സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതിയെ സംബന്ധിച്ച് എ.കെ. ആന്റണി നടത്തിയ പ്രസ്താവനയ്ക്കെതിരെ മുൻ ധനമന്ത്രി കെ.എൻ.
ബാലഗോപാൽ രംഗത്ത്. കേരളം പാപ്പരായ സംസ്ഥാനമാണെന്നും, 2001-ൽ താൻ മുഖ്യമന്ത്രിയായിരുന്ന കാലത്തെ സമാനമായ പ്രതിസന്ധിയാണ് ഇപ്പോഴുമുള്ളതെന്നുമുള്ള ആന്റണിയുടെ പരാമർശം വസ്തുതാവിരുദ്ധമാണെന്ന് ബാലഗോപാൽ വ്യക്തമാക്കി.
ഇത്തരം തെറ്റായ ധാരണകൾ തിരുത്താൻ അദ്ദേഹം തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയായി ചുമതലയേറ്റ ശേഷം വി.ഡി.
സതീശൻ എ.കെ. ആന്റണിയെ വസതിയിലെത്തി സന്ദർശിച്ചിരുന്നു.
സതീശന്റെ നേതൃത്വത്തിലുള്ള അഞ്ച് വർഷം കേരളത്തിന്റെ സുവർണ്ണകാലമാകട്ടെയെന്നും, ഭരണത്തിന്റെ തുടക്കത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കരുതെന്നും, കടുത്ത തീരുമാനങ്ങൾ എടുക്കേണ്ടി വരുമെന്നും ആന്റണി ഈ കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചിരുന്നു. ഈ പ്രസ്താവനയാണ് വിവാദങ്ങൾക്ക് വഴിവെച്ചത്.
ആന്റണിയുടെ വാദങ്ങളെ ഖണ്ഡിച്ചുകൊണ്ട് കെ.എൻ. ബാലഗോപാൽ ഉന്നയിച്ച പ്രധാന വാദങ്ങൾ ഇവയാണ്: “കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന ശ്രീ.
എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധവും കാര്യങ്ങൾ മനസ്സിലാക്കാതെയുള്ളതുമാണ്. വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.” കഴിഞ്ഞ സർക്കാരിന്റെ കാലയളവിൽ ട്രഷറി പ്രവർത്തനങ്ങളിലോ ശമ്പള-പെൻഷൻ വിതരണത്തിലോ യാതൊരു തടസ്സവും ഉണ്ടായിട്ടില്ലെന്നും, ക്ഷേമ പെൻഷനുകൾ കുടിശ്ശികയില്ലാതെ വിതരണം ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തിന്റെ പൊതു കടം അഞ്ച് വർഷം കൊണ്ട് 39 ശതമാനത്തിൽ നിന്നും 34 ശതമാനത്തിൽ താഴെയായി കുറയ്ക്കാൻ കഴിഞ്ഞതായും അദ്ദേഹം അവകാശപ്പെട്ടു. 16-ാം ധനകാര്യ കമ്മീഷൻ കേരളത്തിനുള്ള വിഹിതം വർദ്ധിപ്പിച്ചതും മുൻ സർക്കാരിന്റെ നിരന്തരമായ ഇടപെടലുകൾ മൂലമാണെന്നും, ഇതിലൂടെ വരും വർഷങ്ങളിൽ സംസ്ഥാനത്തിന് അധിക വരുമാനം ലഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.
പുതിയ സർക്കാർ അധികാരമേൽക്കുമ്പോൾ 4000 കോടി രൂപയുടെ നീക്കിയിരിപ്പാണ് ഖജനാവിലുള്ളതെന്നും, ജനക്ഷേമ പദ്ധതികളിൽ നിന്നും പിന്നോട്ടുപോകാനുള്ള മുൻകൂർ ജാമ്യമാണ് ആന്റണിയുടെ പ്രസ്താവനയെന്നും ബാലഗോപാൽ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

