സംസ്ഥാനത്ത് നിപ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.കെ.
കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. നിലവിൽ രോഗപ്രതിരോധ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും സ്ഥിതിഗതികൾ സർക്കാരിന്റെ പൂർണ നിയന്ത്രണത്തിലാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളിൽ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ മന്ത്രി, നാളെ ആരോഗ്യ വകുപ്പ് മന്ത്രി കോഴിക്കോടെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തുമെന്നും കൂട്ടിച്ചേർത്തു. “നാളെ ആരോഗ്യമന്ത്രി കോഴിക്കോടെത്തുമെന്നും പ്രതിരോധം പാളിയിട്ടില്ല, സാഹചര്യം നിയന്ത്രണ വിധേയമാണ്.
പാളാതെ പാളിയെന്ന് പറഞ്ഞിട്ട് കാര്യമില്ല. സർക്കാരിന് ചെയ്യാവുന്ന കാര്യങ്ങളൊക്കെ തുടക്കം എന്ന നിലയിൽ ചെയ്യുന്നുണ്ട്” എന്ന് അദ്ദേഹം പ്രസ്താവിച്ചു.
പിഎം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയത്തിലും മന്ത്രി പ്രതികരിച്ചു.
ഇക്കാര്യത്തിൽ മുൻപ് സ്വീകരിച്ച നിലപാടിൽ മാറ്റമില്ലെന്നും, എൽഡിഎഫ് സർക്കാർ ഒപ്പുവെച്ച കരാറാണ് ഇതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കരാർ മുൻ സർക്കാർ മരവിപ്പിച്ചിട്ടില്ലെന്നും, ഭരണത്തുടർച്ചയുടെ ഭാഗമായി ഇതിൽ സ്വീകരിക്കേണ്ട
തുടർനടപടികൾ പരിശോധിച്ചുവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി. അധികാരമേറ്റ് ഒരു മാസം പിന്നിടുമ്പോഴുള്ള സ്വാഭാവിക പരിമിതികൾ സർക്കാരിനുണ്ടെന്നും, വിഷയത്തിൽ അന്തിമ തീരുമാനമെടുക്കാൻ സമയം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“പിഎം ശ്രീയിൽ പഴയ നിലപാട് തന്നെയാണ് ഇപ്പോഴുമെന്നും എൽഡിഎഫ് സർക്കാർ ഒപ്പ് വെച്ച കരാർ ആണ്. പഴയ സർക്കാർ മരവിപ്പിച്ചിട്ടില്ല.
ഒരു സർക്കാരിന്റെ തുടർച്ചയാണ് അടുത്ത സർക്കാർ. അതിൽ എന്താണ് ചെയ്യാൻ കഴിയുക എന്ന് പരിശോധിച്ച് തുടർനടപടി ഉണ്ടാകും.
ഞങ്ങൾക്ക് സമയം തരൂ. ഒരു മാസമായ സർക്കാരിന് ചില പരിമിതികൾ ഉണ്ട്” എന്ന് അദ്ദേഹം പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

