
ചരിത്രം രചിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്; സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറായുമായി കൂടിക്കാഴ്ച നടത്തി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിയാദ്∙ ചരിത്രം രചിച്ച് യുഎസ് പ്രസിഡന്റ് സിറിയൻ പ്രസിഡന്റ് അഹ്മദ് അശ്ശറായുടെയും കൂടിക്കാഴ്ച. 25 വർഷത്തിനു ശേഷമാണ് ഇരുരാജ്യങ്ങളുടെയും തലവന്മാർ തമ്മിൽ കൂടിക്കാഴ്ച നടക്കുന്നത്. ഡമാസ്കസുമായുള്ള യുഎസിന്റെ ബന്ധം സാധാരണനിലയിലാക്കുന്നത് പരിഗണിക്കുമെന്ന് ട്രംപ് പറഞ്ഞു. ട്രംപിന്റെ നാലുദിവസത്തെ മധ്യപൂർവദേശ സന്ദർശനത്തിനിടെയാണ് നിർണായക ചർച്ച നടന്നത്. ജിസിസി രാജ്യങ്ങളുമായുള്ള സമ്മേളനത്തിനു മുൻപ് അരമണിക്കൂറോളമാണ് നേതാക്കളുടെ കൂടിക്കാഴ്ച നീണ്ടത്. യ്ക്കെതിരെയുള്ള ഉപരോധങ്ങൾ നീക്കുമെന്ന് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ജിസിസി നേതാക്കളുമായി നടന്ന കൂടിക്കാഴ്ചയ്ക്കിടെ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇടപെടലിനെ തുടർന്നാണ് ഉപരോധം റദ്ദാക്കാനുള്ള നീക്കം. ഇതിനുപിന്നാലെയാണ് അശ്ശറായുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച.
‘ഇവിടെയുള്ള മഹദ് നേതാക്കളുടെ പിന്തുണയോടെ സിറിയയുടെ പുതിയ സർക്കാരുമായി സാധാരണനിലയിലുള്ള ബന്ധം സ്ഥാപിക്കാനുള്ള സാധ്യതകളാണ് ഞങ്ങള് തേടുന്നത്. ഉപരോധങ്ങൾ യുഎസ് നീക്കുന്നത് സിറിയയ്ക്ക് ഒരു പുതിയ തുടക്കം സമ്മാനിക്കും. ഇവർക്കെതിരെയുള്ള എല്ലാ ഉപരോധങ്ങളും യുഎസ് നീക്കും’–ട്രംപ് പറഞ്ഞു. ഇസ്രയേലുമായുള്ള സിറിയയുടെ ബന്ധം സാധാരണ നിലയിലാക്കണമെന്നും ട്രംപ് അശ്ശറായോട് ആവശ്യപ്പെട്ടു. 2020ൽ യുഎസ് മുന്നോട്ടുവച്ച ഏബ്രഹാം ഉടമ്പടി പ്രകാരം യുഎഇ, ബഹ്റൈൻ, മൊറോക്കോ തുടങ്ങിയ രാജ്യങ്ങൾ ഇസ്രയേലുമായി ബന്ധം സാധാരണനിലയിലാക്കിയിട്ടുണ്ട്. സിറിയയും ഇതു പിന്തുടരണമെന്ന് ട്രംപ് നിർദേശിച്ചു. എന്നാൽ നിലവിൽ സൗദിയും ഈ ഉടമ്പടിയുടെ ഭാഗമായിട്ടില്ല. ‘പരുക്കനാണെങ്കിലും കരുത്തനായ യുവാവ്’ എന്നാണ് അശ്ശറായെക്കുറിച്ച് ട്രംപ് മാധ്യമങ്ങളോടു പറഞ്ഞത്. 2000ൽ അന്നത്തെ സിറിയൻ പ്രസിഡന്റ് ഹഫീസ് അസദും യുഎസ് പ്രസിഡന്റ് ബിൽ ക്ലിന്റനും തമ്മിൽ ജനീവയിൽ കൂടിക്കാഴ്ച നടത്തിയതിനു ശേഷം ആദ്യമായാണ് രണ്ടു രാജ്യങ്ങളുടെയും തലവന്മാർ കൂടിക്കാഴ്ച നടത്തുന്നത്.
∙ ഭീകരനിൽനിന്ന് രാഷ്ട്രത്തലവനിലേക്ക്
അശ്ശറായുടെ ഭൂതകാലം കൊണ്ടുകൂടിയാണ് ഈ കൂടിക്കാഴ്ച ചരിത്രമാകുന്നത്. 2024 ഡിസംബർ വരെ തലയ്ക്ക് ഒരു കോടി ഡോളർ വിലയിട്ട വെറും ഭീകരൻ മാത്രമായിരുന്നു യുഎസിന് അശ്ശറാ. നേരത്തെ യുഎസിന്റെ ഭീകരപ്പട്ടികയിലുള്ള വ്യക്തിക്കാണ് ട്രംപ് ഇന്ന് കൈകൊടുത്തതെന്ന് ചുരുക്കം. അൽഖായിദയുമായി ആദ്യകാലത്തു ബന്ധം പുലർത്തിയിരുന്ന അശ്ശറാ, ഇറാഖ് അധിനിവേശകാലത്ത് യുഎസ് പട്ടാളത്തിനെതിരെ ആയുധമെടുത്തതിന് 5 വർഷം അമേരിക്കയുടെ തടവുകാരനായിരുന്നു. പിന്നീട് അൽ അസദ് ഭരണകൂടത്തിനെതിരായ പോരാട്ടം ലക്ഷ്യമിട്ട് ഹയാത്ത് തഹ്രീർ അൽ ശാം (എച്ച്ടിഎസ്) എന്ന സംഘടന രൂപീകരിച്ചു.
നിലവിൽ സിറിയ ഭരിക്കുന്ന എച്ച്ടിഎസിനെ മുൻപ് യുഎസ് ഭീകരസംഘടനയായി പ്രഖ്യാപിച്ചിരുന്നു. അബു മുഹമ്മദ് അൽ ജുലാനി എന്ന പേരിലും അറിയപ്പെടുന്ന അശ്ശറായും യുഎസിന്റെ ഭീകരപ്പട്ടികയിൽ ഇടംപിടിച്ചു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടെ അൽ ഖായിദയുടെയും ഐഎസ്ഐഎസിന്റെയും സുപ്രധാന സ്ഥാനങ്ങളും അശ്ശറാ വഹിച്ചിരുന്നു. 2013ലാണ് അശ്ശറായെ ആഗോള ഭീകരപ്പട്ടികയിൽ ഉൾപ്പെടുത്തിയത്. ഭീകരവാദം പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തികം സ്വരൂപിക്കുന്നതിലും ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നതിലും അശ്ശറായ്ക്ക് വ്യക്തമായ പങ്കുണ്ടെന്ന് തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. സിറിയയിൽ അസദ് ഭരണകൂടത്തെ വീഴ്ത്തി ഭരണം പിടിച്ചതിനു പിന്നാലെയാണ് അശ്ശറായുടെ തലയ്ക്കിട്ടിരുന്ന വില യുഎസ് ഒഴിവാക്കിയത്.