കൊല്ലം ജില്ലയിലൂടെ കടന്നുപോകുന്ന ദേശീയപാതയുടെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതിനിടയിൽ യാത്രാസുരക്ഷ മുൻനിർത്തിയുള്ള ആധുനിക സംവിധാനങ്ങളുടെ ഒരുക്കങ്ങളും ആരംഭിച്ചു. ഇതിന്റെ ഭാഗമായി കാവനാട്–കടമ്പാട്ടുകോണം റീച്ചിലാണ് ആദ്യഘട്ടത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ നിലവിൽ വന്നിട്ടുള്ളത്.
പാതയുടെ നിർമാണം പൂർത്തിയായി ഔദ്യോഗികമായി തുറന്നുകൊടുക്കുന്നതോടെ ഈ സംവിധാനങ്ങൾ പൂർണതോതിൽ പ്രവർത്തനക്ഷമമാകും. അടിയന്തര സാഹചര്യങ്ങളിൽ രക്ഷാപ്രവർത്തനം വേഗത്തിലാക്കുകയാണ് ലക്ഷ്യം.
ഇതിനായി 1033 എന്ന ടോൾ ഫ്രീ നമ്പറിലൂടെ ദേശീയപാതയിലെ സഹായങ്ങൾ തേടാം. അപകട
സ്ഥലത്ത് മിനിറ്റുകൾക്കകം എത്തിച്ചേരുന്ന ഹൈവേ പെട്രോൾ സംഘമാകും പ്രഥമ ഘട്ട രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുക.
ഫസ്റ്റ് എയ്ഡ് കിറ്റുകൾ, സ്ട്രെച്ചറുകൾ, അഗ്നിശമന ഉപകരണങ്ങൾ, ഗ്യാസ് കട്ടറുകൾ തുടങ്ങിയ സജ്ജീകരണങ്ങൾ പെട്രോളിങ് വാഹനങ്ങളിൽ ഒരുക്കിയിട്ടുണ്ടാകും. ദേശീയപാത അതോറിറ്റിയുടെ മാനദണ്ഡപ്രകാരം അപകടസ്ഥലങ്ങളിൽ പത്തുമിനിറ്റിനുള്ളിൽ ആംബുലൻസ് സേവനം ലഭ്യമാക്കും.
ജിപിഎസ് സംവിധാനത്താൽ ഘടിപ്പിച്ച ഈ വാഹനങ്ങളുടെ നിരീക്ഷണം വഴി സേവനങ്ങൾ ഏകോപിപ്പിക്കാൻ സാധിക്കും. കാവനാട്-കടമ്പാട്ടുകോണം റീച്ചിൽ രണ്ട് കേന്ദ്രങ്ങളിലായി 24 മണിക്കൂറും ആംബുലൻസുകൾ സേവനത്തിനായി നിലയുറപ്പിക്കും.
ഗതാഗത തടസ്സങ്ങളും തുടർ അപകടങ്ങളും ഒഴിവാക്കാൻ അത്യാധുനിക ക്രെയിനുകളും ടോവിങ് വാഹനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ നിയമലംഘനങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി 45 സർവൈലൻസ് ക്യാമറകളാണ് നിലവിൽ സ്ഥാപിച്ചിട്ടുള്ളത്.
രാത്രികാല യാത്രകൾ സുരക്ഷിതമാക്കാൻ റിഫ്ലക്ടിവ് റോഡ് മാർക്കിങ്ങുകൾ, ക്രാഷ് ബാരിയറുകൾ, മുന്നറിയിപ്പ് ബോർഡുകൾ എന്നിവയും പാതയോട് ചേർന്ന് ഒരുക്കുന്നുണ്ട്. ഈ മുഴുവൻ പ്രവർത്തനങ്ങളും ഏകോപിപ്പിക്കുന്നതിനായി ഒരു പ്രത്യേക കൺട്രോൾ റൂമും യാഥാർത്ഥ്യമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

