ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് നടന്ന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് ആരോപണങ്ങളിൽ പ്രതികരണവുമായി ഡോ.
മുഹമ്മദ് അഷീൽ രംഗത്ത്. ധനകാര്യ പരിശോധനാ വിഭാഗം ഇദ്ദേഹത്തിനെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി അദ്ദേഹം ഫെയ്സ്ബുക്കിലൂടെ രംഗത്തെത്തിയത്.
തനിക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണങ്ങളിൽ നിലവിലെ ഔദ്യോഗിക പദവി വഹിക്കുന്നതിനാൽ കൂടുതൽ പ്രതികരിക്കാൻ പരിമിതികളുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. എന്നാൽ, കോവിഡ് മഹാമാരിയുടെ ഘട്ടത്തിൽ സാമൂഹ്യ സുരക്ഷാ മിഷന്റെ നേതൃത്വത്തിൽ നടന്ന ‘ബ്രേക്ക് ദ ചെയിൻ’ ക്യാംപെയിൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം തന്റെ നിലപാട് അറിയിച്ചു.
തന്റെ ഫെയ്സ്ബുക്ക് കുറിപ്പിൽ അദ്ദേഹം കുറിച്ചതിങ്ങനെ: “സുഹൃത്തുക്കളെ, കോവിഡ് മഹാമാരി കാലത്ത് സാമൂഹ്യ സുരക്ഷാ മിഷൻ മുൻകൈയെടുത്തു നടപ്പിലാക്കിയ ബ്രേക്ക് ദ് ചെയിൻ ക്യാംപയിൻ സംബന്ധിച്ച് അന്നത്തെ എക്സിക്യൂട്ടീവ് ഡയറക്ടർ ആയിരുന്ന എനിക്കെതിരെ വാർത്തകൾ വരുന്ന സാഹചര്യത്തിൽ അതിനോട് പ്രതികരിക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കൾ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ എന്റെ ഇപ്പോഴത്തെ ജോലിയുടെ സ്വഭാവമനുസരിച്ച് അതിൽ പ്രതികരണം നടത്താൻ നിർവാഹമില്ലാത്ത ഒരവസ്ഥയാണ്.
എന്നോട് please പൊറുക്കുക. എന്നിരുന്നാലും ഒരു കാര്യം ഞാൻ ഉറപ്പിച്ചു പറയുന്നു.” “കോവിഡ് മഹാമാരി സമയത്ത് ഒരു പൊതുജനാരോഗ്യ പ്രവർത്തകൻ എന്ന രീതിയിൽ ആ സാഹചര്യം ആവശ്യപ്പെട്ട
എല്ലാ നടപടികളും പൂർണമായി ആത്മാർഥതയോടെ സ്വന്തം നഷ്ടങ്ങൾ ഒന്നും വകവയ്ക്കാതെ ഉത്തരവാദിത്തത്തോടെ പൂർണമായും നിയമവിധേയമായി ചെയ്യാനും ആ ചരിത്ര നിയോഗത്തിൽ പങ്കാളിയാവാൻ സാധിച്ചു എന്നതിലും പൂർണമായിട്ടും അഭിമാനിക്കുന്ന ഒരു വ്യക്തിയാണ്.” തന്റെ ടീമിനെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു: “എന്നെ പോലെ തന്നെ എന്റെ ടീമിലെ എല്ലാവരും A truly committed team that any officer would dream of having.” നടക്കുന്ന അന്വേഷണങ്ങളെ പൂർണമായും സ്വാഗതം ചെയ്യുന്നുവെന്നും, ഭാവിയിൽ സത്യം പുറത്തുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “അന്വേഷണങ്ങൾ നടക്കട്ടെ.
അത് പൂർണമായും സ്വാഗതം ചെയ്യുന്നു. കൂടുതൽ ഒന്നും പറയുന്നില്ല.
I am sure history would be kinder to us.”
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

