കുവൈത്ത് സിറ്റി: രാജ്യത്തിന്റെ സുരക്ഷ തകർക്കാനും ഭീകരവാദ സംഘടനകൾക്ക് ഫണ്ട് എത്തിക്കാനും ലക്ഷ്യമിട്ടുള്ള വിപുലമായ ഗൂഢാലോചന കുവൈത്ത് ആഭ്യന്തര മന്ത്രാലയം തകർത്തു. സ്റ്റേറ്റ് സെക്യൂരിറ്റി സർവീസ് നടത്തിയ മിന്നൽ പരിശോധനയിൽ കുവൈത്ത് പൗരന്മാരായ 24 പേർ ഉൾപ്പെട്ട
രഹസ്യ സെല്ലിനെയാണ് പിടികൂടിയത്. പിടിയിലായവരിൽ അടുത്തിടെ പൗരത്വം റദ്ദാക്കപ്പെട്ട
ഒരു വ്യക്തിയും ഉൾപ്പെടുന്നുണ്ടെന്ന് മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. മതപരവും ജീവകാരുണ്യപരവുമായ പ്രവർത്തനങ്ങൾക്കെന്ന വ്യാജേന ജനങ്ങളിൽ നിന്ന് പണം പിരിച്ചാണ് ഈ സംഘം ഫണ്ട് സമാഹരിച്ചിരുന്നത്.
ഇത്തരത്തിൽ ശേഖരിക്കുന്ന പണം വിദേശത്തുനിന്നുള്ള നിർദ്ദേശങ്ങൾക്കനുസരിച്ച് നിയമവിരുദ്ധമായി വെളുപ്പിക്കാനും പിന്നീട് ഭീകരവാദ പ്രവർത്തനങ്ങൾക്കായി വിദേശത്തേക്ക് കടത്താനുമായിരുന്നു ഇവരുടെ പദ്ധതിയെന്ന് അന്വേഷണത്തിൽ വ്യക്തമായി. പരിശോധനയ്ക്കിടെ ഇവരിൽ നിന്ന് വൻതോതിൽ പണവും മറ്റ് ആസ്തികളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
ഈ സംഘവുമായി അടുത്ത ബന്ധമുള്ള എട്ട് കുവൈത്ത് പൗരന്മാർ കൂടി നിലവിൽ ഒളിവിലാണെന്ന് അധികൃതർ അറിയിച്ചു. ഇതിൽ ഒരാൾ പൗരത്വം റദ്ദാക്കപ്പെട്ട വ്യക്തിയാണ്.
ഇവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന ഇത്തരം നീക്കങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്നും വിദേശ ശക്തികളുടെ സഹായത്തോടെ പ്രവർത്തിക്കുന്ന ഇത്തരം സംഘങ്ങളെ പൂർണ്ണമായും ഉന്മൂലനം ചെയ്യുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
പിടിയിലായ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യലിനായി ബന്ധപ്പെട്ട വിഭാഗങ്ങൾക്ക് കൈമാറി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

