പൂനെയിൽ ഗണേശോത്സവത്തോടനുബന്ധിച്ച് പ്രഖ്യാപിച്ചിരുന്ന സമ്പൂർണ മദ്യനിരോധന ഉത്തരവിൽ ജില്ലാ ഭരണകൂടം തിരുത്തൽ വരുത്തി. ബോംബെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തെത്തുടർന്നാണ് 12 ദിവസത്തേക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം വെറും രണ്ട് ദിവസമാക്കി ചുരുക്കിയത്.
ഇനി മുതൽ ഉത്സവത്തിന്റെ പ്രധാനപ്പെട്ട രണ്ട് ദിവസങ്ങളിൽ മാത്രമായിരിക്കും മദ്യനിരോധനം ബാധകമാകുക.
തിങ്കളാഴ്ച മുതൽ പൂനെ ജില്ലാ കളക്ടർ 12 ദിവസത്തെ സമ്പൂർണ മദ്യനിരോധനമാണ് പ്രഖ്യാപിച്ചിരുന്നത്. ഈ ഉത്തരവിനെതിരെ ബാറുടമകളുടെ സംഘടന നൽകിയ ഹർജി പരിഗണിച്ചപ്പോഴാണ് കോടതിയുടെ നിർണായക ഇടപെടലുണ്ടായത്.
ചീഫ് ജസ്റ്റിസ് മഹേഷ് ചന്ദ്ര ത്രിപാഠി, ജസ്റ്റിസ് അദ്വൈത് സേത്ന എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്. വ്യക്തമായ യുക്തിയില്ലാത്ത ഇത്തരം നിരോധനങ്ങൾ ഒഴിവാക്കണമെന്നും മദ്യം കഴിക്കുന്ന എല്ലാവരും ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
സ്ഥിരമായി മദ്യം ഉപയോഗിക്കുന്നവർക്ക് പെട്ടെന്ന് അത് ലഭിക്കാതെ വരുന്നത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കുമെന്നും, ഇത് ആശുപത്രികളിൽ തിരക്ക് വർദ്ധിപ്പിക്കാൻ കാരണമാകുമെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി. ഉത്സവവേളകളിൽ ആളുകളുടെ ആവേശപ്രകടനങ്ങളെ ക്രമസമാധാന പ്രശ്നങ്ങളായി വ്യാഖ്യാനിക്കാനാകില്ലെന്നും ഇതൊരു ആഘോഷമാണെന്നും ജനങ്ങളെ അതിന് അനുവദിക്കണമെന്നും കോടതി വ്യക്തമാക്കി.
സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലില്ലാത്ത നിയന്ത്രണങ്ങൾ പൂനെയിൽ മാത്രം നടപ്പിലാക്കുന്നതിനെയും ബെഞ്ച് ചോദ്യം ചെയ്തു. ഹൈക്കോടതിയുടെ ഭാഗത്തുനിന്നും കടുത്ത വിമർശനങ്ങളുണ്ടായതിന് പിന്നാലെയാണ് പൂനെ ജില്ലാ ഭരണകൂടം തിടുക്കത്തിൽ തീരുമാനത്തിൽ മാറ്റം വരുത്തിയത്.
സെപ്റ്റംബർ 14 മുതൽ സെപ്റ്റംബർ 26 വരെ നടപ്പിലാക്കാൻ നിശ്ചയിച്ചിരുന്ന നിരോധനമാണ് ഇപ്പോൾ രണ്ട് ദിവസമായി വെട്ടിച്ചുരുക്കിയത്. പുതുക്കിയ ഉത്തരവപ്രകാരം ഗണേശ ചതുർത്ഥി ദിനമായ സെപ്റ്റംബർ 14നും, വിഗ്രഹ നിമജ്ജന ഘോഷയാത്ര നടക്കുന്ന അവസാന ദിനമായ സെപ്റ്റംബർ 25നും മാത്രമായിരിക്കും പൂനെ ജില്ലയിൽ സമ്പൂർണ മദ്യനിരോധനം ഉണ്ടായിരിക്കുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

