നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കൊല്ലം ജില്ലാ സിപിഐ നേതൃയോഗത്തില്‍ നേതൃത്വത്തിനെതിരെ അതിരൂക്ഷമായ വിമര്‍ശനം. തിരുത്തല്‍ നടപടികള്‍ മുകള്‍ത്തട്ടില്‍ നിന്ന് തന്നെ ആരംഭിക്കണമെന്നും, നിലവിലെ സംസ്ഥാന സെക്രട്ടേറിയറ്റ് പിരിച്ചുവിടണമെന്നും മുതിര്‍ന്ന അംഗങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു.
സിപിഎം നിലപാടുകള്‍ക്ക് കീഴ്പ്പെട്ട് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടി സംസ്ഥാനത്ത് അപ്രസക്തമാവുകയാണെന്നും, ഇങ്ങനെയെങ്കില്‍ പാര്‍ട്ടിയെ സിപിഎമ്മില്‍ ലയിപ്പിക്കുന്നതാണ് ഉചിതമെന്നും വിമര്‍ശനമുയര്‍ന്നു. ചാത്തന്നൂര്‍ ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലുണ്ടായ പിഴവുകളാണ് തിരിച്ചടിക്ക് പ്രധാന കാരണമെന്നാണ് ജില്ലാ എക്സിക്യൂട്ടീവ്, കൗണ്‍സില്‍ യോഗങ്ങളിലെ വിലയിരുത്തല്‍.
ചാത്തന്നൂര്‍, ചടയമംഗലം മണ്ഡലങ്ങളില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളെ മത്സരിപ്പിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്നും, കൊല്ലത്ത് നിന്ന് അടൂരിലേക്ക് സ്ഥാനാര്‍ത്ഥിയെ അയച്ച നടപടിയും വലിയ പരാജയത്തിന് വഴിവെച്ചുവെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലി എല്‍ഡിഎഫിനുള്ളില്‍ തര്‍ക്കം രൂക്ഷമാവുകയാണ്.
ബിനോയ് വിശ്വം ഈ പദവി പരസ്യമായി ആവശ്യപ്പെട്ടത് ശരിയായില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന് വ്യക്തമാക്കി. ഇത്തരം ആവശ്യങ്ങള്‍ മുന്നണി വേദിയിലാണ് ഉന്നയിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു.
വിഷയം ചര്‍ച്ച ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പിലേറ്റ പരാജയത്തിന് പിന്നാലെ, പ്രതിപക്ഷത്തെ രണ്ട് പ്രധാന നേതൃപദവികളും സിപിഎം തന്നെ കൈവശം വെക്കുന്നതിനോട് സിപിഐക്ക് ശക്തമായ എതിര്‍പ്പുണ്ട്.
എന്നാല്‍, പിണറായി വിജയന് പ്രതിപക്ഷ നേതാവാകുന്ന സാഹചര്യത്തില്‍ സഭയിലെ തന്ത്രങ്ങള്‍ മെനയുന്നതിനായി ഉപനേതാവ് സിപിഎമ്മില്‍ നിന്ന് തന്നെ വേണമെന്നാണ് ആ പാര്‍ട്ടിയുടെ നിലപാട്. കെ.എന്‍.
ബാലഗോപാല്‍, സജി ചെറിയാന്, മുഹമ്മദ് റിയാസ് എന്നിവരുടെ പേരുകളാണ് ഇതിനായി പരിഗണനയിലുള്ളത്. എങ്കിലും, ചര്‍ച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് സിപിഐ നേതൃത്വം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

