പ്രമുഖ വ്യവസായിയും എൻജിനീയറുമായ ജി. ഡി.
നായിഡുവിന്റെ ജീവിതകഥ ആസ്പദമാക്കി ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നു. ദേശീയ പുരസ്കാര ജേതാവായ താരം ആർ.
മാധവൻ നായകനാകുന്ന ഈ ചിത്രം ഓഗസ്റ്റ് 7നാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് സിനിമാപ്രേമികൾക്കായി ആകർഷകമായ സമ്മാനപദ്ധതിയാണ് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരിക്കുന്നത്.
സിനിമയുടെ പ്രചാരണാർത്ഥം പുറത്തിറക്കിയിട്ടുള്ള ക്യൂആർ കോഡ് സ്കാൻ ചെയ്ത് ട്രെയിലർ കാണുകയും അത് മറ്റ് പ്ലാറ്റ്ഫോമുകളിലേക്ക് ഷെയർ ചെയ്യുകയും ചെയ്യുന്നവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കുന്നത്. മത്സരത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ നേടുന്ന വ്യക്തിക്ക് ഒന്നാം സമ്മാനമായി 10 ഗ്രാം സ്വർണ്ണനാണയം സ്വന്തമാക്കാം.
രണ്ട് മുതൽ പത്ത് വരെ സ്ഥാനങ്ങൾ നേടുന്ന വിജയികൾക്ക് 2 ഗ്രാം വീതം സ്വർണ്ണവും സമ്മാനമായി ലഭിക്കും. നിർമ്മാതാക്കളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ ഈ ക്യൂആർ കോഡ് ലഭ്യമാക്കിയിട്ടുണ്ട്.
ഓഗസ്റ്റ് 6 വരെയാണ് മത്സരം സംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയുടെ ആദ്യത്തെ ഇലക്ട്രിക് മോട്ടോർ നിർമ്മിച്ച വ്യക്തിയും, തങ്ങളുടെ അസാധാരണമായ കണ്ടുപിടിത്തങ്ങളിലൂടെ കോയമ്പത്തൂരിനെ വ്യവസായ നഗരമാക്കി മാറ്റിയ പ്രമുഖനുമാണ് ഗോപാലസ്വാമി ദൊരൈസ്വാമി നായിഡു.
സ്വാതന്ത്ര്യത്തിന് മുൻപുള്ള കാലഘട്ടത്തിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ജീവചരിത്ര ചിത്രം അദ്ദേഹത്തിന്റെ ശാസ്ത്രലോകത്തേക്കുള്ള യാത്രയും ഒപ്പം സംരംഭക ജീവിതത്തിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളുമാണ് ചർച്ച ചെയ്യുന്നത്. ജനങ്ങൾക്ക് ഉപകാരപ്രദവും ചെലവുകുറഞ്ഞതുമായ സാങ്കേതികവിദ്യകൾ വികസിപ്പിച്ചെടുത്ത അദ്ദേഹത്തെ ‘ഇന്ത്യയുടെ എഡിസൺ’ എന്നാണ് ചരിത്രം വിശേഷിപ്പിക്കുന്നത്.
ആർ. മാധവന് പുറമെ ദക്ഷിണേന്ത്യയിലെ പ്രമുഖരായ വൻതാരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
സത്യരാജ്, പ്രിയാമണി, ജയറാം, ദുഷാര വിജയൻ തുടങ്ങിയവർ ചിത്രത്തിൽ നിർണ്ണായക വേഷങ്ങളിൽ എത്തുന്നു. കൃഷ്ണകുമാർ രാമകുമാറും ആർ.
മാധവനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കൃഷ്ണകുമാർ രാമകുമാർ ആണ്. 2022-ലെ മികച്ച ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ അണിയറപ്രവർത്തകർ വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്.
നമ്പി നാരായണന്റെ ജീവിതം പറഞ്ഞ ‘റോക്കട്രി: ദി നമ്പി ഇഫക്ട്’ എന്ന ചിത്രത്തിന് ശേഷം മാധവൻ വീണ്ടുമൊരു സയന്റിഫിക് ബയോഗ്രഫി ചിത്രവുമായി എത്തുന്നു എന്നതും ശ്രദ്ധേയമാണ്. ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും ഗാനങ്ങളും ഒരുക്കിയിരിക്കുന്നത് പ്രശസ്ത സംഗീതസംവിധായകൻ ഗോവിന്ദ് വസന്തയാണ്.
അരവിന്ദ് കമലനാഥൻ ഛായാഗ്രഹണവും ബിജിത്ത് ബാല ചിത്രസംയോജനവും നിർവ്വഹിക്കുന്നു. വർഗീസ് മൂലൻ പിക്ചേഴ്സിന്റെ ബാനറിൽ വർഗീസ് മൂലൻ, ആർ.
മാധവനും ഭാര്യ സരിതയും ചേർന്നുളള ട്രൈ കളർ ഫിലിംസ് എന്നിവർ ചേർന്നാണ് നിർമ്മാണം. ഉർവശി തിയേറ്റേർസ് കേരളത്തിൽ ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നു.
പി.ആർ.ഒ: ഐശ്വര്യ രാജ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

