തെലങ്കാനയിലെ മേഡക് ജില്ലയിൽ അന്ധവിശ്വാസത്തിൻ്റെ പേരിൽ അമ്മയെ സ്വന്തം മകൻ കൊലപ്പെടുത്തി. ഗ്രാമത്തിലുണ്ടായ ചില മരണങ്ങൾക്ക് കാരണം അമ്മയാണെന്നും ദുർമന്ത്രവാദം നടത്തുന്നുവെന്നും ആരോപിച്ചാണ് 21-കാരൻ 40-കാരിയായ അമ്മയെ ജീവനോടെ തീകൊളുത്തി കൊലപ്പെടുത്തിയത്.
ഓട്ടോറിക്ഷാ ഡ്രൈവറായ ദുർഗേഷ് ആണ് ക്രൂരകൃത്യം നടത്തിയത്. തൻ്റെ ഓട്ടോറിക്ഷയിൽ നിന്ന് ഡീസൽ ശേഖരിച്ച് അമ്മയുടെ ശരീരത്തിൽ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ സായമ്മ സംഭവസ്ഥലത്തുതന്നെ അന്ത്യശ്വാസം വലിച്ചു. ഹൈദരാബാദിൽ ജോലിലുണ്ടായിരുന്ന ദുർഗേഷ് 10 ദിവസം മുമ്പാണ് ഗ്രാമത്തിൽ തിരിച്ചെത്തിയത്.
ലഹരിക്ക് അടിമയായ ഇയാൾ മദ്യലഹരിയിലാണ് ഈ ക്രൂരതയ്ക്ക് മുതിർന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു.
തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ജോഗിപേട്ടിലെ ഗവൺമെന്റ് ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു. എന്നാൽ, സായമ്മ ദുർമന്ത്രവാദം നടത്തിയിരുന്നതായി ഗ്രാമവാസികളാരും മൊഴി നൽകിയിട്ടില്ലെന്നും ഇതിന് യാതൊരുവിധ തെളിവുകളുമില്ലെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
സംഭവത്തിൽ പ്രതിയായ മകനെ പൊലീസ് കസ്റ്റഡിയിലെടുത്ത് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

