ഇറാന്റെ അധീനതയിലായിരുന്ന ഹോർമുസ് കടലിടുക്കിന്റെ പൂർണ നിയന്ത്രണം അമേരിക്കയുടെ കൈയിലാണെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശവാദം തള്ളിക്കളഞ്ഞ് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്ത്. അമേരിക്ക ഏതെങ്കിലും തരത്തിലുള്ള തീരുമാനങ്ങൾ കൈക്കൊള്ളുമ്പോഴും പ്രഖ്യാപനങ്ങൾ നടത്തുമ്പോഴും അതീവ ജാഗ്രത പാലിക്കണമെന്ന് അരാഗ്ചി ആവശ്യപ്പെട്ടു.
വ്യാജ വാർത്തകളേക്കാൾ ഏറെ അപകടകരമാണ് തെറ്റായ രഹസ്യാന്വേഷണ വിവരങ്ങളെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. രഹസ്യാന്വേഷണ ഏജൻസികളുടെ തുടർച്ചയായ പരാജയങ്ങൾ അമേരിക്കയെ നിരന്തരം തെറ്റായ കണക്കുകൂട്ടലുകളിലേക്ക് നയിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇറാനെതിരെയുള്ള യുദ്ധം ഇതിന് ഏറ്റവും വലിയ ഉദാഹരണമാണെന്നും, ഇപ്പോൾ ഹോർമുസ് കടലിടുക്കിന്റെ കാര്യത്തിലും സമാനമായതോ അതിലും ഗുരുതരമായതോ ആയ തെറ്റായ കണക്കുകൂട്ടലിലേക്കാണ് യുഎസ് നീങ്ങുന്നതെന്നും അരാഗ്ചി വ്യക്തമാക്കുകയുണ്ടായി. ഹോർമുസ് കടലിടുക്കിന്മേൽ അമേരിക്കയ്ക്ക് പൂർണ നിയന്ത്രണമുണ്ടെന്നും, തങ്ങളുടെ നാവിക ഉപരോധത്തെ മറികടക്കാൻ ഇറാന് സാധിക്കില്ലെന്നുമായിരുന്നു ഡോണൾഡ് ട്രംപ് ഇതിന് മുൻപ് നടത്തിയ പ്രഖ്യാപനം.
ഇറാന് വ്യോമസേനയോ നാവികസേനയോ നിലവിലില്ലെന്നും, ശേഷിക്കുന്ന സൈനികർക്ക് കൃത്യമായി ശമ്പളം പോലും ലഭിക്കുന്നില്ലെന്നും ട്രൂത്ത് സോഷ്യൽ എന്ന സാമൂഹിക മാധ്യമത്തിലൂടെ ഡോണൾഡ് ട്രംപ് പരിഹസിച്ചിരുന്നു. ലോകത്തിലെ ക്രൂഡ് ഓയിൽ വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗവും കടന്നുപോകുന്ന അതീവ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തെച്ചൊല്ലി വാഷിങ്ടണും ടെഹ്റാനും തമ്മിൽ തർക്കങ്ങൾ മുറുകുന്ന സാഹചര്യത്തിൽ, നിലവിൽ മേഖലയിലെ കപ്പൽ ഗതാഗതം കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

