പുതിയ തലമുറ സ്മാർട്ട്ഫോണായ ഗൂഗിൾ പിക്സൽ 11 (Google Pixel 11) ശ്രേണി പുറത്തിറക്കാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, ആകർഷകമായ ഓഫറുകളുമായി സാങ്കേതിക ഭീമനായ ഗൂഗിൾ രംഗത്ത്. ഫോൺ വാങ്ങാൻ താൽപ്പര്യമുള്ള തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് 200 ഡോളർ വരെ വിലക്കിഴിവ് ലഭിക്കുന്ന കൂപ്പൺ കോഡുകൾ കമ്പനി ഇമെയിൽ വഴി അയച്ചുതുടങ്ങി.
പ്രീ-ഓർഡർ ചെയ്യുമ്പോൾ ഉപയോഗിക്കാവുന്ന 100 മുതൽ 200 ഡോളർ വരെയുള്ള കൂപ്പൺ കോഡുകളാണ് ചില ഉപയോക്താക്കൾക്ക് ലഭിച്ചിരിക്കുന്നത്. റെഡ്ഡിറ്റ് പോസ്റ്റുകൾ പ്രകാരം അമേരിക്ക, യുകെ, കാനഡ എന്നിവിടങ്ങളിലെ മുൻകാല പിക്സൽ ഉപയോക്താക്കൾക്കാണ് നിലവിൽ ഈ ഇമെയിലുകൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
എന്നാൽ കിഴിവ് തുകയിൽ വ്യത്യാസമുണ്ട്. ചിലർക്ക് 200 ഡോളറിന്റെ കൂപ്പൺ ലഭിച്ചപ്പോൾ മറ്റുചിലർക്ക് 100 ഡോളറോ അതിൽ താഴെയോ ആണ് ലഭിച്ചിട്ടുള്ളത്.
യൂറോപ്യൻ ഉപയോക്താക്കൾക്ക് 20 യൂറോയുടെ ഡിസ്കൗണ്ട് കോഡുകൾ ലഭിച്ചതായും റിപ്പോർട്ടുകളുണ്ട്. എങ്കിലും 150 ഡോളറാണ് ഏറ്റവും സാധാരണയായി കണ്ടുവരുന്ന കിഴിവ്.
ഏതടിസ്ഥാനത്തിലാണ് ഗൂഗിൾ ഉപയോക്താക്കൾക്കുള്ള കിഴിവ് തുക നിശ്ചയിക്കുന്നതെന്ന് വ്യക്തമല്ല. എങ്കിലും 200 ഡോളർ കൂപ്പൺ ലഭിച്ചവരിൽ പലരും പിക്സൽ 7 അല്ലെങ്കിൽ അതിലും പഴയ ഡിവൈസുകൾ ഉപയോഗിക്കുന്നവരാണെന്നത് ശ്രദ്ധേയമാണ്.
പിക്സൽ 11 ലോഞ്ച് ഇവന്റ് ഇമെയിലുകൾക്കായി സൈൻ അപ്പ് ചെയ്തവർക്ക് മാത്രമായിട്ടല്ല ഗൂഗിൾ ഈ മെയിലുകൾ അയച്ചിരിക്കുന്നത്. പുതിയ പിക്സൽ ഉപകരണങ്ങൾ പുറത്തിറക്കുന്നതിന് മുൻപ് ഗൂഗിൾ ഇത്തരത്തിൽ ഡിസ്കൗണ്ട് കോഡുകൾ നൽകുന്നത് ഇതാദ്യമല്ല.
കഴിഞ്ഞ ഫെബ്രുവരിയിൽ പിക്സൽ 10എ ലോഞ്ചിന് മുന്നോടിയായും കമ്പനി തിരഞ്ഞെടുത്ത ഉപയോക്താക്കൾക്ക് 100 ഡോളറിന്റെ ഡിസ്കൗണ്ട് കോഡ് അയച്ചിരുന്നു. ഈ ഡിസ്കൗണ്ട് കോഡുകൾ അവ ലഭിച്ച അക്കൗണ്ടുമായി ബന്ധപ്പെട്ടിരിക്കുന്നു.
അതിനാൽ നിങ്ങൾക്ക് പിക്സൽ 11 വാങ്ങാൻ പദ്ധിയില്ലെങ്കിൽ ഈ കോഡുകൾ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ കൈമാറാൻ സാധിക്കില്ല. നിങ്ങൾക്ക് ഇതുവരെ ഇമെയിൽ ലഭിച്ചിട്ടില്ലെങ്കിൽ ആശങ്കപ്പെടേണ്ടതില്ല.
പിക്സൽ 11 ലോഞ്ച് ഇവന്റിന് ഇനിയും സമയമുള്ളതിനാൽ പ്രീ-ഓർഡറുകൾ ആരംഭിക്കുന്നതിന് മുൻപ് കമ്പനി കൂടുതൽ ഡിസ്കൗണ്ട് കോഡുകൾ അയച്ചേക്കാം. ലോഞ്ച് ഇവന്റ് അവസാനിച്ചാലുടൻ തന്നെ പിക്സൽ 11-ന്റെ പ്രീ-ഓർഡറുകൾ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ കൂപ്പൺ കോഡുകളും ആകർഷകമായ എക്സ്ചേഞ്ച് ഓഫറുകളും ചേരുമ്പോൾ പിക്സൽ 11 ഉപയോക്താക്കൾക്ക് മികച്ചൊരു തെരഞ്ഞെടുപ്പായി മാറും. മറ്റ് പ്രീ-ഓർഡർ ഓഫറുകളുമായി കൂപ്പൺ കോഡ് ഒരുമിച്ച് ഉപയോഗിക്കാൻ കമ്പനി അനുവദിക്കുകയാണെങ്കിൽ ഇത് കൂടുതൽ പ്രയോജനപ്പെടും.
പിക്സൽ 11-ന് ഉയർന്ന വിലയുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്ക് ആശ്വാസം നൽകാൻ ഈ കിഴിവുകൾ സഹായിക്കും. റാം, സ്റ്റോറേജ് വിലകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഗൂഗിൾ പിക്സൽ 11-ന്റെ വിലയും 100 ഡോളർ വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്.
150 മുതൽ 200 ഡോളർ വരെ കൂപ്പൺ ലഭിക്കുന്ന ഭാഗ്യവാന്മാരായ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഈ വില വർദ്ധനവിനെ മറികടക്കാൻ ഈ കിഴിവ് പര്യാപ്തമാകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

