മീനാക്ഷിയിൽ മലവെള്ളപ്പാച്ചിലിനൊപ്പം എത്തിയ ഭീമൻ മൺകൂന തകർത്തുകളഞ്ഞത് അഷ്റഫ് എന്ന പ്രവാസിയുടെ ദശാബ്ദങ്ങൾ നീണ്ട അധ്വാനത്തിന്റെ ഫലമാണ്.
35 വർഷത്തെ വിദേശ ജീവിതത്തിന് ശേഷം നാട്ടിൽ മടങ്ങിയെത്തി കൃഷി ചെയ്തു ജീവിക്കാൻ തീരുമാനിച്ച പുളിക്കലകത്ത് അമ്മാറമ്പത്ത് അഷ്റഫിന്റെ വീടാണ് മണ്ണിടിച്ചിലിൽ വാസയോഗ്യമല്ലാതായി മാറിയത്. ഉംറ നിർവഹണത്തിനായി കഴിഞ്ഞ 6-ാം തീയതി രാത്രി കുടുംബത്തോടൊപ്പം യാത്രതിരിച്ചതായിരുന്നു അഷ്റഫ്.
തൊട്ടടുത്ത ദിവസം രാവിലെ പതിനൊന്നരയോടെയാണ് തന്റെ വീട് മണ്ണിനടിയിലായ വിവരം ഇദ്ദേഹം അറിയുന്നത്. വിദേശത്തേക്കുള്ള യാത്രയ്ക്കിടെ കൈവശം കരുതിയ പാസ്പോർട്ടും വസ്ത്രങ്ങളും മാത്രമാണ് ഇപ്പോൾ അഷ്റഫിന്റെ കൈവശമുള്ളത്.
ദുരന്തം നടന്ന സമയത്ത് അഷ്റഫിന്റെ മകൾ അർഷിദ, ഭർത്താവ് സഹദ്, ഇവരുടെ മകൻ എന്നിവർ വീട്ടിലുണ്ടായിരുന്നു. മണ്ണിടിഞ്ഞു വീഴുന്നത് ശ്രദ്ധയിൽപ്പെട്ട
ഉടൻ തന്നെ ഇവർ അടുക്കള വഴി പുറത്തിറങ്ങി ഓടിയതുകൊണ്ട് മാത്രമാണ് വൻ ദുരന്തം ഒഴിവായത്. നിമിഷങ്ങൾക്കുള്ളിൽ വീടിന്റെ പകുതിയിലേറെ ഭാഗവും ചെളിയും മണ്ണും മൂടി.
തിരച്ചിൽ നടപടികൾ പൂർത്തിയാക്കിയ ശേഷം മാത്രമേ വീടിനുള്ളിലേക്ക് പ്രവേശിക്കാൻ സാധിക്കൂ എന്നാണ് ഉദ്യോഗസ്ഥർ നൽകിയിരിക്കുന്ന നിർദേശം. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെ ബുധനാഴ്ച നാശനഷ്ടങ്ങൾ കുറഞ്ഞ ചില സാധനങ്ങൾ മാത്രമാണ് പുറത്തെടുക്കാൻ സാധിച്ചത്.
20-ാം തീയതി മടങ്ങിയെത്തുമ്പോൾ എങ്ങോട്ട് പോകണമെന്ന ആശങ്കയിലാണ് അഷ്റഫും കുടുംബവും. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള അടിയന്തര സഹായമാണ് ഇവർ പ്രതീക്ഷിക്കുന്നത്.
മറ്റൊരു ദുരന്തവാർത്തയിൽ, കള്ളാടി മണ്ണിടിച്ചിലിൽ ജീവൻ നഷ്ടപ്പെട്ട ഇമ്രാന്റെ മൃതദേഹം ഇന്നലെ വൈകിട്ടോടെ ബിഹാറിലെ സാരൻ ജില്ലയിലുള്ള സ്വഗൃഹത്തിലെത്തിച്ചു.
ഭാര്യ ശബ്നം ഏറെ വേദനയോടെ മൃതദേഹം ഏറ്റുവാങ്ങി. കഴിഞ്ഞ 8-ാം തീയതി ആയിരുന്നു ഇമ്രാന്റെ മകൾ ആസിഫയുടെ ഒന്നാം ജന്മദിനം.
പിതാവിന്റെ വിയോഗമറിയാതെ അമ്മയുടെ മടിത്തട്ടിലിരിക്കുന്ന കുരുന്നു ബാലിക നാട്ടുകാർക്ക് നൊമ്പരമായി. തുരങ്കപ്പാത നിർമാണ കമ്പനിയായ ദിലീപ് ബിൽഡ്കോൺ ലിമിറ്റഡിൽ ഹൈഡ്രോളിക് എസ്കവേറ്റർ ഡ്രൈവറായി ജോലിയിൽ പ്രവേശിച്ച് അഞ്ച് മാസം തികയുന്നതിനിടെയാണ് ഇമ്രാൻ മരണത്തിന് കീഴടങ്ങിയത്.
സഹോദരങ്ങളായ തഹറുന്നിസ, അർഷാദ് അലി, എം.ഡി.സാഹിബ് എന്നിവർ ചേർന്നാണ് കേരളത്തിൽ നിന്ന് മൃതദേഹം നാട്ടിലെത്തിച്ചത്. സർക്കാരും തൊഴിലുടമയായ ദിലീപ് ബിൽഡ്കോണും തങ്ങളെ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് ഇമ്രാന്റെ കുടുംബം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

