ഇന്ത്യയുടെ റഷ്യൻ ക്രൂഡ്ഓയിൽ ഇറക്കുമതി തുടർച്ചയായ രണ്ടാം മാസവും എക്കാലത്തെയും ഉയർന്ന റെക്കോർഡ് നിലവാരത്തിലെത്തി. ലഭ്യമായ ഔദ്യോഗിക കണക്കുകൾ പ്രകാരം ജൂലൈയിൽ ഇന്ത്യൻ വ്യാപാരികൾ 5.5 ബില്യൻ യൂറോയുടെ റഷ്യൻ ക്രൂഡ് ഓയിലാണ് രാജ്യത്തേക്ക് ഇറക്കുമതി ചെയ്തത്.
മുൻ മാസം അതായത് ജൂണിൽ രേഖപ്പെടുത്തിയതിനേക്കാൾ 2.1 ശതമാനത്തിന്റെ വർദ്ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മാസം ഇന്ത്യ റഷ്യയിൽ നിന്നും കരസ്ഥമാക്കിയ ആകെ ഫോസിൽ ഇന്ധനങ്ങളുടെ 87 ശതമാനവും ക്രൂഡ്ഓയിൽ മാത്രമാണ്.
ഇതിനു മുൻപ് ജൂണിൽ 4.5 ബില്യൻ യൂറോയുടെ റഷ്യൻ ക്രൂഡ്ഓയിൽ മാത്രമാണ് ഇന്ത്യ വാങ്ങിയിരുന്നത്. 2022-ൽ ആരംഭിച്ച റഷ്യ- യുക്രെയ്ൻ സംഘർഷത്തെ തുടർന്ന് പാശ്ചാത്യ രാജ്യങ്ങളുടെ കടുത്ത ഉപരോധങ്ങളും യൂറോപ്യൻ ഉപയോക്താക്കൾ വിപണിയിൽ നിന്നും പിന്മാറിയതും റഷ്യൻ എണ്ണയുടെ വിപണിയെ ബാധിച്ചിരുന്നു.
തുടർന്ന് ഏഷ്യൻ റിഫൈനറികൾക്ക് റഷ്യ വൻവിലക്കിഴിവ് വാഗ്ദാനം ചെയ്തതോടെയാണ് ഇന്ത്യയുടെ ഇറക്കുമതി കുത്തനെ ഉയരാൻ കാരണമായത്. കണക്കുകൾ പരിശോധിച്ചാൽ, 2021-ൽ ഇന്ത്യയുടെ മൊത്തം എണ്ണ ഇറക്കുമതിയുടെ വെറും 2.5% മാത്രമായിരുന്ന റഷ്യൻ എണ്ണ, 2023 ആയപ്പോഴേക്കും 39 ശതമാനമായി ഉയർന്നിരുന്നു.
നിലവിലിത് 55.5 ശതമാനമായാണ് വർദ്ധിച്ചിരിക്കുന്നത്. കഴിഞ്ഞമാസം പ്രതിദിനം 2.8 ദശലക്ഷം ബാരൽ എന്ന റെക്കോർഡ് അളവിലാണ് ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യപ്പെട്ടത്.
ചൈന കഴിഞ്ഞാൽ ലോകത്ത് റഷ്യയിൽ നിന്നും ഏറ്റവും അധികം ക്രൂഡ് ഓയിൽ വാങ്ങുന്ന പ്രമുഖ രാജ്യം ഇന്ത്യയാണ്. ജൂലൈ മാസത്തിൽ റഷ്യൻ ക്രൂഡ് ഓയിലിന്റെ ശരാശരി വില ബാരലിന് 60.22 യുഎസ് ഡോളർ നിലവാരത്തിലായിരുന്നു ക്രമീകരിച്ചിരുന്നത്.
അതേസമയം, റഷ്യയിൽ നിന്നും ഇറക്കുമതി ചെയ്യുന്ന ക്രൂഡ് ഓയിൽ സംസ്കരിക്കുന്ന ഇന്ത്യയിലെ പ്രമുഖ റിഫൈനറികൾ, റഷ്യയ്ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലേക്ക് ശുദ്ധീകരിച്ച പെട്രോളിയം ഉൽപന്നങ്ങൾ കയറ്റി അയയ്ക്കുന്നതിൽ പ്രധാന പങ്കുവേവിക്കുന്നുണ്ട്. റഷ്യയിൽ നിന്ന് ക്രൂഡ്ഓയിൽ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളുടെമേൽ 100% തീരുവ ചുമത്താൻ രാജ്യത്തെ പ്രസിഡന്റിന് പ്രത്യേക അധികാരം നൽകുന്ന പുതിയ നിയമനിർമാണം യുഎസ് സെനറ്റ് അടുത്തിടെ പാസാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

