നൽകിയ വാക്കുകൾ വെറുതെയായില്ല, ഒടുവിൽ സ്വപ്നങ്ങളെല്ലാം ബാക്കിവച്ച് ആ മിടുമിടുക്കി യാത്രയായി. നെടുമ്പാശേരിയിൽ കാറിടിച്ചു മരിച്ച വയനാട് മടക്കിമല സ്വദേശിനി ദേവിക തന്റെ അനിയൻ ദേവാനന്ദിനെക്കുറിച്ച് അമ്മ സരിതയോട് എപ്പോഴും പറയുമായിരുന്ന വാക്കുകളാണിത്.
‘‘എന്നെ പഠിപ്പിക്കാൻ പാടുപെട്ടതു പോലെ അപ്പുവിനെ പഠിപ്പിക്കാൻ നിങ്ങൾക്ക് ബുദ്ധിമുട്ടേണ്ടി വരില്ല’’. പഠനത്തിലും കലയിലും കായികരംഗത്തുമെല്ലാം ഒരേപോലെ തിളങ്ങിയിരുന്ന പ്രതിഭയായിരുന്നു ദേവിക.
വെല്ലുവിളികളെല്ലാം അവസരങ്ങളാക്കി ജീവിതത്തിൽ മുന്നേറാൻ ശ്രമിക്കവെയാണ് അതിവേഗത്തിലെത്തിയ കാർ ആ ജീവനെ എടുത്തത്. പത്താം ക്ലാസിലും പ്ലസ് ടൂവിലും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ദേവിക, ഏവിയേഷനിലും ബിബിഎയിലും ഉന്നത വിജയം കരസ്ഥമാക്കി വിദേശത്ത് ജോലിക്ക് ശ്രമിച്ചുവരികയായിരുന്നു.
ഇതിനിടയിലാണ് കൊച്ചി നെടുമ്പാശേരിയിൽ റോഡരികിൽ വെച്ച് ദാരുണമായ അപകടം സംഭവിക്കുന്നത്. ജില്ലാ സോഫ്റ്റ്ബോൾ ടീം അംഗവും മോഹിനിയാട്ടം, ഭരതനാട്യം, കുച്ചിപ്പുഡി നർത്തകിയുമായിരുന്നു അവൾ.
കൽപറ്റ മടക്കിമലയിലെ ചെറിയ വീടിന്റെ വരാന്തയിലെ ഷോകേസ് നിറയെ ദേവികയ്ക്ക് ലഭിച്ച പുരസ്കാരങ്ങളും മെഡലുകളുമാണ്. മാതാപിതാക്കൾക്ക് സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ എറണാകുളത്ത് പഠനത്തോടൊപ്പം ഒരു ആർട്ട് ക്രാഫ്റ്റ് ഷോപ്പിൽ പാർടൈം ജോലിയും ചെയ്തിരുന്നു ദേവിക.
കുടുംബത്തിന് നല്ലൊരു വീട് പണിയണം, അനുജന്റെ പഠനം നോക്കണം, മാതാപിതാക്കളുടെ ഭാവി സുരക്ഷിതമാക്കണം എന്നതായിരുന്നു അവളുടെ ഏറ്റവും വലിയ ആഗ്രഹങ്ങൾ. കഴിഞ്ഞ മാസമാണ് കൊച്ചിയിൽ ദേവികയുടെ ബിരുദദാനച്ചടങ്ങ് നടന്നത്.
അന്ന് കുടുംബത്തോടൊപ്പം കൊച്ചിയിലെത്തി സന്തോഷം പങ്കിട്ട മകൾ പിന്നീട് വീട്ടിലേക്ക് മടങ്ങിയത് ചേതനയറ്റ ശരീരത്തിലാണ്.
കഴിഞ്ഞ ഞായറാഴ്ച രാത്രി അമ്മ സരിതയുടെ തറവാട്ടു വീട്ടിലായിരുന്നു ദേവികയുടെ സംസ്കാര ചടങ്ങുകൾ നടന്നത്. ദേവികയുടെയും രണ്ട് സുഹൃത്തുക്കളുടെയും മരണത്തിനിടയാക്കിയ ആഡംബര കാർ ഓടിച്ച പത്തൊൻപതുകാരൻ സുഹൈൽ സജീവിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുക്കണമെന്നാണ് മാതാപിതാക്കളുടെ ആവശ്യം.
‘‘പ്രതിക്കെതിരെ നിലവിൽ ചുമത്തിയിരിക്കുന്നത് മനഃപൂർവമല്ലാത്ത നരഹത്യ കുറ്റമാണ്. കുടുംബസ്വാധീനവും പണസ്വാധീനവും ഉപയോഗിച്ച് പ്രതിയുടെ കുടുംബം കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി തോന്നലുണ്ട്.
മദ്യലഹരിയിൽ വാഹനം ഓടിച്ച് അപകടം ഉണ്ടാക്കി വലിയ കുറ്റം ചെയ്തയാളെ കുട്ടികളുടെ ജയിലാണോ പാർപ്പിക്കേണ്ടത്? മദ്യത്തിനൊപ്പം മറ്റു ലഹരികളും ഉപയോഗിച്ചതായി സംശയിക്കുന്ന പ്രതിക്കെതിരെ കർശന നടപടി സ്വീകരിക്കാൻ സർക്കാർ നിയമസഹായം നൽകുമെന്നാണ് കരുതുന്നത്.’’ – മരിച്ച ദേവികയുടെ അച്ഛൻ സന്തോഷ് കുമാർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

