സംസ്ഥാനത്ത് മഴയോ ശക്തമായ കാറ്റോ ഇല്ലാത്ത അനുകൂല സാഹചര്യങ്ങളിൽ പോലും രാത്രികളിൽ തുടർച്ചയായി വൈദ്യുതി തടസ്സപ്പെടുന്നത് ജനജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതായി റസിഡന്റ്സ് അപെക്സ് കൗൺസിൽ ഓഫ് കേരള (ആർഎസികെ) ദക്ഷിണ മേഖല കമ്മിറ്റി വ്യക്തമാക്കി. ഈ പ്രതിസന്ധി കുട്ടികളെയും മുതിർന്ന പൗരന്മാരെയും ഒരുപോലെ ദുരിതത്തിലാക്കുന്നുണ്ടെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി.
വൈദ്യുതി മുടക്കത്തിന്റെ യഥാർത്ഥ കാരണങ്ങൾ അടിയന്തരമായി കണ്ടെത്തി പരിഹാരം കാണണമെന്ന് ആർഎസികെ ആവശ്യപ്പെട്ടു. കാലപ്പഴക്കം ചെന്ന ട്രാൻസ്ഫോമറുകൾ, വൈദ്യുതി ലൈനുകൾ, പോസ്റ്റുകൾ മറ്റ് അനുബന്ധ ഉപകരണങ്ങൾ എന്നിവ സമഗ്രമായി പരിശോധിച്ച് ആവശ്യമായ ഘട്ടങ്ങളിൽ ശേഷി വർധിപ്പിക്കണം.
നിരന്തരം വൈദ്യുതി തടസ്സപ്പെടുന്ന പ്രദേശങ്ങളിൽ അടിയന്തര അറ്റകുറ്റപ്പണി സംഘങ്ങളുടെ സേവനവും 24 മണിക്കൂർ നിരീക്ഷണ സംവിധാനവും ഉറപ്പാക്കേണ്ടതുണ്ട്. ഊർജ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി സൗരോർജം പോലുള്ള പുനരുപയോഗ ഊർജ പദ്ധതികൾ വ്യാപകമാക്കണമെന്നും വൈദ്യുതി ഉൽപാദന-വിതരണ സംവിധാനങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
വൈദ്യുതി മുടക്കത്തിന്റെ കാരണവും അത് പരിഹരിക്കാൻ ആവശ്യമായ സമയവും ഉപഭോക്താക്കളെ കൃത്യമായി അറിയിക്കുന്നതിനുള്ള ഫലപ്രദമായ സംവിധാനം കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് (കെഎസ്ഇബി) നടപ്പിലാക്കണം. വൈദ്യുതി മേഖലയിലെ നിലവിലെ പ്രതിസന്ധികൾ വിലയിരുത്തുന്നതിനായി വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം വിളിച്ച് ചേർത്ത് വ്യക്തമായ പ്രവർത്തന പദ്ധതി രൂപീകരിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
യോഗത്തിൽ ആർഎസികെ ദക്ഷിണ മേഖല പ്രസിഡന്റ് അബ്ദുൽ ജലീൽ പാലോട് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിയാസ് പുലരിയിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് ചന്ദ്രൻ നായർ, സംസ്ഥാന സെക്രട്ടറിമാരായ കെ.ജി.ബാബു വട്ടപ്പറമ്പിൽ, രാജു വട്ടത്താനം, മുജീബ് റഹ്മാൻ, ബി.ആർ.ഭദ്രൻ, ആർഎസികെ കൊല്ലം ജില്ലാ പ്രതിനിധി നിയാസ് ശാസ്താംകോട്ട, തിരുവനന്തപുരം ജില്ലാ ഭാരവാഹികളായ വി.ജി.സുനിൽകുമാർ, മുതുവിള ദിവാകരൻ, ഡി.റോസ്ചന്ദ്രൻ, നജുമത്ത്ബീഗം, റിയാസ് പേയാട്, സന്തോഷ് പാറപ്പുറത്ത്, ഷാഫി ഉഴമലക്കൽ തുടങ്ങിയവർ യോഗത്തിൽ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

