മൂന്നുമാസത്തിലേറെയായി തുടരുന്ന ഇറാൻ-യുഎസ് യുദ്ധം അവസാനിപ്പിക്കാനുള്ള ധാരണാപത്രത്തിന്റെ കരട് ഇരുരാജ്യങ്ങളും അംഗീകരിച്ചതായി പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫ് അറിയിച്ചു. സംഘർഷത്തിന് വിരാമമിട്ടുകൊണ്ടുള്ള തുടർനടപടികൾ ഉടൻ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കരാർ ഒപ്പിടുന്നതിലേക്ക് യുഎസും ഇറാനും വളരെ അടുത്തെത്തിയെന്ന് ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി നേരത്തെ സ്ഥിരീകരിച്ചിരുന്നു. കരാറിന്റെ ഉള്ളടക്കത്തെക്കുറിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും അന്തിമ വിവരങ്ങൾ കൃത്യസമയത്ത് പൊതുജനങ്ങളെ അറിയിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാൻ മാധ്യമങ്ങൾ പുറത്തുവിട്ട കരാറിലെ വ്യവസ്ഥകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പൂർണ്ണമായും അംഗീകരിച്ചിട്ടില്ല.
പുറത്തുവന്ന വിവരങ്ങൾ അന്തിമമല്ലെന്ന് അബ്ബാസ് അരാഗ്ചിയും ആവർത്തിച്ചു. കരാറിൽ ഇറാന് അനുകൂലമായ പല കാര്യങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെങ്കിലും, മരവിപ്പിച്ച ബാങ്ക് നിക്ഷേപങ്ങൾ വിട്ടുനൽകണമെന്ന ആവശ്യം ഇതുവരെ അംഗീകരിച്ചിട്ടില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി.
വാൻസ് അറിയിച്ചു. വരുംദിവസം ജനീവയിൽ വെച്ച് ജെ.ഡി.
വാൻസ്, ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് എന്നിവർ കരാറിൽ ഒപ്പുവെക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ധാരണാപത്രത്തിൽ ഇസ്രയേൽ പങ്കാളിയല്ലെന്ന് പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വ്യക്തമാക്കി.
കരാറിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ്:
* വിദേശബാങ്കുകളിൽ മരവിപ്പിച്ച ഇറാന്റെ നിക്ഷേപങ്ങൾ വിട്ടുനൽകുക.
* ഇറാന്റെ എണ്ണവ്യാപാരത്തിന് മേലുള്ള ഉപരോധങ്ങൾ നീക്കം ചെയ്യുക.
* പകരം ഇറാൻ ഹോർമുസ് കടലിടുക്ക് തുറന്നുകൊടുക്കും.
* ആണവപദ്ധതി സംബന്ധിച്ച് 60 ദിവസത്തിനുള്ളിൽ അന്തിമ ധാരണയിലെത്തുക. അതേസമയം, ആണവായുധം നിർമ്മിക്കില്ലെന്ന് ഇറാൻ ഉറപ്പുനൽകിയെങ്കിലും, സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പിടിച്ചെടുക്കുമെന്ന യുഎസ് ഭരണകൂടത്തിന്റെ നിലപാട് കരാറിൽ ഉൾപ്പെടുത്തിയിട്ടില്ലെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.
ഇറാനുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് വ്യാഴാഴ്ച രാത്രി നിശ്ചയിച്ചിരുന്ന ആക്രമണം ഒഴിവാക്കിയതെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

