശോധനകളും നടപടിക്രമങ്ങളും അന്തിമഘട്ടത്തിലാണ്.
മഴക്കാലത്ത് സർവീസ് റോഡുകളിലും സമീപത്തെ ജനവാസ കേന്ദ്രങ്ങളിലും വെള്ളം കയറുന്നത് ഒഴിവാക്കാൻ സംയോജിത ഡ്രെയിനേജ് ശൃംഖല നിർമിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. ദേശീയപാതയിലെ കാനകളെ സമീപത്തുള്ള തോടുകളുമായും ജലാശയങ്ങളുമായും ബന്ധിപ്പിക്കുന്നതിനുള്ള മുഴുവൻ ചെലവും എൻ.എച്ച്.എ.ഐ വഹിക്കും.
തോടുകൾ അടഞ്ഞുകിടക്കുന്നതും ഭൂവിനിയോഗത്തിലുണ്ടായ മാറ്റങ്ങളും റോഡിന് പുറത്തുനിന്നുള്ള ജലം ഒഴുകിപ്പോകാൻ തടസ്സമാകുന്നതുമാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ഈ വർഷം ജനുവരി 16-നും മെയ് 13-നും സംസ്ഥാന സർക്കാരുമായി എൻ.എച്ച്.എ.ഐ ഉന്നതതല ചർച്ചകൾ നടത്തിയിരുന്നു.
ഓരോ പ്രദേശത്തെയും പ്രത്യേക സാഹചര്യം വിലയിരുത്തി അതത് ജില്ലാ ഭരണകൂടങ്ങൾ തയാറാക്കിയ എസ്റ്റിമേറ്റുകൾ പരിഗണിച്ചാണ് ഇപ്പോൾ സാമ്പത്തികാനുമതി നൽകിയിരിക്കുന്നത്. തദ്ദേശ സ്വയംഭരണ വകുപ്പിലെ എൻജിനീയർമാരുടെയും ജില്ലാ സാങ്കേതിക വിദഗ്ധരുടെയും നേതൃത്വത്തിലാണ് പദ്ധതികൾ രൂപകൽപന ചെയ്തിരിക്കുന്നത്.
അനുവദിച്ച തുക അതത് ജില്ലാ കലക്ടർമാരുടെ ഓഫിസുകൾ വഴിയായിരിക്കും വിനിയോഗിക്കുക. ലിങ്ക് ഡ്രെയിനേജുകളുടെ നിർമാണച്ചുമതല തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കോ അല്ലെങ്കിൽ ജില്ലാ ഭരണകൂടങ്ങൾ നിശ്ചയിക്കുന്ന മറ്റ് വകുപ്പുകൾക്കോ ആയിരിക്കും.
ഹൈവേ അടിസ്ഥാന സൗകര്യങ്ങൾ സംരക്ഷിക്കുന്നതിനൊപ്പം സമീപത്തെ ജനവാസ മേഖലകൾക്ക് സുരക്ഷയൊരുക്കാനും പദ്ധതി സഹായകമാകും. വേഗത്തിലുള്ള നിർമാണ പ്രവർത്തനങ്ങളിലൂടെ കനത്ത മഴയിലും സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

