ഭോപ്പാൽ: വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന് വിസമ്മതിച്ചതിന്റെ പേരിൽ 20കാരിയെ പിതാവ് വെടിവച്ചുകൊന്നു. മദ്ധ്യപ്രദേശിലെ ഗ്വാളിയാറിലാണ് സംഭവം. തനു ഗുർജാർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പൊലീസ് നോക്കിനിൽക്കെയാണ് പിതാവ് മഹേന്ദ്ര ഗുർജാറും ബന്ധുവും ചേർന്ന് യുവതിയെ കൊലപ്പെടുത്തിയത്.
ഗ്വാളിയാറിലെ ഗോലെ കാ മന്ദിർ പ്രദേശത്ത് ഇന്നലെയാണ് കൊല നടന്നത്. വീട്ടുകാർ ഉറപ്പിച്ച വിവാഹത്തിന് തനു എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. താനിഷ്ടപ്പെടുന്നയാളെ തന്നെ വിവാഹം കഴിക്കണമെന്ന് യുവതി വീട്ടുകാരെ അറിയിക്കുകയും ചെയ്തു. വിഷയത്തിൽ ഗ്രാമപഞ്ചായത്ത് കൂടുന്നതിനിടെയായിരുന്നു ദാരുണസംഭവം.
വിഷയവുമായി ബന്ധപ്പെട്ട് തനു സമൂഹമാദ്ധ്യമത്തിൽ ഒരു വീഡിയോ പങ്കുവച്ചിരുന്നു. തന്നെ വീട്ടുകാർ തടങ്കലിലാക്കിയിരിക്കുകയാണെന്നും വിവാഹം എതിർത്തതിന്റെ പേരിൽ മർദ്ദിച്ചുവെന്നും യുവതി ആരോപിച്ചു. ‘ആറുവർഷമായി ഒരാളുമായി പ്രണയത്തിലാണ്. ആദ്യം ഞങ്ങളുടെ വിവാഹത്തിന് സമ്മതിച്ച വീട്ടുകാർ പിന്നീട് എതിർത്തു. എന്നെ മർദ്ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. എനിക്കെന്തെങ്കിലും സംഭവിച്ചാൽ എന്റെ കുടുംബമായിരിക്കും അതിനുത്തരവാദി’- എന്നാണ് യുവതി വീഡിയോയിൽ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഫെബ്രുവരി 18നാണ് വീട്ടുകാർ യുവതിയുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ക്ഷണക്കത്തും വിതരണം ചെയ്തു. ഇന്നലെ യുവതി വിവാഹത്തിനെതിരെ ശക്തമായി പ്രതിഷേധിച്ചിരുന്നു. തുടർന്നാണ് വിഷയത്തിൽ പഞ്ചായത്ത് വിളിച്ചത്. പൊലീസും സ്ഥലത്തെത്തിയിരുന്നു. ഇതിനിടെ മകളോട് ഒറ്റയ്ക്ക് സംസാരിക്കണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ട മഹേന്ദ്ര ഗുർജാർ തനുവിനെ വീട്ടിലേയ്ക്ക് കൂട്ടികൊണ്ട് പോവുകയും നാടൻ തോക്കുപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. യുവതിയുടെ ബന്ധുവായ രാഹുൽ ഗുർജാറും യുവതിയെ വെടിവയ്ക്കുകയും സ്ഥലത്തുനിന്ന് രക്ഷപ്പെടുകയും ചെയ്തു. മഹേന്ദ്രയെ അറസ്റ്റ് ചെയ്ത പൊലീസ് രാഹുലിനായി തെരച്ചിൽ ഊർജിതമാക്കിയതായി അറിയിച്ചു.