പത്തനംതിട്ട: പീഡനക്കേസിൽ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. അടൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്. കേസിൽ ഇന്ന് ഒരു പ്രതി കൂടി അറസ്റ്റിലായിട്ടുണ്ട്. പത്തനംതിട്ട ടൗൺ സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. ഇതോടെ അറസ്റ്റിലായ പ്രതികളുടെ എണ്ണം 44 ആയി. കേസിൽ ആകെ 58 പ്രതികളുണ്ടെന്നാണ് പൊലീസ് പറഞ്ഞത്.
ഇനി 15പേരെ കൂടി കസ്റ്റഡിയിലെടുക്കാനുണ്ടെന്ന് കേസിന്റെ ചുമതലയുള്ള ഡിഐജി അജിത ബീഗം പറഞ്ഞു. ഇതിൽ രണ്ടുപേർ വിദേശത്താണ്. ഇവർക്കായി റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്നും അന്വേഷണത്തിൽ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും ഡിഐജി വ്യക്തമാക്കി.
കേസിൽ നേരത്തേ അറസ്റ്റിലായ ദീപു എന്നയാൾ വഴിയാണ് ഇന്ന് അറസ്റ്റിലായ യുവാവ് പെൺകുട്ടിയെ പരിചയപ്പെട്ടത്. തുടർന്ന് ഇയാളും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പീഡനക്കേസുമായി ബന്ധപ്പെട്ട് നിലവിൽ 30ലധികം എഫ്ഐആറുകളാണ് വിവിധ സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ടൗൺ, കോന്നി, റാന്നി, മലയാലപ്പുഴ, പന്തളം സ്റ്റേഷനുകളിലാണ് ഈ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പത്തനംതിട്ട പൊലീസെടുത്ത ഒരു കേസ് തുടരന്വേഷണത്തിനായി തിരുവനന്തപുരം കല്ലമ്പലം പൊലീസിന് കൈമാറി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
62പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഇതുവരെ 58 പ്രതികളെ പൊലീസ് കണ്ടെത്തി. ബാക്കി നാലുപേർക്കെതിരെ വ്യക്തമായ വിവരങ്ങൾ കിട്ടിയില്ലെന്നാണ് പൊലീസ് പറയുന്നത്. കഴിഞ്ഞദിവസം ബാലാവകാശ കമ്മീഷൻ അംഗം എൻ സുനന്ദ പെൺകുട്ടിയെ സന്ദർശിച്ചിരുന്നു. കുട്ടിക്ക് ആവശ്യമായ വൈദ്യ സഹായം നൽകുന്നുണ്ട്. ആശ്വാസ നിധിയിൽ നിന്ന് സഹായധനം അനുവദിക്കാൻ ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് കമ്മീഷൻ നിർദേശം നൽകി. പെൺകുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചതായും സുനന്ദ പറഞ്ഞു.