വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, ബാധിക്കപ്പെട്ടവർക്ക് നിർമ്മാണ കമ്പനി അടിയന്തര നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി ടി സിദ്ദിഖ് അറിയിച്ചു. അപകടത്തിൽ മരണപ്പെട്ട
കമ്പനി ജീവനക്കാരായ ഏഴ് പേരുടെ ആശ്രിതർക്ക് 6 ലക്ഷം രൂപ വീതം സഹായധനം ലഭ്യമാക്കും. കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തിരുന്ന അൽമോന്റെ കുടുംബത്തിന് 5 ലക്ഷം രൂപയും നൽകും.
പരിക്കേറ്റ ഒൻപത് പേരിൽ ആറുപേർക്ക് രണ്ടര ലക്ഷം രൂപ വീതം അടിയന്തര സഹായമായി നൽകുമെന്ന് കമ്പനി ഉറപ്പ് നൽകിയതായി മന്ത്രി വ്യക്തമാക്കി. ഇതിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന മറ്റ് മൂന്ന് പേർക്ക് ഇതിലും ഉയർന്ന തുക ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ണിടിച്ചിലിനെ തുടർന്ന് പ്രദേശത്ത് അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാൻ ദിലീപ് ബിൽ കോൺ കമ്പനിക്ക് കർശന നിർദ്ദേശം നൽകി. പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്ത രീതിയിൽ സ്കൂൾ വാഹനങ്ങൾ ഉൾപ്പെടെയുള്ള അടിയന്തര സേവനങ്ങൾക്കായി മീനാക്ഷി പാലത്തിലൂടെ ഗതാഗതം അനുവദിക്കും.
പാലത്തിന്റെ ബലക്ഷയം സംബന്ധിച്ച് ശാസ്ത്രീയമായ പരിശോധന നടത്താൻ പൊതുമരാമത്ത് വകുപ്പിനെ (PWD) ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ദുരന്തത്തിൽ കാണാതായ അവസാനത്തെ ആളുടെ മൃതദേഹവും ഇന്ന് കണ്ടെത്തി.
കൺസ്ട്രക്ഷൻ മാനേജരായ വിക്രം റാണയുടെ മൃതദേഹമാണ് മീനാക്ഷി പാലത്തിന് 100 മീറ്റർ അകലെ, ഒലിച്ചുവന്ന ഇരുമ്പ് പൈപ്പുകൾക്കിടയിൽ നിന്ന് കണ്ടെടുത്തത്. ഫയർഫോഴ്സും എൻഡിആർഎഫ് സംഘവും സന്നദ്ധ പ്രവർത്തകരും ചേർന്ന് ആറാം ദിവസം നടത്തിയ തിരച്ചിലിലാണ് മൃതദേഹം ലഭിച്ചത്.
ഇതോടെ ഈ ദുരന്തത്തിൽ മരണപ്പെട്ടവരുടെ എണ്ണം എട്ടായി. പോസ്റ്റുമോർട്ടം ഉൾപ്പെടെയുള്ള നടപടികൾക്ക് ശേഷം മൃതദേഹം അദ്ദേഹത്തിന്റെ ജന്മനാടായ ഹിമാചൽ പ്രദേശിലേക്ക് കൊണ്ടുപോകും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

