ഉയർന്ന ജോലി സാധ്യതകളും മെച്ചപ്പെട്ട ജീവിതസാഹചര്യങ്ങളും പ്രതീക്ഷിച്ച് വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുന്നവർ നേരിടുന്ന കടുത്ത സാമ്പത്തിക യാഥാർത്ഥ്യങ്ങളിലേക്ക് വിരൽചൂണ്ടുന്ന സോഷ്യൽ മീഡിയ പോസ്റ്റ് തരംഗമാകുന്നു.
ഉപരിപഠനത്തിനായി കാനഡയിലേക്ക് പോയ ഒരു യുവാവിന്റെ അനുഭവമാണ് ഇതിൽ പങ്കുവെച്ചിരിക്കുന്നത്. കാനഡയിലെ ടൊറന്റോയിൽ പഠനത്തിനായി ഒരു കുടുംബം തങ്ങളുടെ 15 വർഷത്തെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയായ 50 ലക്ഷം രൂപ പൂർണ്ണമായും പിൻവലിച്ച് ചെലവഴിച്ചതിനെക്കുറിച്ചാണ് പോസ്റ്റിൽ വ്യക്തമാക്കുന്നത്.
വ്യവസായിയായ ഹർഷ ഗുപ്തയാണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ വിഷയം പൊതുശ്രദ്ധയിൽ കൊണ്ടുവന്നത്. പഠനശേഷം പ്രതിവർഷം 55,000 കനേഡിയൻ ഡോളർ വരുമാനം ലഭിക്കുന്നുണ്ടെങ്കിലും ഉയർന്ന വാടകയും നികുതിയും മറ്റ് ചെലവുകളും കാരണം ഇന്ത്യയിലെ ഒരു സാധാരണ നഗരത്തിൽ ജോലി ചെയ്താൽ സമ്പാദിക്കാവുന്ന തുക പോലും ഇയാൾക്ക് മിച്ചം പിടിക്കാൻ കഴിയുന്നില്ല.
“വിദേശപഠനം ഒരു സ്വപ്നം പോലെ തോന്നും. ഉയർന്ന വീട്ടുവാടക, നികുതി, മറ്റ് ജീവിതച്ചെലവുകൾ എന്നിവ കാരണം ഡോളറിലോ കനേഡിയൻ ഡോളറിലോ സമ്പാദിച്ചാലും നാട്ടിലെ സാധാരണ ജോലിയേക്കാൾ കുറഞ്ഞ സമ്പാദ്യം മാത്രമേ കൈയിൽ മിച്ചം കാണൂ” ഹർഷ ഗുപ്ത തൻ്റെ ഇൻസ്റ്റാഗ്രാം കുറിപ്പിൽ വ്യക്തമാക്കി.
“എന്റെ ഒരു സുഹൃത്തിന്റെ കുടുംബം കാനഡയിലെ എം.എസ് (MS) പഠനത്തിനായി 15 വർഷത്തെ ഫിക്സഡ് ഡെപ്പോസിറ്റ് തുകയായ 50 ലക്ഷം രൂപ പിൻവലിച്ചു. ആ പണം മുഴുവൻ തീർന്നു” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഉയർന്ന നികുതി, വീട്ടുവാടക, കഠിനമായ തണുപ്പുകാലത്തെ അധിക ചെലവുകൾ എന്നിവയാണ് പലപ്പോഴും വിദേശത്തുള്ളവരുടെ സമ്പാദ്യത്തെ പ്രതികൂലമായി ബാധിക്കുന്നത്. പോസ്റ്റ് വൈറലായതോടെ വലിയ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്.
“ഇത്തരം മണ്ടൻ തീരുമാനങ്ങൾ എടുക്കുന്നവരോട് എനിക്ക് യാതൊരു സഹതാപവുമില്ല” എന്ന് ഒരാൾ കമന്റ് ചെയ്തപ്പോൾ, “വിദേശത്ത് പോകുന്നത് തികച്ചും അർത്ഥശൂന്യമായ കാര്യമാണ്” എന്നാണ് മറ്റൊരാൾ കുറിച്ചത്. എന്നാൽ, തുടക്കത്തിലെ പ്രയാസങ്ങൾ മാറി പിന്നീട് ജീവിതം മെച്ചപ്പെടുമെന്ന നിരീക്ഷണവും ചിലർ പങ്കുവെക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

