നീറ്റ് പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട അന്വേഷണം കേരളത്തിലേക്കും വ്യാപിപ്പിക്കുന്നു.
ചോദ്യപേപ്പർ ചോർത്തിയെടുത്ത് അത് ‘മാതൃക ചോദ്യപേപ്പർ’ എന്ന പേരിൽ കേരളത്തിലെ വിദ്യാർത്ഥികൾക്കിടയിലും പ്രചരിപ്പിച്ചതായാണ് കേന്ദ്ര അന്വേഷണ ഏജൻസികളുടെ പ്രാഥമിക കണ്ടെത്തൽ. നാസിക്കിലെ പ്രിന്റിംഗ് പ്രസ്സിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
പരീക്ഷാ കേന്ദ്രങ്ങളിലേക്ക് ചോദ്യപേപ്പർ കൊണ്ടുപോകുന്നതിനിടെ ചോർത്തുന്ന പതിവ് രീതിക്ക് വിപരീതമായി, അച്ചടിക്കുന്ന കേന്ദ്രത്തിൽ നിന്ന് തന്നെ ചോദ്യപേപ്പർ ചോർന്നുവെന്നതാണ് കേസിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്. നാസിക്കിലെ പ്രിന്റിംഗ് പ്രസ്സിൽ നിന്ന് മെഡിക്കൽ വിദ്യാർത്ഥിയായ ശുഭം കർനിയാറിന് ലഭിച്ച ചോദ്യപേപ്പർ ഹരിയാനയിലെ ഒരു ഡോക്ടർക്ക് കൊറിയർ വഴി കൈമാറുകയായിരുന്നു.
അവിടെ നിന്നും സിക്കറിലെ മനീഷ് യാദവ്, രാകേഷ് കുമാർ എന്നിവരിലേക്ക് വിവരങ്ങൾ എത്തുകയും, തുടർന്ന് ജയ്പൂർ, ദില്ലി, ഡെറാഡൂൺ, ജമ്മുകശ്മീർ, ബീഹാർ, കേരളം, തെലങ്കാന, ആന്ധ്ര തുടങ്ങിയ പത്ത് സംസ്ഥാനങ്ങളിലെ ശൃംഖലകളിലേക്ക് ഇത് വ്യാപിക്കുകയുമായിരുന്നു. പിടിക്കപ്പെടാതിരിക്കാൻ യഥാർത്ഥ ചോദ്യപേപ്പറിനെ ‘മാതൃക ചോദ്യപേപ്പർ’ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് സംഘം ഇടപാടുകാർക്ക് കൈമാറിയത്.
ടെലഗ്രാം, വാട്സ്ആപ്പ് തുടങ്ങിയ സാമൂഹിക മാധ്യമങ്ങൾ വഴി 25,000 രൂപ മുതൽ രണ്ട് ലക്ഷം രൂപ വരെ ഈടാക്കിയാണ് വിതരണം നടത്തിയത്. ‘PRIVATE MAFIA’ എന്ന ടെലഗ്രാം ചാനലിലൂടെയും ചോദ്യപേപ്പർ പ്രചരിപ്പിച്ചതായി സംശയിക്കുന്നു.
കേരളത്തിൽ പഠിക്കുന്ന ചുരു സ്വദേശിയായ ഒരു മെഡിക്കൽ വിദ്യാർത്ഥിക്ക് ഈ സംഘവുമായി ബന്ധമുണ്ടെന്നും, ഇയാൾ വഴി കേരളത്തിലെ ചില വിദ്യാർത്ഥികൾക്ക് ചോദ്യപേപ്പർ ലഭിച്ചുവെന്നുമാണ് റിപ്പോർട്ടുകൾ. സിബിഐയുടെ പ്രത്യേക അന്വേഷണ സംഘം കേസിൽ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
മാതൃക ചോദ്യപേപ്പറിൽ ഉണ്ടായിരുന്ന ബയോളജിയിലെ 90 ചോദ്യങ്ങളും, കെമിസ്ട്രിയിലെ 45-ൽ 35 ചോദ്യങ്ങളും യഥാർത്ഥ ചോദ്യപേപ്പറിലേതുമായി ഒത്തുപോയതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

