
.news-body p a {width: auto;float: none;}
തിരുവനന്തപുരം: സെക്രട്ടേറിയേറ്റ് എപ്ലോയീസ് അസോസിയേഷന്റെ സുവർണ ജൂബിലി മന്ദിരത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ പാടാനായി തയ്യാറാക്കിയ മുഖ്യമന്ത്രിയെ സ്തുതിക്കുന്ന സംഘഗാന വിഷയത്തിൽ മറുപടിയുമായി പിണറായി വിജയൻ. ചെമ്പടയ്ക്ക് കാവലാൾ , ചെങ്കനൽ കണക്കൊരാൾ ചെങ്കൊടിക്കരത്തിലേന്തി കേരളം നയിക്കയായി എന്നു തുടങ്ങുന്ന ഗാനം നേരത്തെ പുറത്തു വന്നിരുന്നു. ഇതോടെയാണ് വിഷയം ചർച്ചയായത്. ഇതുമായി ബന്ധപ്പെട്ട് മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.
അധിക്ഷേപങ്ങൾക്കിടയിൽ പുകഴ്ത്തലാകാമെന്ന് പിണറായി വിജയൻ പറഞ്ഞു. ഞാനാ പാട്ട് എന്താണെന്ന് കേട്ടിട്ടില്ല, വല്ലാതെ അധിക്ഷേപിച്ചു കൊണ്ടിരിക്കുമ്പോൾ ലേശം പുകഴ്ത്തൽ വന്നാൽ അതിൽ വല്ലാത്ത അസ്വാസ്ഥ്യം ഉണ്ടാകും എന്നത് ഉറപ്പാണ്. അതിൽ സംശയമില്ല. ഇങ്ങനെ ഒരു കാര്യം വരുമ്പോൾ തന്നെ സകലമാന കുറ്റങ്ങളും എന്റെ തലയിൽ ചാർത്താൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന ഒരുകൂട്ടർ നമ്മുടെ നാട്ടിൽ തന്നെ ഉണ്ട്. അങ്ങനെയുള്ള ആളുകൾക്ക് വല്ലാത്ത വിഷമം സ്വാഭാവികമായിട്ടുണ്ടാകും എന്നത് ഉറപ്പാണ്. അത് അങ്ങനെയേ കാണേണ്ടതായുള്ളൂ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഈ തരത്തിലുള്ള വലിയ എതിർപ്പുകൾ ഉയർന്നുവരുമ്പോൾ അതിന്റെ ഭാഗമല്ലാതെ ഒരാൾ എങ്ങനെ വരുന്നു, ഒരു കൂട്ടർ എങ്ങനെ വരുന്നു എന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ട്. അതിന്റെ ഭാഗമാണിത്. അതല്ലാതെ ഞങ്ങളാരും വ്യക്തിപൂജയ്ക്ക് നിന്നു കൊടുക്കുന്നവരല്ല, വ്യക്തിപൂജയുടെ ഭാഗമായിട്ട് എന്തെങ്കിലും കാര്യങ്ങൾ ആർക്കും നേടാനും സാധിക്കില്ല. അതാണ് ഞങ്ങളുടെ പൊതുസമീപനമെന്നും മുഖ്യമന്ത്രി പറഞ്ഞു. വ്യാഴാഴ്ച നടക്കുന്ന പരിപാടിയിൽ മുഖ്യമന്ത്രിയെ വേദിയിലിരുത്തി 100 വനിതാ ജീവനക്കാരാണ് സംഘഗാനം ആലപിക്കുക.