സ്ത്രീ സുരക്ഷയെപ്പറ്റി ഘോരഘോരം ചർച്ച ചെയ്യപ്പെടുന്ന നമ്മുടെ നാട്ടിൽ പിഞ്ചുകുഞ്ഞുങ്ങൾ വരെ പീഡനത്തിന് ഇരയാകുന്ന വാർത്തകൾ വളരെയധികം വേദനയോടെയാണ് നമ്മൾ കേൾക്കുന്നതെന്ന് സംവിധായകൻ ആലപ്പി അഷ്റഫ്. ഇത്തരം കുറ്റവാളികൾക്കെതിരെ യാതൊരു ദാക്ഷീണ്യവുമില്ലാത്ത മാതൃകാപരമായ ശിക്ഷാനടപടികൾ ഉണ്ടായേ തീരൂ. ഇനിയൊരാൾ അത്തരം പ്രവൃത്തികളെക്കുറിച്ച് ചിന്തിക്കുമ്പോൾ പേടിതോന്നുന്ന നിയമനിർമാണങ്ങൾ ഉണ്ടാകണം, അത് നടപ്പിലാക്കുകയും വേണമെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
പത്തനംതിട്ടയിലെ കായിക താരമായ ദളിത് പെൺകുട്ടിയുടെ പീഡനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു ആലപ്പി അഷ്റഫ്. കേരളത്തിൽ നടന്ന വേറെ ചില സംഭവങ്ങളും ആലപ്പി അഷ്റഫ് പറയുന്നുണ്ട്.
‘എന്റെ നാടിന്റെയടുത്ത് അമ്പലപ്പുഴയിൽ 2008ൽ സഹപാഠികളായ മൂന്ന് പെൺകുട്ടികളെ ക്ലാസിൽ വിഷം കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തിയിരുന്നു. ഇത് കേരളത്തിൽ അന്ന് ഏറെ കോളിളക്കം സൃഷ്ടിച്ച കേസുമാണ്. ആദ്യം ലോക്കൽ പൊലീസ് അന്വേഷിച്ചു. പിന്നീട് കേസ് അട്ടിമറിക്കുന്നെന്ന ആക്ഷേപമുയർന്ന പശ്ചാത്തലത്തിൽ പിന്നീട് ക്രൈംബ്രാഞ്ചും ഏറ്റെടുത്തു. ആലപ്പുഴ ബീച്ചിനടുത്തുള്ള ഒഴിഞ്ഞ കെട്ടിടത്തിൽ ഈ മൂന്നു പെൺകുട്ടികളെ കൊണ്ടുവന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്നാണ് ക്രൈംബ്രാഞ്ച് റിപ്പോർട്ടിൽ പറയുന്നത്.
സഹപാഠികളായിരുന്നു ഇതിന് പിന്നിൽ. ഈ ക്രൂരതയ്ക്ക് കെണിയൊരുക്കിയത് അതിലൊരു പെൺകുട്ടിയുടെ കാമുകനുമായിരുന്നു. കാമുകൻ പെൺകുട്ടിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ പകർത്തി. അത് കാണിച്ച് ഭീഷണിപ്പെടുത്തിയാണ് കൂട്ടിബലാത്സംഗത്തിന് കെണിയൊരുക്കിയത്. അത് അവർ പകർത്തുകയും കൂട്ടുകാരുടെ ഫോണുകളിലേക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഇതിൽ മനംനൊന്താണ് ആ മൂന്ന് പെൺകുട്ടികൾ ജീവൻ വെടിഞ്ഞത്. ഇന്നും ആ പെൺകുട്ടികളുടെ മാതാപിതാക്കൾ അവരെയോർത്ത് തോരാ കണ്ണീരിലാണ്. ഈ കേസിലെ എല്ലാ പ്രതികളെയും തെളിവിന്റെ അഭാവത്തിൽ വെറുതെ വിടുകയാണ് ഉണ്ടായത്. പൊലീസിനെ കുറ്റപ്പെടുത്തിക്കൊണ്ടായിരുന്നു കോടതി വിധി വന്നത്. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ പോലും കണ്ടെത്താനായില്ല എന്ന പരാമർശവും കോടതിയിൽ നിന്നുണ്ടായി.’- അദ്ദേഹം പറഞ്ഞു. വാളയാർ കേസിനെക്കുറിച്ചും, വണ്ടിപ്പെരിയാർ കേസിനെക്കുറിച്ചും വീഡിയോയിൽ പറയുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]