നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ രംഗത്ത്. ചോദ്യപ്പേപ്പർ ചോർച്ചയിൽ ഉത്തരവാദികളായവർക്കെതിരെ രാജ്യത്തെ യുവാക്കൾ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.
ബംഗ്ലാദേശിലും നേപ്പാളിലും യുവാക്കളുടെ പ്രക്ഷോഭത്തിനൊടുവിൽ സർക്കാരുകൾക്ക് അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടി വന്ന സാഹചര്യത്തെ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. 2014-ൽ മോദി സർക്കാർ അധികാരമേറ്റ ശേഷം ഇതുവരെ 93 തവണ വിവിധ പരീക്ഷകളുടെ ചോദ്യപ്പേപ്പർ ചോർച്ചയുണ്ടായിട്ടുണ്ടെന്ന് കെജ്രിവാൾ ആരോപിച്ചു.
ഇതിൽ ഭൂരിഭാഗവും ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങളിലാണ് സംഭവിച്ചത്. രാജസ്ഥാൻ, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ചോദ്യപ്പേപ്പർ ചോർച്ച ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇത് ഏകദേശം ആറു കോടി യുവാക്കളുടെ ഭാവിയെയാണ് പ്രതികൂലമായി ബാധിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. നിലവിൽ നടക്കുന്ന സിബിഐ അന്വേഷണത്തിൽ കെജ്രിവാൾ അവിശ്വാസം രേഖപ്പെടുത്തി.
മുൻകാല ചോദ്യപ്പേപ്പർ ചോർച്ച കേസുകളിൽ സിബിഐ അന്വേഷണം കാര്യമായ ഫലമൊന്നും ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് അരവിന്ദ് കെജ്രിവാൾ നടത്തിയ പ്രതികരണം ഇങ്ങനെ: “ഇപ്പോഴത്തെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പ്രഭവകേന്ദ്രം രാജസ്ഥാനാണെന്നാണ് ഞങ്ങൾക്ക് ലഭിച്ച വിവരം.
ഇതിൽ നേതാക്കൾക്ക് പങ്കുണ്ടോയെന്ന് സംശയം ജനിപ്പിക്കുന്നു. അങ്ങനെയാണെങ്കിൽ സിബിഐയ്ക്ക് എന്ത് ചെയ്യാനാകും? ഇത് തുടരേണ്ടതുണ്ടോ എന്നാണ് ജെൻസികളോട് എനിക്ക് ചോദിക്കാനുള്ളത്.
നേപ്പാളിലെയും ബംഗ്ലാദേശിലെയും ജെൻസികൾ തെരുവിലറങ്ങി സർക്കാരുകളെ മാറ്റിയിട്ടുണ്ടെങ്കിൽ നമ്മുടെ ജെൻസികൾക്ക് ചോദ്യപേപ്പർ ചോർച്ച സംഭവങ്ങളിൽ ഉൾപ്പെട്ട മന്ത്രിമാരെ ജയിലിലേക്ക് പറഞ്ഞുവിടാനാവില്ലേ? നിങ്ങളിൽ എനിക്ക് പൂർണവിശ്വാസമുണ്ട്.
ഇതിൽ ഉൾപ്പെട്ട പ്രതികളെ ജയിലിലേക്ക് അയയ്ക്കണം.
തെരുവിലിറങ്ങി പ്രതിഷേധിച്ച് ഹീനമായ കളികൾ അവസാനിപ്പിക്കണം”. കേന്ദ്ര സർക്കാരും ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളും ഒത്തുകളിക്കുകയാണെന്നും, സിബിഐ അന്വേഷണം പ്രഹസനമാണെന്നും കെജ്രിവാൾ ആരോപിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

