കർണാടകയിലെ ബെലഗാവിയിൽ ഇൻഷുറൻസ് തുകയായ രണ്ട് കോടി രൂപ കൈക്കലാക്കുന്നതിനായി മുൻ സൈനികനെ കൊലപ്പെടുത്തിയ കേസിൽ ഭാര്യയും സംഘവും അറസ്റ്റിൽ. യമക്കനമാറാഡി സ്വദേശിയായ സന്ദീപ് മഞ്ചാരഗി ആണ് കൊല്ലപ്പെട്ടത്.
ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചതെന്ന് വരുത്തിത്തീർക്കാൻ പ്രതികൾ നടത്തിയ ശ്രമങ്ങൾ പൊലീസ് അന്വേഷണത്തിൽ തകരുകയായിരുന്നു. ഹുക്കേരിയിൽ നിന്ന് മടങ്ങുന്നതിനിടെ സന്ദീപിന് ചെറിയ തോതിൽ വാഹനാപകടത്തിൽ പരിക്കേറ്റിരുന്നു.
തുടർന്ന് ഇദ്ദേഹത്തെ ഗാട്ടപ്രഭയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്യുന്നതിന് തൊട്ടുമുൻപ്, ഭാര്യ സുമയും സുഹൃത്തായ ദോംബാർ എന്നയാളും ചേർന്ന് ആശുപത്രിയിലെ ഒരു ജീവനക്കാരന്റെ സഹായത്തോടെ സന്ദീപിന് വിഷം നൽകുകയായിരുന്നു.
വീട്ടിലെത്തിയ ഉടൻ തന്നെ ഇദ്ദേഹം മരണപ്പെട്ടു. മരണത്തിൽ അസ്വാഭാവികത തോന്നിയ ചിലർ വിവരം നൽകിയതിനെത്തുടർന്ന് പൊലീസ് നടത്തിയ വിശദമായ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.
റീ പോസ്റ്റ് മോർട്ടം പരിശോധനയിൽ മൃതദേഹത്തിൽ വിഷാംശം കണ്ടെത്തി. തുടർന്ന് ആശുപത്രി ജീവനക്കാരനെ ചോദ്യം ചെയ്തതോടെ ഗൂഢാലോചന പുറത്തുവരികയായിരുന്നു.
സുമയും കൂട്ടാളികളും ചേർന്ന് സന്ദീപിന്റെ പേരിലുള്ള രണ്ട് കോടി രൂപയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാൻ ആസൂത്രിതമായി കൊലപാതകം നടത്തുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

