ട്രെയിൻ യാത്രയ്ക്കിടെ കുടുംബമായി യാത്ര ചെയ്യുന്നവർക്ക് സീറ്റ് മാറി നൽകണോ എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ കടുത്ത ചർച്ച. ട്രെയിനിൽ മുൻകൂട്ടി ബുക്ക് ചെയ്ത സീറ്റുകൾ കുടുംബത്തിന് വേണ്ടി വിട്ടുകൊടുക്കാൻ വിസമ്മതിച്ച യുവാവിന്റെ അനുഭവക്കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
റെഡ്ഡിറ്റ് പ്ലാറ്റ്ഫോമിലാണ് ഈ സംഭവം പങ്കുവെച്ചിരിക്കുന്നത്. ട്രെയിൻ യാത്രയും സീറ്റ് സംബന്ധമായ തർക്കങ്ങളും പലപ്പോഴും യാത്രക്കാർക്കിടയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.
താനും ഒപ്പമുള്ള യാത്രക്കാരനും ചേർന്ന് ട്രെയിനിലെ എസി ചെയർ കാറിൽ അഭിമുഖമായി വരുന്ന വിൻഡോ സീറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്നതായി യുവാവ് വ്യക്തമാക്കുന്നു. എന്നാൽ, യാത്രയ്ക്കിടയിൽ ഒരു സ്ത്രീ ഇദ്ദേഹത്തെ സമീപിക്കുകയും കുടുംബത്തിന് ഒരുമിച്ചിരിക്കാനായി സീറ്റ് മാറിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
യാത്രയ്ക്കായി മുൻകൂട്ടി ആസൂത്രണം ചെയ്ത് ബുക്ക് ചെയ്ത സീറ്റായതിനാൽ മാറി നൽകാൻ കഴിയില്ലെന്ന് യുവാവ് മാന്യമായി മറുപടി നൽകി. എന്നാൽ, കുറച്ചു മണിക്കൂറുകൾ മാത്രമാണെന്നും ദയവായി സീറ്റ് മാറിത്തരണമെന്നും പറഞ്ഞ് ആ സ്ത്രീ വീണ്ടും നിർബന്ധം പിടിച്ചു.
ഈ സാഹചര്യത്തിൽ തനിക്ക് കടുപ്പത്തിൽ മറുപടി നൽകേണ്ടി വന്നതായി ഇദ്ദേഹം പറയുന്നു. യുവാവിന്റെ പ്രതികരണം
യാത്രക്കാർ നാട്ടിലേക്ക് മടങ്ങുകയാണോ അതോ അവധിക്കാലം ആഘോഷിക്കാൻ പോവുകയാണോ എന്ന് യുവാവ് തിരികെ ചോദിച്ചു.
വീട്ടിലേക്ക് മടങ്ങുകയാണെന്നായിരുന്നു സ്ത്രീയുടെ മറുപടി. ഇതിന് മറുപടിയായി യുവാവ് ഇങ്ങനെ പറഞ്ഞു: “എങ്കിൽ വീട്ടിലെത്തിയാൽ നിങ്ങൾക്ക് ആവശ്യത്തിന് കുടുംബത്തോടൊപ്പം സമയം ചിലവഴിക്കാം.
അവിടെ നിങ്ങൾക്ക് എങ്ങനെ വേണമെങ്കിലും ഒരുമിച്ചിരിക്കാം. നിലവിൽ ഞങ്ങൾ ഏറെ ആഗ്രഹിച്ചു ബുക്ക് ചെയ്ത ഈ സീറ്റുകളിൽ തന്നെ ഇരിക്കാനാണ് താല്പര്യപ്പെടുന്നത്.” താൻ തീരുമാനത്തിൽ ഉറച്ചുനിന്നുവെന്നും, മറ്റൊരാൾ ഏറെ താല്പര്യത്തോടെ തിരഞ്ഞെടുത്ത സീറ്റുകൾ കുടുംബമായി യാത്ര ചെയ്യുന്നു എന്നതുകൊണ്ട് മാത്രം വിട്ടുകൊടുക്കണമെന്ന് ആളുകൾ കരുതുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ലെന്നും യുവാവ് കൂട്ടിച്ചേർത്തു.
‘എനിക്കൊരു നിയമമുണ്ട്; എനിക്ക് ചെയ്യാൻ താല്പര്യമില്ലാത്ത കാര്യമാണെങ്കിൽ ഞാൻ ‘നോ’ എന്നുതന്നെ പറയും. വ്യാജമായ പുഞ്ചിരിയോ കുറ്റബോധമോ ഇല്ലാതെ മാന്യമായി തന്നെ ‘നോ’ പറയും’ എന്നും യുവാവ് പോസ്റ്റിൽ വ്യക്തമാക്കി.
‘ട്രെയിനിലെ മര്യാദകൾ: ഒരു കുടുംബത്തിന് വേണ്ടി ഞാൻ എന്റെ റിസർവ്ഡ് സീറ്റ് മാറി നൽകാൻ ബാധ്യസ്ഥനാണോ?’ എന്ന ചോദ്യത്തോടെയാണ് ഇദ്ദേഹം തന്റെ അനുഭവം പങ്കുവെച്ചിരിക്കുന്നത്. ഇതിനെ പിന്തുണച്ച് നിരവധി പേരാണ് കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

