വിഷം ചീറ്റാൻ കഴിവുള്ള 27 മേണോക്ലെഡ് മൂർഖൻ, 24 അണലി, ആറ് ഇന്ത്യൻ മൂർഖൻ, എട്ട് മഞ്ഞ വരയൻ. ഇത്രയും പാമ്പുകളെ അടുത്ത് നിന്ന് ഒരുമിച്ച് കാണുമ്പോൾ തന്നെ നമ്മുടെ ഉള്ളിൽ ചെറിയൊരു പേടിയുണ്ടാകും. അങ്ങനെയിരിക്കെ ഇത്രയധികം പാമ്പുകളോടൊപ്പം ഒരാൾ 72 മണിക്കൂർ ഒരു അടഞ്ഞ ഗ്ലാസ് ക്യാബിനുള്ളിൽ ചെലവഴിച്ചെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?
എന്നാൽ വിശ്വസിച്ചേ പറ്റൂ, പറഞ്ഞുവരുന്നത് ഹെർപെറ്റോജിസ്റ്റായ നീലീം കുമാർ ഖൈരയെക്കുറിച്ചാണ്. പാമ്പുകൾ പ്രകോപനം ഉണ്ടായാൽ മാത്രമേ കടിക്കുമെന്ന് തെളിയിക്കാൻ വേണ്ടി കൂടിയാണ് നീലിം കുമാർ തന്റെ 28ാം വയസിൽ 72 മണിക്കൂറാണ് വിഷപ്പാമ്പുകൾക്കൊപ്പം അടച്ചിട്ട ഒരു ഗ്ലാസ് മുറിയിൽ കഴിഞ്ഞത്. കണ്ടുനിന്നവരെ പോലും ഞെട്ടിച്ചുകൊണ്ടായിരുന്നു അന്ന് അദ്ദേഹം വിഷപ്പാമ്പുകളോടൊപ്പം മണിക്കൂറുകൾ ചെലവഴിച്ചത്.
28ാം വയസിലെ സാഹസികത
കാറ്ററിംഗ് രംഗത്ത് ഡിപ്ലോമയുള്ളയാളായിരുന്നു നീലീം കുമാർ. മഹാരാഷ്ട്രയിലെ ടൂറിസം ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്ത സമയത്താണ് ഇഴജന്തുകളെക്കുറിച്ചും അവയുടെ ആവസ വ്യവസ്ഥയെക്കുറിച്ചും അറിയാൻ നീലിം കുമാർ താൽപര്യപ്പെടുന്നത്. ജോലി സമയത്ത് അദ്ദേഹത്തെ ബോംബെക്കടുത്തുള്ള മാതേരനിലെ ഒരു ഹോളിഡേ ഹോമിന്റെ മാനേജരായി നിയമിച്ചു. മാതേരനിലെ നിലീം കുമാർ താമസിക്കുന്ന സ്ഥലത്തേക്ക് സ്ഥിരമായി ഇഴജന്തുക്കൾ വരാൻ തുടങ്ങി.
ഇവയെ കൊല്ലാൻ നീലിം കുമാറിന്റെ മനസ് അനുവദിച്ചില്ല. കാരണം അവയൊന്നും ഉപദ്രവിക്കില്ലായിരുന്നു. ഇതോടെ നീലീം പാമ്പുകളെ പിടിച്ച് സഹയാദ്രി മലയിൽ വിടാൻ തുടങ്ങി.
ഒരിക്കൽ അദ്ദേഹം ഒരു പാമ്പിനെ പിടിച്ച് ബോംബെയിലെ ഹാഫ്കിൻ ഇൻസ്റ്റിറ്റിയൂട്ടിലേക്ക് കൊണ്ടുപോയി. ഇത് വിഷമുള്ളതാണെന്നും ഇത്തരത്തിൽ കൊണ്ടുപോകുന്നത് അപകടകരമാണെന്നും അദ്ദേഹത്തോട് പറഞ്ഞു. ഇത് കേട്ടതോടെ അദ്ദേഹത്തിന്റെ ധൈര്യം വർദ്ധിച്ചു. മാത്രമല്ല, പാമ്പുകളോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അവിടെ ആരംഭിച്ചു. പിന്നീട് അദ്ദേഹം 25,000ഓളം പാമ്പിനെ പിടിക്കുകയും 6000ഓളം കടിയേൽക്കുകയും ചെയ്തു.
ആ പത്രവാർത്ത പ്രചോദനമായി
പാമ്പുകളെക്കുറിച്ചും അറിഞ്ഞും പഠിച്ചും വന്ന നിലീം കുമാർ വീടിന്റെ പരിസരത്ത് പാമ്പുകൾക്ക് വേണ്ടി ചെറിയൊരു പാർക്കും ഒരുക്കി. ഈ സമയത്തായിരുന്നു ഒരു മാദ്ധ്യമവാർത്ത അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെടുന്നത്. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിൽ 18 വിഷമുള്ളതും അർദ്ധവിഷമുള്ളതുമായ ആറ് പാമ്പുകൾക്കൊപ്പം 50 മണിക്കൂർ താമസിച്ച് പീറ്റർ സ്നിമേരിസ് എന്ന വ്യക്തി റെക്കോർഡ് കുറിച്ച വാർത്തയായിരുന്നു അത്. ഈ വാർത്ത നിലീം കുമാറിൽ ചെറിയൊരു പ്രചോദനമുണ്ടാക്കി. പാമ്പുകളുടെ രാജ്യമായി ഇന്ത്യ അറിയപ്പെടുന്നതിനാൽ ഈ രംഗത്ത് ലോക റെക്കോർഡ് സൃഷ്ടിക്കാൻ ഒരു ഇന്ത്യക്കാരൻ അർഹനാണെന്ന് അദ്ദേഹം കരുതി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
എന്നാൽ ഇക്കാര്യത്തിനായി ഇറങ്ങിത്തിരിച്ചപ്പോൾ അദ്ദേഹത്തെ പലരും കളിയാക്കി, ഇയാൾക്ക് ഭ്രാന്താണെന്ന് വരെ പലരും പറഞ്ഞു. മാത്രമല്ല, ഇങ്ങനെ ഒരു റെക്കോർഡ് കുറിക്കാനുള്ള പരിപാടിക്ക് പൊലീസ് പോലും അനുമതി നൽകിയേക്കില്ല. എന്നാൽ ഈ റെക്കോർഡ് കുറിക്കാനുള്ള കാര്യങ്ങളിലേക്ക് അദ്ദേഹം പടിപടിയായി കടന്നു. 1980 ജനുവരി 20ന് ലോക റെക്കോർഡ് സൃഷ്ടിക്കാനുള്ള ആ പരിപാടിക്ക് തുടക്കമായി. പൂനെയിലുള്ള ബിജെ മെഡിക്കൽ കോളേജ് സ്പോർട്ട്സ് ഗ്രൗണ്ടിൽ പാമ്പുകളുമായി കഴിയാനുള്ള ഗ്ലാസ് മുറി ഒരുക്കി. ആ മുറക്കുള്ളിൽ പാമ്പുകൾക്കൊപ്പം കസേരയിൽ അദ്ദേഹം ഇരുന്നു. മുറിയിലുണ്ടായിരുന്ന വിഷപാമ്പുകൾ അദ്ദേഹത്തിന്റെ ദേഹത്തൂടെ കയറി ഇറങ്ങുന്നുണ്ടായിരുന്നു. ചില സമയത്ത് ദേഹത്തുണ്ടായിരുന്ന പാമ്പുകളെ പിടിച്ച് താഴെയിടേണ്ടി വന്നിട്ടുണ്ട്.
72 മണിക്കൂർ റെക്കോർഡ്
അങ്ങനെ മണിക്കൂറുകൾ പിന്നിട്ടു. 50 മണിക്കൂർ പിന്നിട്ടപ്പോൾ തന്നെ നീലിം കുമാർ പീറ്റർ സ്നിമേരിസിന്റെ റെക്കോർഡ് മറികടന്നു. എന്നാൽ അരമണിക്കൂർ ക്യാബിന് പുറത്ത് ഇറങ്ങിയാലും ലോക റെക്കോർഡ് സ്ഥാപിക്കുമെന്ന് ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്റെ പ്രസാധകർ ഖൈറിന് കത്തയച്ചിരുന്നുവെങ്കിലും ഖൈർ അതിന് തയ്യാറായില്ല. ഒടുവിൽ 72 മണിക്കൂർ പിന്നിട്ടതിന് ശേഷമാണ് അദ്ദേഹം മുറിവിട്ട് പുറത്തിറങ്ങിയത്. ഇതോടെ 900 പോയിന്റ് നേടിയ പീറ്റർ സ്നിമേരിസിന്റെ റെക്കോർഡ് 1512 പോയിന്റുമായി നിലീം കുമാർ മറികടന്നു.