സ്വർണ ഇറക്കുമതി തീരുവ ആറിൽ നിന്ന് 15 ശതമാനമായി ഉയർത്തിയ കേന്ദ്രസർക്കാർ തീരുമാനത്തിന് പിന്നാലെ, കേരളത്തിലെ വിപണിയിൽ സ്വർണവിലയിൽ അഭൂതപൂർവമായ വർധന. സംസ്ഥാനത്ത് സ്വർണവിലയിൽ ഒറ്റദിവസത്തിനുള്ളിൽ ഇത്രയും വലിയ വർധനവ് രേഖപ്പെടുത്തുന്നത് ചരിത്രത്തിലാദ്യമാണെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു.
ഇന്നത്തെ കണക്കുകൾ പ്രകാരം ഗ്രാമിന് 1,275 രൂപ വർധിച്ച് 15,390 രൂപയായും, പവൻ വില 10,200 രൂപ ഉയർന്ന് 1,23,120 രൂപയായും രേഖപ്പെടുത്തി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റം കൂടി ഇതിനൊപ്പം ചേർന്നിരുന്നെങ്കിൽ സംസ്ഥാനത്തെ നിരക്ക് ഇതിലും ഉയർന്നേനെ.
ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് സുസ്ഥിരമാക്കുന്നതിനും വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനുമായാണ് കേന്ദ്ര സർക്കാർ ഇറക്കുമതി തീരുവ വർധിപ്പിച്ചത്. ഇതിന്റെ ഭാഗമായി, ഇറക്കുമതി ചെയ്യുന്ന സ്വർണം, വെള്ളി, പ്ലാറ്റിനം എന്നിവയ്ക്ക് 10% അടിസ്ഥാന കസ്റ്റംസ് തീരുവയും 5% കാർഷിക അടിസ്ഥാന സൗകര്യ വികസന സെസും (എഐജിസി) ചുമത്തി.
ഇതോടെ നിലവിലുണ്ടായിരുന്ന 6% നികുതി 15% ആയി ഉയർന്നു. യുഎഇയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന സ്വർണത്തിനും ഈ വർധന ബാധകമാണ്.
സർക്കാരിന്റെ ഈ നടപടിക്ക് പിന്നാലെ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ 0.3 ശതമാനത്തിന്റെ നേട്ടമുണ്ടായിട്ടുണ്ട്. മറുവശത്ത്, രാജ്യാന്തര വിപണിയിൽ സ്വർണവിലയിൽ ഇടിവ് ദൃശ്യമാണ്.
ഇറാൻ-യുഎസ് സംഘർഷാവസ്ഥയും അമേരിക്കയിലെ പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതിലും ഉയർന്നതുമാണ് വിപണിയെ ബാധിച്ചത്. ഫെഡറൽ റിസർവ് അടിസ്ഥാന പലിശ നിരക്ക് കുറയ്ക്കാനുള്ള സാധ്യത മങ്ങിയതോടെ, ഔൺസിന് 4,696 ഡോളർ എന്ന നിലയിലാണ് നിലവിൽ സ്വർണവിലയുള്ളത്.
സംസ്ഥാനത്ത് നിലവിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 12,710 രൂപ നിരക്കിലാണ് വിപണനം നടക്കുന്നത്. ചിലയിടങ്ങളിൽ ഇത് 12,640 രൂപയായും നിശ്ചയിച്ചിട്ടുണ്ട്.
വെള്ളിയുടെ വില ഗ്രാമിന് 320 രൂപയായി ഉയർന്നു. ആഭരണങ്ങൾ വാങ്ങുമ്പോൾ സ്വർണവിലയ്ക്ക് പുറമെ പണിക്കൂലി (ഏകദേശം 10%), 3 ശതമാനം ജിഎസ്ടി, ഹോൾമാർക്കിങ് ചാർജ്, അതിന്മേലുള്ള 18 ശതമാനം ജിഎസ്ടി എന്നിവ കൂടി ഉപഭോക്താക്കൾ നൽകേണ്ടി വരും.
ഇതോടെ ഒരു പവൻ സ്വർണാഭരണത്തിന് ഏകദേശം 1.4 ലക്ഷം രൂപയോളം ചെലവാകുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

