പൂച്ചാക്കൽ ∙ പെരുമ്പളം പാലത്തിൽ നിർമാണ ജോലികൾ പുരോഗമിക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസത്തേക്ക് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി അധികൃതർ ഉത്തരവിട്ടു. 13 മുതൽ വ്യാഴാഴ്ച വരെയാണ് ഈ നിയന്ത്രണം ബാധകമാക്കിയിരിക്കുന്നത്.
പാലത്തിലെ ടാറിങ് ജോലികളാണ് നിലവിൽ പുരോഗമിക്കുന്നത്. യാത്രാതടസ്സം ഒഴിവാക്കാൻ അത്യാവശ്യ ഘട്ടങ്ങളിൽ ഒരുവശത്തുകൂടി മാത്രം വാഹനങ്ങൾ കടന്നുപോകാൻ അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ മാർച്ചിലാണ് പാലത്തിന്റെ ഉദ്ഘാടനം നടന്നതെങ്കിലും ടാറിങ് ഉൾപ്പെടെയുള്ള ചില പ്രവൃത്തികൾ പൂർത്തീകരിക്കാൻ ബാക്കിയുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി തെരുവ് വിളക്കുകൾ സ്ഥാപിക്കുന്ന ജോലികളും ഇപ്പോൾ വേഗത്തിൽ നടന്നു വരുന്നുണ്ട്.
പാലത്തിലെ ടാറിങ് പ്രവൃത്തികൾ പൂർത്തിയാകുന്നതോടെ പെരുമ്പളത്തേക്ക് കെഎസ്ആർടിസി ബസ് സർവീസുകൾ ആരംഭിക്കും. ചേർത്തലയിൽ നിന്നാണ് ഈ സർവീസുകൾക്ക് തുടക്കം കുറിക്കുന്നത്.
ചേർത്തലയിൽ നിന്ന് ആരംഭിച്ച് അരൂക്കുറ്റി റോഡിലൂടെ പെരുമ്പളം പാലം കടന്ന് പെരുമ്പളത്ത് എത്തി യാത്രക്കാരെ കയറ്റി തോപ്പുംപടി വഴി ഹൈക്കോടതി ജങ്ഷൻ വരെയാണ് നിലവിൽ സർവീസ് പ്ലാൻ ചെയ്തിട്ടുള്ളത്. എങ്കിലും ഇതിൽ ചില മാറ്റങ്ങൾ വരാൻ സാധ്യതയുണ്ട്.
ബസുകളുടെ സമയക്രമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഇനിയാണ് ഔദ്യോഗികമായി തീരുമാനിക്കേണ്ടത്. പാലത്തിന്റെ ഉദ്ഘാടനച്ചടങ്ങിനോട് അനുബന്ധിച്ച് മൂന്ന് കെഎസ്ആർടിസി ബസുകളുടെ ഫ്ലാഗ് ഓഫ് കർമ്മം നടത്തിയിരുന്നെങ്കിലും ഇതുവരെ ബസുകൾ സർവീസ് ആരംഭിച്ചിരുന്നില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

